റാസൽഖൈമ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ യു.എ.ഇ മേഖലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് ‘ജെൻസോ 2026’ ഡിസംബർ 2-ന് അലൈൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി സിംഹാസന കത്തീഡ്രലിൽ നടക്കും. കുടുംബബന്ധങ്ങൾ ദൃഢമാക്കുന്നതിനും വിശ്വാസികൾ തമ്മിലുള്ള കൂട്ടായ്മയും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായി സംഘടിപ്പിക്കുന്ന സംഗമത്തിൽ മേഖലയിലെ വിവിധ ദൈവാലയങ്ങളിൽനിന്നായി ആയിരത്തിലധികം വിശ്വാസികൾ പങ്കെടുക്കും.
കോൺഫറൻസിന്റെ ഔദ്യോഗിക ലോഗോപ്രകാശനം കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറം നിർവഹിച്ചു. എലൈറ്റ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഹരികുമാറിന് ലോഗോ കൈമാറിക്കൊണ്ടായിരുന്നു പ്രകാശനച്ചടങ്ങ് നടന്നത്. യു.എ.ഇ പാത്രിയാർക്കൽ വികാരിയും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മോർ യൗസേബിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സോണൽ വൈസ് പ്രസിഡന്റ് ഫാ. ബിനു അമ്പാട്ട്, ഫാ. ബേസിൽ ബേബി, സോണൽ സെക്രട്ടറി സന്ദീപ് ജോർജ്, സഭാ മാനേജിങ് കമ്മിറ്റി അംഗം സണ്ണി എം. ജോൺ, എസ്.ഒ.സി.വൈ.എ ഭാരവാഹികളായ ഷെറിൻ കെ. എൽദോ, ബേസിൽ വർഗീസ്, ബിജു രാജു, ഇടവക ഭാരവാഹികളായ സന്തോഷ് അലക്സാണ്ടർ, അനൂപ് കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു.
കുടുംബങ്ങളുടെ ആത്മീയ വളർച്ചയ്ക്കും പരസ്പരസൗഹൃദം ശക്തിപ്പെടുത്തുന്നതിനും വിശ്വാസികൾക്കിടയിൽ കൂട്ടായ്മയുടെ പുതിയ വേദിയൊരുക്കുന്നതിനുമാണ് കോൺഫറൻസിലൂടെ ലക്ഷ്യമിടുന്നത്.
കോൺഫറൻസിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ നടത്തിവരുന്നത്. യു.എ.ഇ മേഖലയിലെ വിവിധ ദൈവാലയങ്ങളിൽനിന്നായി ആയിരത്തിലധികം വിശ്വാസികൾ കോൺഫറൻസിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.



