മഞ്ഞുമ്മൽ ● സാധാരണക്കാരുടെ ജീവിതത്തിൽ വലിയ പ്രതിസന്ധികളും തകർച്ചകളും സൃഷ്ടിക്കുന്ന ഒന്നാണ് രോഗങ്ങളെന്നും, പ്രത്യേകിച്ച് അർബുദം പോലുള്ള മാരകരോഗങ്ങൾ ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോൾ രോഗികളെയും അവരുടെ കുടുംബങ്ങളെയും ചേർത്തുപിടിച്ച് ആശ്വാസവും പ്രത്യാശയും പകരേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ കാൻസർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി കാൻസർ കെയർ പദ്ധതിക്ക് തുടക്കം കുറിക്കുന്ന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
രോഗദുരിതങ്ങൾക്കിടയിൽ പ്രതീക്ഷയും ആശ്വാസവും പകരുന്ന ഈ സംരംഭം ക്രൈസ്തവ സ്നേഹത്തിന്റെയും കരുണയുടെയും ജീവിക്കുന്ന സാക്ഷ്യമായി മാറുമെന്ന് ബാവ കൂട്ടിച്ചേർത്തു.
രോഗചികിത്സയ്ക്കൊപ്പം രോഗികൾക്ക് മാനസികമായ കരുത്തും കുടുംബങ്ങൾക്ക് ആത്മവിശ്വാസവും പകരേണ്ടത് അനിവാര്യമാണ്. രോഗം ഒരാളുടെ മാത്രം വേദനയല്ല, മറിച്ച് ആ കുടുംബം മുഴുവൻ നേരിടുന്ന വെല്ലുവിളിയാണ്. അത്തരം സാഹചര്യങ്ങളിൽ സാമ്പത്തിക സഹായത്തിനപ്പുറം സ്നേഹപൂർവമായ പരിചരണവും മാനസിക പിന്തുണയും പ്രത്യാശയും നൽകാൻ സമൂഹത്തിന് കഴിയണം. ദുരിതമനുഭവിക്കുന്നവരുടെ വേദന തിരിച്ചറിയുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്യുമ്പോഴാണ് മനുഷ്യസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും യഥാർത്ഥ അർഥം ജീവിതത്തിൽ പ്രകടമാകുന്നതെന്നും ബാവ ഓർമിപ്പിച്ചു.
നൂറ്റിമുപ്പതിലധികം വർഷത്തെ സ്തുത്യർഹമായ സേവനപാരമ്പര്യമുള്ള മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഈ പദ്ധതി ആതുരസേവനരംഗത്തെ മാതൃകാപരമായ ചുവടുവയ്പ്പാണ്. ചികിത്സാസേവനങ്ങളെ സമൂഹത്തിന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിച്ച് കൂടുതൽ ആളുകളിലേക്ക് കരുതലും ആശ്വാസവും എത്തിക്കാൻ ഇത്തരം സംരംഭങ്ങൾക്ക് സാധിക്കുമെന്ന് ബാവ ചൂണ്ടിക്കാട്ടി.
രോഗംമൂലം പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും ചികിത്സയുടെ വഴിയിൽ അവർക്ക് താങ്ങും തണലുമാകാനും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. സഹജീവികളുടെ വേദനയിൽ പങ്കുചേരുന്നതും പ്രതിസന്ധികളിൽ അവർക്കൊപ്പം നിൽക്കുന്നതും കാരുണ്യത്തിന്റെ സംസ്കാരം വളർത്തുന്നതിന് അനിവാര്യമാണ്. രോഗികളുടെ ജീവിതത്തിൽ പ്രത്യാശയുടെ വെളിച്ചം പകരുകയും ആരും ഒറ്റപ്പെട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും മാതൃകയായി കമ്യൂണിറ്റി കാൻസർ കെയർ പദ്ധതി വളരട്ടെയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസിച്ചു.
മഞ്ഞുമ്മേൽ സെൻ്റ് ജോസഫ്സ് ഹോസ്പിറ്റൽ കാൻസർ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്യൂണിറ്റി കാൻസർ കെയർ പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം സ്തനാർബുദ ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനവും നടന്നു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ പ്രഭാഷണം നടത്തി. കർമലീത്ത സഭ പ്രൊവിൻഷ്യൽ ഫാ. ബെന്നി അച്ചാരുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ലാൽജു ജോർജ് പോളപ്പറമ്പിൽ, കാൻസർ വിഭാഗം മേധാവി ഡോ. തോമസ് വറുഗീസ്, സിഎംഐ പ്രൊവിൻഷ്യൽ ഫാ. പൗലോസ് കിടങ്ങൻ, ഫാ. പ്രൈസ് തൈപ്പറമ്പിൽ, മെഡിക്കൽ വിഭാഗം മേധാവി ഡോ. എം.എൻ. വെങ്കിടേശ്വരൻ എന്നിവർ പ്രസംഗിച്ചു.









