കൊളോൺ (ജർമ്മനി) ● ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ചരിത്രത്തിലും അന്ത്യോഖ്യാ–മലങ്കര സഭാബന്ധത്തിലും പുതിയ അധ്യായം കുറിച്ച് ജർമ്മനിയിലെ കൊളോണിൽ ചരിത്രപ്രഖ്യാപനം. ഇവിടെ പുതുതായി നിർമ്മിക്കുന്ന മോർ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ നാമത്തിലുള്ള സുറിയാനി ഓർത്തഡോക്സ് ദൈവാലയത്തിൽ, മലങ്കരയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ ചാത്തുരുത്തിൽ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ (പരുമല തിരുമേനി) നാമത്തിൽ വിശുദ്ധ ത്രോണോസ് സ്ഥാപിക്കും.
ഇന്ത്യയ്ക്ക് പുറത്ത്, മലങ്കര സഭാംഗങ്ങളുടെ ദൈവാലയങ്ങളിൽ അല്ലാതെ സുറിയാനിക്കാരുടെ ദൈവാലയത്തിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വിശുദ്ധന്റെ നാമത്തിൽ വിശുദ്ധ ത്രോണോസ് സ്ഥാപിക്കപ്പെടുന്നത് സുറിയാനി സഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ്.
യൂറോപ്പിലെ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ കീഴിലുള്ള യൂത്ത് അസ്സോസിയേഷൻ സംഘടിപ്പിച്ച യൂത്ത് കോൺഫറൻസിൻ്റെ സമാപന സമ്മേളനത്തിലാണ് ഈ ചരിത്രപ്രഖ്യാപനം ഉണ്ടായത്. കൊളോണിലെ സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ യൂത്ത് കോൺഫറൻസിൻ്റെ സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബ്ബാനയ്ക്ക് യൂറോപ്പ് ഭദ്രാസനാധിപനും വൈദിക സെമിനാരി റെസിഡന്റ് മെത്രാപ്പോലീത്തയും തിരുവനന്തപുരം മേഖല മെത്രാപ്പോലീത്തയുമായ
അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത മുഖൃ കാർമികത്വം വഹിച്ചു. ജർമ്മനിയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഫിലക്സിനോസ് മത്തിയാസ് നായിസ് മെത്രാപ്പോലീത്ത, അഭിവന്ദ്യ മോർ യൂലിയോസ് ഹന്ന അയ്ദിൻ മെത്രാപ്പോലീത്ത എന്നിവർ സഹ കാർമികരായിരുന്നു. സുറിയാനി ഓർത്തഡോക്സ് സഭാംഗങ്ങളും മലങ്കരയിലെ സുറിയാനി സഭാ വിശ്വാസികളും സംബന്ധിച്ചു.
വിശുദ്ധ കുർബാനമധ്യേ, കൊളോണിലുള്ള മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് കോൺഗ്രിയേഷന് സെൻ്റ് ഗ്രീഗോറിയോസ് മലങ്കര സിറിയക് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ എന്ന് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത നാമകരണം ചെയ്തു. തുടർന്ന് നടന്ന യുത്ത് കോൺഫറൻസിൻ്റെ സമാപന സമ്മേളനത്തിലെ വേദിയിലാണ് അഭിവന്ദ്യ മോർ ഫിലക്സിനോസ് മത്തിയാസ് നായിസ് മെത്രാപ്പോലീത്ത കൊളോൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് സിറിയക് ഓർത്തഡോക്സ് പള്ളി ഭാരവാഹികളുടെയും മലങ്കര സഭാവിശ്വാസികളുടെയും സാന്നിധ്യത്തിൽ മലങ്കരയുടെ മഹാ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ ത്രോണോസ് സ്ഥാപിക്കുന്നതായുള്ള പ്രഖ്യാപനം നടത്തിയത്.
അതോടൊപ്പം കൊളോണിൽ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപനവും നടന്നു. ജർമ്മനിയിലെ സുറിയാനി ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ ഫിലക്സിനോസ് മത്തിയാസ് നായിസ് മെതാപ്പോലീത്ത, അഭിവന്ദ്യ മോർ യൂലിയോസ് ഹന്ന അയ്ദിൻ മെത്രാപ്പോലീത്ത, അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത എന്നിവർ ചേർന്നാണ് കൊളോണിൽ പുതുതായി നിർമ്മിക്കുന്ന പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത്.
പരുമല തിരുമേനിയുടെ വിശുദ്ധ നാമം ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ ദേവാലയത്തിൽ വിശുദ്ധ ത്രോണോസിലൂടെ ആദരിക്കപ്പെടുന്നത് മലങ്കര സഭയ്ക്കും വിശ്വാസികൾക്കും ഏറെ അഭിമാനകരമാണ്. അന്ത്യോഖ്യാ സിംഹാസനവും മലങ്കര സഭയും തമ്മിലുള്ള ആത്മീയബന്ധത്തിന്റെ ആഴവും വിശുദ്ധരുടെ സാക്ഷ്യത്തിലൂടെ സഭകൾക്കിടയിൽ വളരുന്ന ഐക്യവും അടയാളപ്പെടുത്തുന്ന ചരിത്രനിമിഷമായാണ് ഈ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.









