കോതമംഗലം ● അക്കാദമിക മികവിനൊപ്പം മാനവികതയും കരുണയും സഹാനുഭൂതിയും വളർത്തിയെടുക്കുന്നവരാകണം വിദ്യാർഥികളെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ആഹ്വാനം ചെയ്തു. ക്യാമ്പസ് രാഷ്ട്രീയവും റാഗിങ്ങും ഇല്ലാത്ത, പരസ്പര ബഹുമാനത്തിനും മാനുഷിക മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്ന പഠനാന്തരീക്ഷമാണ് ക്യാമ്പസുകളിൽ ഉണ്ടാകേണ്ടത്. രോഗികളുടെ വേദനയും വികാരങ്ങളും തിരിച്ചറിഞ്ഞ് അവരെ കരുതലോടെ ശുശ്രൂഷിക്കാനുള്ള മനോഭാവം ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അനിവാര്യമാണെന്നും ബാവ പറഞ്ഞു. ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൽ പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഓറേലിയ 2026’ ഇൻഡക്ഷൻ സെറിമണി ഉദ്ഘാടനം നിർവഹിച്ച് പ്രസംഗം നടത്തുകയായിരുന്നു ബാവ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകൾ മനുഷ്യരാശിക്ക് വലിയ സാധ്യതകൾ തുറന്നുനൽകുമ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാമെന്ന് ബാവ മുന്നറിയിപ്പ് നൽകി. എ.ഐയുടെ ദുരുപയോഗം മനുഷ്യജീവന് വലിയ ഭീഷണിയാകാമെന്നും അതിന്റെ വിനാശകരമായ സാധ്യതകളെക്കുറിച്ച് ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബാവ അനുസ്മരിച്ചു.
റോബോട്ടുകളുടെയും യുദ്ധസാങ്കേതികവിദ്യകളുടെയും ദുരുപയോഗം സംബന്ധിച്ച വാർത്തകൾ പരാമർശിച്ച ബാവ, മനുഷ്യന്റെ നിയന്ത്രണത്തിലുള്ള സാങ്കേതികവിദ്യ പോലും തെറ്റായ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കപ്പെടുമ്പോൾ അപകടകരമായി മാറുമെന്ന് ചൂണ്ടിക്കാട്ടി. യുദ്ധരംഗത്ത് അത്യാധുനിക ആയുധങ്ങൾ വിനാശകരമായി ഉപയോഗിക്കപ്പെടുന്നത് സാങ്കേതികവിദ്യയുടെ ഇരുണ്ട വശങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. സാങ്കേതികവിദ്യയുടെ വളർച്ച മനുഷ്യജീവന്റെ മൂല്യത്തെ മറികടക്കുന്ന സാഹചര്യങ്ങൾ ഉണ്ടാകരുത്. അറിവും സാങ്കേതിക മികവും കൈവരിക്കുന്നതിനൊപ്പം അവയെ മാനവികതയ്ക്കും സമാധാനത്തിനും പ്രയോജനപ്പെടുത്താനുള്ള ഉത്തരവാദിത്വവും ഓരോരുത്തരും ഏറ്റെടുക്കണമെന്നും ബാവ പറഞ്ഞു.
അടുത്തിടെ നടന്ന മൂലത്തറയിലെ ആൾക്കൂട്ടക്കൊലയും ഫ്ലൈദുബായ് വിമാനവുമായി ബന്ധപ്പെട്ട സംഭവവും പരാമർശിച്ച ബാവ, മനുഷ്യനിലെ ക്രൂരതയും സഹാനുഭൂതിയില്ലായ്മയും സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് ഓർമിപ്പിച്ചു.
മറ്റൊരാളുടെ വേദന തിരിച്ചറിയാനും മനുഷ്യജീവനെ ആദരിക്കാനും കഴിയാത്ത മനോഭാവം സമൂഹത്തിന് വലിയ ഭീഷണിയാണ്. ഇത്തരം ക്രിമിനൽ ചിന്താഗതികൾക്ക് ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണകൂടി ലഭിക്കുമ്പോൾ വിനാശകരമായ പ്രവൃത്തികൾക്ക് കൂടുതൽ സാധ്യതയുണ്ടാകുന്നു. അതിനാൽ സാങ്കേതികവിദ്യയെ നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്ന മനുഷ്യരുടെ മൂല്യബോധത്തിനും ധാർമിക ഉത്തരവാദിത്വത്തിനും വലിയ പ്രാധാന്യമുണ്ടെന്നും ബാവ വ്യക്തമാക്കി.
വിദ്യാഭ്യാസം ഉയർന്ന മാർക്കുകളും റാങ്കുകളും നേടുന്നതിൽ മാത്രം ഒതുങ്ങരുത്. ഓരോ വിദ്യാർഥിയും സ്വന്തം അഭിരുചിക്കും കഴിവിനും അനുസരിച്ച് പഠനമേഖലയിൽ മികവ് തെളിയിക്കുന്നതിനൊപ്പം സമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കാനും തയ്യാറാകണം. ദരിദ്രരെ സഹായിക്കുക, ഭവനരഹിതർക്ക് വീടൊരുക്കുക, പരിസ്ഥിതി സംരക്ഷിക്കുക, മാലിന്യനിർമാർജന പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, ജലസംരക്ഷണത്തിനും ആദിവാസി ക്ഷേമത്തിനും സംഭാവന നൽകുക തുടങ്ങിയ മേഖലകളിലും മികവിന്റെ മാതൃകകളാകാൻ വിദ്യാർഥികൾക്ക് കഴിയണം. പഠനത്തിലും തൊഴിൽരംഗത്തും മാത്രമല്ല, സാമൂഹിക ഉത്തരവാദിത്വത്തിലും കാരുണ്യപ്രവർത്തനങ്ങളിലും ഒന്നാമതെത്താനുള്ള മനോഭാവം വളർത്തിയെടുക്കണമെന്നും ബാവ ആഹ്വാനം ചെയ്തു.
ഡെന്റൽ വിദ്യാർഥികൾ ചികിത്സാരംഗത്തെ അറിവിലും പ്രായോഗിക വൈദഗ്ധ്യത്തിലും മികവ് പുലർത്തുന്നതിനൊപ്പം രോഗികളോട് മാനുഷികമായ സമീപനം സ്വീകരിക്കണം. രോഗികളെ ചികിത്സിക്കേണ്ട വ്യക്തികളായി മാത്രം കാണാതെ അവരുടെ വികാരങ്ങളും വേദനകളും ആശങ്കകളും മനസ്സിലാക്കി കരുതലോടെ സമീപിക്കണം. സഹാനുഭൂതിയോടെ സംവദിക്കാനും ആത്മവിശ്വാസവും ആശ്വാസവും പകരാനും കഴിയണം. അറിവും സാങ്കേതിക മികവും മാനവികതയുമായി ചേരുമ്പോഴാണ് മികച്ച ആരോഗ്യപ്രവർത്തകരെ സൃഷ്ടിക്കാൻ കഴിയുന്നതെന്നും ബാവ കൂട്ടിച്ചേർത്തു.
പരിശുദ്ധ പരുമല തിരുമേനിയുടെ നാമധേയത്തിലുള്ളതും ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്വപ്നപദ്ധതിയുമായ സ്ഥാപനത്തിൽ പഠിക്കാൻ അവസരം ലഭിച്ച വിദ്യാർഥികൾ ഈ സാഹചര്യത്തെ അനുഗ്രഹമായി കാണണം.
പ്രകൃതിസൗന്ദര്യവും ശുദ്ധവായുവും ജലസമൃദ്ധിയും നിറഞ്ഞ കോതമംഗലത്തിന്റെ അന്തരീക്ഷം വിദ്യാർഥികളുടെ പഠനജീവിതത്തെ കൂടുതൽ സമ്പന്നമാക്കുന്നതാണ്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഉന്മേഷത്തോടെയും ആത്മവിശ്വാസത്തോടെയും സ്വന്തം മേഖലയിൽ പ്രാവീണ്യം തെളിയിക്കാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നും ബാവ ആശംസിച്ചു.
പഠനത്തോടൊപ്പം മാനസികവും ശാരീരികവുമായ ആരോഗ്യത്തിനും വിദ്യാർഥികൾ പ്രാധാന്യം നൽകണം. പഠനകാലത്തെ സമ്മർദങ്ങൾ അതിജീവിക്കാൻ പ്രാർഥന, ധ്യാനം, യോഗ തുടങ്ങിയവ സഹായിക്കും. മതപരമായ വ്യത്യാസങ്ങൾക്കതീതമായി ഓരോരുത്തർക്കും സ്വന്തം വിശ്വാസമനുസരിച്ച് പ്രാർഥിക്കാനും മനസ്സിനെ ശാന്തമാക്കാനും സമയം കണ്ടെത്താം. സ്ഥാപനത്തിലെ ചാപ്പലും ശാന്തമായ മറ്റു ഇടങ്ങളും ആത്മപരിശോധനയ്ക്കും മാനസിക വിശ്രമത്തിനും പ്രയോജനപ്പെടുത്താം. പഠനത്തിനായി സമയം കണ്ടെത്തുന്നതുപോലെതന്നെ ശരീരത്തിനും മനസ്സിനും വിശ്രമം നൽകുകയും വേണം. മാനവികതയും ആത്മീയബോധവും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി ജീവിതയാത്ര മുന്നോട്ടുകൊണ്ടുപോകാൻ വിദ്യാർഥികൾക്ക് കഴിയട്ടെയെന്നും ബാവ ആശംസിച്ചു.
ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റൽ കോളേജിൽ 2026-ലെ പുതിയ ബി.ഡി.എസ്., എം.ഡി.എസ്. ബാച്ചുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘ഓറേലിയ 2026’ ഇൻഡക്ഷൻ സെറിമണി കോളേജ് കോൺഫറൻസ് ഹാളിൽ നടന്നു. കോളേജ് ചെയർമാൻ കൂടിയായ ശ്രേഷ്ഠ കാതോലിക്ക ബാവ പുതിയ അധ്യയന വർഷത്തിന് തിരിതെളിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
‘പുതിയൊരു നാളേക്കായി പുതിയ തുടക്കം’ എന്ന സന്ദേശമുയർത്തിയ പ്രവേശനച്ചടങ്ങ്, ദന്തചികിത്സാ രംഗത്തെ ഉന്നതപഠനത്തിനായി എത്തിയ വിദ്യാർഥികൾക്ക് പുതിയ പ്രതീക്ഷകളും ലക്ഷ്യങ്ങളും പകർന്നുനൽകി. അക്കാദമിക ജീവിതത്തിലെ പുതിയ അധ്യായത്തിന് തുടക്കം കുറിച്ച വിദ്യാർഥികൾക്ക് ചടങ്ങ് നവ്യാനുഭവമായി.
കോളേജ് സെക്രട്ടറി പ്രൊഫ. കെ.പി. തോമസ്, ട്രഷറർ കമാൻഡർ കെ.എ. തോമസ്, സഭാ അല്മായ ട്രസ്റ്റിയും ഡയറക്ടറുമായ കമാൻഡർ തമ്പു ജോർജ് തുകലൻ, ഷെവലിയാർ ബേബി എം. വർഗീസ്, പ്രിൻസിപ്പൽ ഡോ. ജെയിൻ മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. ടീന എലിസബത്ത് ജേക്കബ്, പോൾ ചാക്കോ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പുതിയ അക്കാദമിക് വർഷത്തിലേക്ക് പ്രവേശിച്ച വിദ്യാർഥികൾക്ക് പഠനത്തിലും ഭാവി പ്രൊഫഷണൽ ജീവിതത്തിലും വ്യക്തമായ ലക്ഷ്യബോധവും ആത്മവിശ്വാസവും പകരുന്നതായി ‘ഓറേലിയ 2026’ പ്രവേശനച്ചടങ്ങ്.
