പാലാ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള അന്താരാഷ്ട്ര ദൈവശാസ്ത്ര സംവാദ കമ്മീഷന്റെ 26-ാമത് യോഗം പാലാ ബിഷപ്പ് ഹൗസിൽ നടന്നു. സഭൈക്യത്തിന്റെ പ്രസക്തി, സഭകൾ തമ്മിലുള്ള ചരിത്രപരമായ ബന്ധം, സഭാന്തര വിവാഹം, യുവതലമുറ നേരിടുന്ന പ്രതിസന്ധികൾ, വയോജനങ്ങളുടെ അജപാലന ശുശ്രൂഷ തുടങ്ങിയ വിഷയങ്ങളിൽ യോഗം വിശദമായ ചർച്ചകൾക്ക് വേദിയായി.
അഭിവന്ദ്യ സിൽവസ്റ്റർ പൊന്നുമുത്തൻ മെത്രാപ്പോലീത്തയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട് സ്വാഗതം ആശംസിച്ചു. എക്യുമെനിസത്തെക്കുറിച്ചുള്ള വത്തിക്കാന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചുകൊണ്ട് കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് ഫ്ളാവിയോ പാച്ചേ ആമുഖ സന്ദേശം നൽകി.
ആധുനിക കാലഘട്ടത്തിൽ എക്യുമെനിസത്തിൻ്റെ പ്രസക്തി, കത്തോലിക്കാ സഭയും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും തമ്മിലുള്ള ദീർഘകാല ബന്ധത്തിന്റെ ചരിത്രം, പരിശുദ്ധ മാർപാപ്പയും പരിശുദ്ധ പാത്രിയർക്കീസ് ബാവായും തമ്മിൽ 1984-ൽ നടത്തിയ സംയുക്ത പ്രഖ്യാപനം എന്നിവയെ ആസ്പദമാക്കി കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത അധ്യക്ഷപ്രസംഗം നടത്തി.
‘യുവതലമുറ ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ’ എന്ന വിഷയത്തിൽ ഫാ. ഷിബു ചെറിയാൻ പ്രബന്ധം അവതരിപ്പിച്ചു. ഇരുസഭകളും തമ്മിലുള്ള സഭാന്തര വിവാഹത്തെക്കുറിച്ചുള്ള ഉടമ്പടിയും അപ്രകാരം വിവാഹിതരായ ദമ്പതികൾ നേരിടുന്ന പ്രായോഗികവും ആത്മീയവുമായ വെല്ലുവിളികളും സംബന്ധിച്ച് ഫാ. ഗ്രിഗർ ആർ. കൊള്ളന്നൂർ, ഫാ. ഡോ. ജേക്കബ് തെക്കേപറമ്പിൽ എന്നിവർ പ്രബന്ധാവതരണം നടത്തി. ‘വയോജനങ്ങളുടെ മാനസികാരോഗ്യ മേഖലയിൽ അജപാലന ദൗത്യം നേരിടുന്ന പ്രായോഗിക വെല്ലുവിളികൾ’ എന്ന വിഷയത്തിൽ ഫാ. ഡോ. അഗസ്റ്റിൻ കടേപ്പറമ്പിലും പ്രബന്ധം അവതരിപ്പിച്ചു.
സഭാന്തര വിവാഹവുമായി ബന്ധപ്പെട്ട് ഇരുസഭകളും നിലവിൽ പിന്തുടരുന്ന മാർഗരേഖകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത യോഗം ചർച്ച ചെയ്തു. മാർഗരേഖകളിൽ വരുത്തേണ്ട ഭേദഗതികൾ സംബന്ധിച്ച് ഇരുസഭകളുടെയും പ്രതിനിധികൾ നിർദേശങ്ങൾ മുന്നോട്ടുവച്ചു.
കമ്മീഷന്റെ സെക്രട്ടറിയായി എട്ടുവർഷം സേവനമനുഷ്ഠിച്ചശേഷം ചുമതല ഒഴിയുന്ന ഫാ. ഇയാസാന്ത് ഡെസ്റ്റിവെല്ലിനെ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത ഉപഹാരം നൽകി ആദരിച്ചു.
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത, ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ (സെക്രട്ടറി), ഫാ. ദാനിയേൽ തട്ടാറയിൽ, ഡോ. സലീബാ റമ്പാൻ, ഡോ. കൗമ റമ്പാൻ, ഫാ. ഡോ. പൗലോസ് മാത്യു എന്നിവർ പങ്കെടുത്തു.
കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് മാർ കൂറിലോസ് തോമസ് മെത്രാപ്പോലീത്ത, മാർ മാത്യു മൂലേക്കാട്ടിൽ മെത്രാപ്പോലീത്ത, ഫാ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറമ്പിൽ, ഫാ. ഇയാസാന്ത് ഡെസ്റ്റിവെൽ (സെക്രട്ടറി) എന്നിവരും യോഗത്തിൽ സംബന്ധിച്ചു.



