പുത്തൻകുരിശ് ● നിർമ്മിതബുദ്ധിയുടെ കാലഘട്ടത്തിൽ അറിവ് നേടുക എന്നത് അനായാസമായിരിക്കുമ്പോൾ, വിദ്യാർഥികളുടെ വൈകാരിക ബുദ്ധി വളർത്തിയെടുക്കുന്നതിനും വൈകാരിക തലങ്ങളെ സ്പർശിക്കുന്ന അധ്യാപനരീതികൾക്കും അധ്യാപകർ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
മലേക്കുരിശ് ബി.എഡ്. കോളജിൽ എം.ജി. സർവകലാശാല റാങ്ക് ജേതാക്കളെ അനുമോദിക്കുന്നതിനായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ശ്രേഷ്ഠ ബാവ. ഭാവിയിൽ അധ്യാപകരാകാൻ ഒരുങ്ങുന്ന വിദ്യാർഥികൾ പുതിയ തലമുറയുടെ മാനസികവും വൈകാരികവുമായ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് അവരെ ശരിയായ ദിശയിൽ നയിക്കാൻ പ്രാപ്തരാകണമെന്നും ബാവ ഓർമ്മിപ്പിച്ചു.
വൈകാരിക ബുദ്ധിയുടെ അഭാവമാണ് യുവതലമുറയെ പല ക്രൂരകൃത്യങ്ങളിലേക്കും നയിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന നെടുമ്പാശേരി കാർ അപകടം ഉൾപ്പെടെയുള്ള സമകാലിക സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്നും ബാവ ചൂണ്ടിക്കാട്ടി. പുതിയ തലമുറയെ ശരിയായ ദിശയിൽ നയിക്കുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ അധ്യാപകർക്ക് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്.
നിർമ്മിതബുദ്ധിയുടെ (എ.ഐ.) കാലഘട്ടത്തിൽ അറിവിന്റെ സ്രോതസ്സുകൾ വിരൽത്തുമ്പിൽ ലഭ്യമാണ്. അതിനാൽ, വിദ്യാർഥികൾക്ക് അറിവ് പകർന്നുനൽകുക എന്നതിലുപരി അവരുടെ വൈകാരിക വളർച്ചയ്ക്കും മാനുഷിക മൂല്യങ്ങളുടെ പരിപോഷണത്തിനും അധ്യാപകർ പ്രാധാന്യം നൽകണം. വിദ്യാർഥികളുടെ ഹൃദയങ്ങളെ സ്പർശിക്കുകയും അവരുടെ വൈകാരിക തലങ്ങളെ തൊട്ടുണർത്തുകയും ചെയ്യുന്ന സമീപനമാണ് പുതിയ തലമുറയെ നയിക്കുന്ന അധ്യാപകർ സ്വീകരിക്കേണ്ടതെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
മലേക്കുരിശ് ബി.എഡ്. കോളേജിൽ എം.ജി. യൂണിവേഴ്സിറ്റിയിലെ റാങ്ക് ജേതാക്കളെ അനുമോദിച്ചു. അനുമോദന സമ്മേളനം ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും എഡ്യുക്കേഷൻ ട്രസ്റ്റ് ചെയർമാനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ഉദ്ഘാടനം ചെയ്തു. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ആൻ സെബാസ്റ്റിൻ മുഖ്യാതിഥിയായി. പ്രിൻസിപ്പൽ ഡോ. ഡിക്സൺ പി. തോമസ് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കോർഡിനേറ്റർ പ്രൊഫ. ബിനി ജോൺ, കോളേജ് യൂണിയൻ ഭാരവാഹികളായ മാർവൽ ബിന്ദു ജോയി, ദിൽന എം.കെ, റാങ്ക് ജേതാക്കളായ ഗായത്രി സഹജൻ, ഡിനാ സാറാ പോൾ, ശ്വേത എം, പ്രീതി എം, സാറാ കുര്യാക്കോസ്, ടി.എ. ഫാത്തിമ തുടങ്ങിയവർ പ്രസംഗിച്ചു. ബസേലിയോസ് തോമസ് പ്രഥമൻ ബാവാ സ്മാരക കാഷ് അവാർഡും പ്രശസ്തി പത്രവും ചടങ്ങിൽ വിതരണം ചെയ്തു.
