മുംബൈ ● മനുഷ്യരെ പരസ്പരം ചേർത്തുനിർത്തുകയും അകന്നിരിക്കുന്നവരെ ദൈവസ്നേഹത്തിൽ അടുപ്പിക്കുകയും ചെയ്യുന്ന ഇടമാണ് ദൈവാലയമെന്നും അവിടെ ഭിന്നതകൾക്കും തർക്കങ്ങൾക്കും വ്യവഹാരങ്ങൾക്കും സ്ഥാനമുണ്ടാകരുതെന്നും ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു.
മുംബൈ ഭദ്രാസനത്തിലെ കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമിച്ച ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയ്ക്കുശേഷം അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു ബാവ.
എത്രമാത്രം സൗകര്യങ്ങളോടുകൂടിയ ദൈവാലയങ്ങൾ നിർമിച്ചാലും മനുഷ്യരിൽ ദൈവം വസിക്കുമ്പോഴാണ് അവ യഥാർഥത്തിൽ ദൈവസാന്നിധ്യത്തിന്റെ ഇടങ്ങളായി മാറുന്നതെന്ന് ബാവ ഓർമിപ്പിച്ചു. ദൈവാലയത്തിന്റെ നിർമാണവും കൂദാശയും അവിടെനിന്നുള്ള പ്രാർഥനകളും ദൈവത്തെ കൂടുതൽ അടുത്തറിയുന്നതിനും ദൈവസ്നേഹത്തിന്റെ പൂർണത അനുഭവിക്കുന്നതിനും വിശ്വാസികൾക്ക് സഹായകമാകണം. ആരാധനയിലൂടെ ലഭിക്കുന്ന ആത്മീയത ജീവിതത്തിന്റെ സമസ്ത മേഖലകളിലും പകർത്താൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ആരാധനയിലൂടെയും വിശ്വാസാനുഭവങ്ങളിലൂടെയും ലഭിക്കുന്ന ആത്മീയത ദൈനംദിന ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ‘ലിറ്റർജി, ആഫ്റ്റർ ലിറ്റർജി’ എന്ന ആശയത്തിന്റെ പൂർണത കണ്ടെത്താനാകുന്നത്. അത് ജീവിതത്തെ സമൂലമായി പരിവർത്തനപ്പെടുത്തുന്നതിനും വിശ്വാസത്തെ ജീവിതത്തിന്റെ അടിസ്ഥാനമാക്കുന്നതിനും വഴിയൊരുക്കണമെന്നും ബാവ കൂട്ടിച്ചേർത്തു.
പാറമേൽ പണിത വീടുപോലെ വിശ്വാസത്തിൽ ഉറച്ചുനിന്ന് ജീവിതം മുന്നോട്ടു നയിക്കുന്നവരാകണം ഓരോരുത്തരും. വിശ്വാസത്തിൽ ആഴത്തിൽ വേരൂന്നി കുടുംബത്തെയും സമൂഹത്തെയും സഭയെയും സ്നേഹത്തോടെയും ഐക്യത്തോടെയും ചേർത്തുനിർത്തുന്ന വ്യക്തികളായും സമൂഹമായും സഭയായും മുന്നേറാൻ സാധിക്കണം. ദൈവാലയം എല്ലാവരെയും കൂടുതൽ ചേർത്തുനിർത്തുന്ന ഇടമായി എന്നും നിലനിൽക്കട്ടെയെന്നും ബാവ ആശംസിച്ചു.
മുംബൈ ഭദ്രാസനത്തിലെ കലീന സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പുനർനിർമിച്ച ദൈവാലയത്തിന്റെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശയും, വിശുദ്ധ കുർബ്ബാനയും ഭക്തിനിർഭരമായി നടന്നു. ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായും, മുംബൈ ഭദ്രാസനാധിപനുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യകാർമികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ് എന്നിവരുടെ സഹകാർമികത്വത്തിലുമായിരുന്നു ശുശ്രൂഷകൾ. ശ്രേഷ്ഠ കാതോലിക്ക ബാവയ്ക്കും അഭിവന്ദ്യ മെത്രാപ്പോലീത്തമാർക്കും ഇടവകയുടെ നേതൃത്വത്തിൽ സ്നേഹനിർഭരമായ സ്വീകരണം നൽകി. തുടർന്ന് നടന്ന സന്ധ്യാ പ്രാർത്ഥനയ്ക്കു ശേഷം വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നിർവഹിച്ചു. രാത്രി നടന്ന പൊതുസമ്മേളനത്തിൽ ഇടവക സെക്രട്ടറി ലിൻസി ബോബി തോമസ് സ്വാഗതം ആശംസിച്ചു. വികാരി ഫാ. ലാൽ തോമസ് മണ്ണിൽ ആമുഖപ്രഭാഷണം നടത്തി. മുംബൈ ഭദ്രാസന സഹായ മെത്രാപ്പോലീത്ത മോർ യൗസേബിയോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തി. പെരുമ്പാവൂർ മേഖലാധിപൻ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അനുമോദന പ്രഭാഷണം നടത്തി.
ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് നെല്ലിക്കാത്തുരുത്തേൽ, സാന്താക്രൂസ് എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്റ് ഫാ. സാം ഉമ്മൻ പനക്കാമറ്റം, മുംബൈ ഭദ്രാസന അൽമായ ജോയിന്റ് സെക്രട്ടറി ടി.എ. ജോർജുകുട്ടി എന്നിവർ പ്രസംഗിച്ചു. തുടർന്ന് ആദരിക്കൽ ചടങ്ങും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ആശീർവാദത്തോടെ സ്മാരകഫലകത്തിന്റെ അനാച്ഛാദനവും നടന്നു. ഇടവക ട്രഷറർ മോളി സൈമൺ കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് സ്നേഹവിരുന്നും ഒരുക്കി.
വിശുദ്ധ മൂറോൻ അഭിഷേക കൂദാശയെ തുടർന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന അർപ്പിച്ചു. ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യകാർമികത്വം വഹിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ യൗസേബിയോസ് കുര്യാക്കോസ്, മോർ അഫ്രേം മാത്യൂസ് എന്നിവർ സഹകാർമികരായി. തുടർന്ന് മധ്യസ്ഥപ്രാർത്ഥനയും നടന്നു. സ്നേഹവിരുന്നോടെ ദ്വിദിന ആത്മീയ ശുശ്രൂഷകൾക്ക് സമാപനമായി.
വികാരി ഫാ. ലാൽ തോമസ് മണ്ണിൽ, സെക്രട്ടറി ലിൻസി ബോബി തോമസ്, ട്രഷറർ മോളി സൈമൺ, പെരുന്നാൾ കൺവീനർമാരായ ബേബി പോൾ, മോളി പോൾ, ഭക്തസംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി







