ആദിച്ചനല്ലൂർ ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ അഖില മലങ്കര മർത്തമറിയം വനിതാസമാജത്തിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ഭദ്രാസനത്തിലെ ആദിച്ചനല്ലൂർ സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് ശ്രദ്ധയമായി. മലബാർ മുതൽ തിരുവനന്തപുരം വരെയുള്ള വിവിധ ഭദ്രാസനങ്ങളിൽ നിന്നായി 700-ഓളം പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്.
അഖില മലങ്കര മർത്തമറിയം വനിതാസമാജം പ്രസിഡന്റ് അഭിവന്ദ്യ മോർ പീലക്സിനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് ഉദ്ഘാടനം ചെയ്തു. വിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ പ്രവർത്തിക്കുന്ന വനിതാസമാജം അംഗങ്ങൾ സമൂഹത്തിനും ജനങ്ങൾക്കുമായി സജീവമായി പ്രവർത്തിക്കുന്നവരായി മാറണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
നിരണം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ദൈവത്തിന് നമ്മളെക്കുറിച്ച് വ്യക്തമായ ഒരു പദ്ധതിയുണ്ടെന്നും, ആ ദൈവിക പദ്ധതി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുമ്പോഴാണ് നമ്മുടെ പ്രവർത്തനങ്ങൾ പൂർണ്ണതയിലെത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അഖില മലങ്കര മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. പൗലോസ് പള്ളത്തുകുടി, ആദിച്ചനല്ലൂർ സെന്റ് ജോർജ്ജ് പള്ളി വികാരി ഫാ. സാബു സാമുവേൽ, വൈസ് പ്രസിഡന്റ് ശ്രീമതി ശലോമി ജോസ്, ജനറൽ സെക്രട്ടറി ശ്രീമതി ശുഭ ജോസഫ്, ജോയിന്റ് സെക്രട്ടറി ശ്രീമതി ഷൈനി കുര്യൻ, ട്രഷറർ ശ്രീമതി ബിന്ദു ജെറാൾഡ്, കൊല്ലം ഭദ്രാസന സെക്രട്ടറി ശ്രീമതി കുഞ്ഞുഞ്ഞമ്മ ജോസഫ്, യൂണിറ്റ് സെക്രട്ടറി ശ്രീമതി മറിയാമ്മ വർഗീസ് എന്നിവർ ക്യാമ്പിന്റെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
കൊല്ലം ഭദ്രാസന മർത്തമറിയം വനിതാസമാജം വൈസ് പ്രസിഡന്റ് ഫാ. അരുൺ സി. എബ്രഹാം, ഭദ്രാസന സെക്രട്ടറി ഫാ. ജോജി വർഗീസ്, ഇടവക സഹവികാരി ഫാ. സഞ്ജയ് ബാബു, ഫാ. പോൾ മാത്യു, ഫാ. പ്രിൻസ് പൊന്നച്ചൻ, ഫാ. എബിൻ അച്ചൻകുത്ത് തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.
ദൈവവിശ്വാസത്തിൽ അടിയുറച്ച് സഭയുടെയും സമൂഹത്തിന്റെയും വളർച്ചയ്ക്കായി പ്രവർത്തിക്കാനുള്ള പുതിയ ദിശാബോധവും ആത്മവിശ്വാസവും പകർന്നുനൽകിയ ക്യാമ്പ്, പങ്കെടുത്തവരുടെ സജീവ സാന്നിധ്യത്തോടെയും സഹകരണത്തോടെയും വിജയകരമായി സമാപിച്ചു.
