മുളന്തുരുത്തി ● മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിലെ കൊച്ചി ഭദ്രാസനത്തിലെ മുതിർന്ന വൈദികരായ ഫാ. റോയി പോൾ വെട്ടിക്കാട്ടിൽ, ഫാ. വർഗീസ് പുലയത്ത്, ഫാ. ജേക്കബ് കുരുവിള (അനിയനച്ചൻ), ഫാ. ഷമ്മി ജോൺ എരമംഗലത്ത് എന്നിവരെ കോറെപ്പിസ്കോപ്പമാരായി ഉയർത്തി. മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവ വൈദികർക്കു കോറെപ്പിസ്കോപ്പ സ്ഥാനം നൽകി.
അഭിവന്ദ്യരായ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ്, മോർ ഒസ്താത്തിയോസ് ഐസക് എന്നീ മെത്രാപ്പോലീത്തമാർ സഹകാർമികരായി. സഭയിലെ വിവിധ പള്ളികളിൽ നിന്നുള്ള വൈദികരും വിശ്വാസികളും ചടങ്ങിൽ പങ്കെടുത്തു. 55 വർഷങ്ങൾക്ക് ശേഷമാണ് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ വെച്ച് കോറെപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങു നടക്കുന്നത്.






