പുത്തൻകുരിശ് ● സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവ മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായവും ആശ്വാസവും എത്തിക്കുന്നതിനായി യൂത്ത് അസോസിയേഷൻ ഉൾപ്പെടെയുള്ള സഭയുടെ എല്ലാ ഭക്തസംഘടനകളും സജീവമായി രംഗത്തിറങ്ങണമെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ആഹ്വാനം ചെയ്തു.
ദുരിതബാധിതരെയും ഒറ്റപ്പെട്ടുപോയവരെയും സംരക്ഷിക്കുന്നതിനും അവശ്യസഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിനും ഭക്തസംഘടനകൾ നേതൃത്വം നൽകണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
പ്രായമായവർ, രോഗികൾ, ഭിന്നശേഷിക്കാർ, യാത്ര ചെയ്യാൻ പ്രയാസം നേരിടുന്നവർ എന്നിവരുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും പ്രത്യേക പരിഗണന നൽകണമെന്നും ബാവ അഭ്യർഥിച്ചു.
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് അവിടെയുള്ളവരുടെ ആവശ്യങ്ങൾ മനസ്സിലാക്കുകയും ഭക്ഷണം, വസ്ത്രം, മരുന്ന് ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും നിർദേശിച്ചു. സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ദുരന്തനിവാരണ – ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകണമെന്നും ബാവ ആവശ്യപ്പെട്ടു.
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാരും ജില്ലാ ഭരണകൂടങ്ങളും പുറപ്പെടുവിക്കുന്ന മുന്നറിയിപ്പുകളും നിർദേശങ്ങളും പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർഥിച്ച കാതോലിക്ക, സർക്കാർ നടത്തുന്ന എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സഭയുടെ പൂർണ പിന്തുണയും സഹകരണവും ഉണ്ടാകുമെന്നും അറിയിച്ചു.
ആവശ്യമായ സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിനും ദുരിതബാധിതർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും സഭയുടെയും ദൈവാലയങ്ങളുടെയും പൂർണ സഹകരണവും സന്നദ്ധതയും ഉണ്ടായിരിക്കുമെന്നും ശ്രേഷ്ഠ ബാവ വ്യക്തമാക്കി.
ജാതി, മത, രാഷ്ട്രീയ വ്യത്യാസങ്ങൾക്കതീതമായി എല്ലാവരും ഒന്നിച്ചുനിന്ന് ദുരിതകാലത്തെ അതിജീവിക്കണമെന്നും പ്രകൃതിക്ഷോഭങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും ദുരിതമനുഭവിക്കുന്നവർക്കായി പ്രത്യേക പ്രാർത്ഥന നടത്തുന്നതായും ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രസ്താവനയിൽ അറിയിച്ചു.