കുറിച്ചി ● മലബാർ, ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാൾ കുറിച്ചി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പുത്തൻപള്ളിയിൽ ജൂൺ 20, 21 തീയതികളിൽ ഭക്തിനിർഭരമായി ആചരിക്കും. ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ മുഖ്യ കാർമികത്വം വഹിക്കും.
ജൂൺ 14 ഞായർ ഉച്ചയ്ക്ക് 2 മണിക്ക് പങ്ങട സെന്റ് മേരീസ് പള്ളിയിലെ മർക്കോസ് മോർ കൂറിലോസ് മെത്രാപ്പോലീത്തയുടെ കബറിങ്കൽ നിന്നും പ്രാർത്ഥനയോടെ പതാക സ്വീകരിച്ച് വിവിധ പള്ളികളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുറിച്ചി പുത്തൻപള്ളിയിലേക്ക് പതാക ഘോഷയാത്ര നടന്നു. വെള്ളൂർ സെന്റ് സൈമൺസ് പള്ളി, വെള്ളൂർ സെന്റ് തോമസ് പള്ളി, മണർകാട് സെന്റ് മേരീസ് കത്തീഡ്രൽ, പുതുപ്പള്ളി സെന്റ് ജോർജ്ജ് പാത്രിയാർക്കൽ സെന്റർ, പാക്കിൽ സെന്റ് തോമസ് പള്ളി, പള്ളം സെന്റ് ഇഗ്നാത്തിയോസ് പള്ളി, കുറിച്ചി ഔട്ട്പോസ്റ്റ് ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് പള്ളിയിൽ എത്തിച്ചേർന്നു. തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു.
ജൂൺ 15 തിങ്കൾ സൂനോറോ സ്ഥാപന പെരുന്നാൾ ദിവസം വി. കുർബ്ബാനയ്ക്ക് അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
ജൂൺ 20 ശനി രാവിലെ വി. കുർബ്ബാന നടന്നു. ഭാഗ്യസ്മരണാർഹനായ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്തയുടെ നാലാമത് ശ്രാദ്ധപ്പെരുന്നാളിനോട് അനുബന്ധിച്ച് വൈകിട്ട് 6 മണിക്ക് അഭി. ഐസക് മോർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ സന്ധ്യാനമസ്കാരവും, 7 മണിക്ക് അനുസ്മരണവും കബറിങ്കൽ ധൂപപ്രാർത്ഥനയും നടക്കും.
ജൂൺ 21 ഞായർ രാവിലെ 7 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണം നൽകും. തുടർന്ന് പ്രഭാത നമസ്കാരവും 8 മണിക്ക് ശ്രേഷ്ഠ കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും ഫാ. വർഗീസ് പനിച്ചയിൽ, ഫാ. എൽദോ വേങ്കടത്ത് എന്നിവരുടെ സഹകാർമികത്വത്തിലും വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ വെച്ച് ബാവാ തിരുമനസ്സുകൊണ്ട് ‘ശാലോം നിത്യ സ്നേഹം’ എന്ന മ്യൂസിക് ആൽബം പ്രകാശനം ചെയ്യും. അഭി. കുര്യാക്കോസ് മോർ ഈവാനിയോസ് മെത്രാപ്പോലീത്ത അനുസ്മരണ പ്രഭാഷണം നടത്തും. വികാരിമാരായ ഫാ. വിജി കുരുവിള എടാട്ട് സ്വാഗതവും ഫാ. ഫിലിപ്പ് വൈദ്യൻ അദ്ധ്യക്ഷ പ്രസംഗവും നടത്തും. രാവിലെ 11 മണിക്ക് ആശീർവാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.
