
കുറുപ്പംപടി ● വേങ്ങൂർ മോർ കൗമ പള്ളിയൊരുക്കിയ സ്വീകരണത്തിലേക്കുള്ള യാത്രാമദ്ധ്യേ ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവക്ക് പ്രളയ്ക്കാട് മഹാദേവ ക്ഷേത്ര കമ്മിറ്റിയും, ജനപ്രതിനിധികളും ചേർന്നു അമ്പലനടയിൽ സ്വീകരണം നൽകി.
കോരിച്ചൊരിയുന്ന മഴയത്ത് തന്നെ സ്വീകരിക്കാൻ കാത്തുനിന്ന നൂറുകണക്കിന് ഭക്തജനങ്ങൾക്ക് വാഹനത്തിൽ നിന്നിറങ്ങി ആശീർവാദം നൽകിയാണ് ബാവ യാത്രയായത്. താലവും പുഷ്പവൃഷ്ടിയോടും കൂടിയാണ് ഭക്തജനങ്ങൾ ശ്രേഷ്ഠ ബാവയെ എതിരേറ്റത്. പായസ വിതരണമടക്കം തയ്യാറാക്കിയ പന്തലിലായിരുന്നു സ്വീകരണം.
വേങ്ങൂർ മോർ കൗമ യാക്കോബായ സുറിയാനി പള്ളിയിൽ നൽകിയ സ്വീകരണത്തിനുള്ള മറുപടിയിൽ ശ്രേഷ്ഠ ബാവ ക്ഷേത്രമുറ്റത്തെ സ്വീകരണം ജീവിതത്തിലെ ഒരു പ്രത്യേക അനുഭവവും മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും സൂചിപ്പിച്ചു.
മുടക്കുഴ ഗ്രാമ പഞ്ചായത് പ്രസിഡൻ്റ് പി.പി. അവറാച്ചൻ്റെ നേതൃത്വത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ എ.ആർ. രാജേഷ്, ജി സന്തോഷ്, പി.വി. ഗോപിനാഥൻ, പി.ആർ. രാഗേഷ്, സന്തോഷ് എം.ജി, പള്ളി വികാരി ഫാ. ജോൺ പാത്തിക്കൽ, ട്രസ്റ്റിമാരായ എൽദോ കല്ലുംങ്കൽ, ഗീവർഗീസ് പാണ്ടിക്കുടി, അമൽ കണിയാംകുടി എന്നിവർ സ്വീകരണത്തിൽ പങ്കുചേർന്നു.




