
പുത്തൻകുരിശ് ● മലങ്കര സഭയിൽ സമാധാനം സ്ഥാപിതമാകുവാനും സഭാതർക്കം ശാശ്വതമായി പരിഹരിക്കപ്പെടുവാനും ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ കെയ്റോയിൽ നടത്തുവാൻ തീരുമാനിച്ച സമാധാന ചർച്ചകളെക്കുറിച്ച് തങ്ങൾക്ക് അറിവില്ലായെന്നും അങ്ങനെയൊരു തീരുമാനം യോഗം എടുത്തിട്ടില്ലായെന്നും ഓർത്തഡോക്സ് വിഭാഗത്തിൻ്റെ പ്രസ്താവന തികച്ചും അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണെന്ന് യാക്കോബായ സുറിയാനി സഭാ മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.
യോഗത്തിൻ്റെ വിശദാംശങ്ങൾ സംബന്ധിച്ച് ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ ചേർന്ന് ഒപ്പിട്ട സംയുക്ത രേഖ പൊതുവായി പ്രസിദ്ധീകരിച്ചിട്ടുമുള്ളതായിരിക്കെ ആണ് മറു വിഭാഗം യോഗം നടന്നില്ല, സമാധാന ചർച്ചയെ കുറിച്ച് അറിവില്ല എന്നീ കുപ്രചരണം നടത്തി സത്യത്തെ മറച്ചു വയ്ക്കുവാൻ ശ്രമിക്കുന്നത്. ഒരു നൂറ്റാണ്ട് പഴക്കമുള്ള സഭാതർക്കം അവസാനിപ്പിക്കുവാനും ശാശ്വത സമാധാനം കൈവരുവാനുമുള്ള ഈ സുവർണ്ണാവസരത്തെ വിനിയോഗിക്കാതെ അസത്യം പ്രചരിപ്പിക്കുന്നത് ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മ എന്ന് പറയുന്നത് ഒരു ചരിത്ര യാഥാർഥ്യവും പ്രായോഗികമായി നിർവഹിക്കപ്പെട്ടു പോരുന്നതുമായ പ്രധാന സംഗതിയാണ്. ഓറിയൻ്റൽ ഓർത്തഡോക്സ് സഭകളുടെ കൂട്ടായ്മ ഇല്ല എന്ന മറുവിഭാഗത്തിൻ്റെ മെത്രാപ്പോലീത്തയുടെ പ്രസ്താവന തികച്ചും ആത്മവഞ്ചനയാണ്. ഓറിയൻ്റൽ ഓർത്തഡോക്സ് സഭകൾ ഒരുമിച്ച് കത്തോലിക്കാ സഭയും ഇതര ക്രൈസ്തവ സഭാ വിഭാഗങ്ങളുമായി നടത്തുന്ന സംവാദങ്ങളിൽ പങ്കെടുത്തിട്ടുള്ളതായ ഒരു മെത്രാപ്പോലീത്തയുടെ ഇതുപോലെയുള്ള അസത്യ പ്രതികരണം മനസ്സാക്ഷിയെ വഞ്ചിക്കുന്നതും ചരിത്ര സംഭവങ്ങളെ തമസ്കരിക്കുന്നതുമാണ്.
ഇന്ത്യൻ ഓർത്തഡോക്സ് വിഭാഗത്തിലെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടക്കുന്ന ആരാധന ശുശ്രൂഷകളിലും ദൈവശാസ്ത്ര സംവാദങ്ങളിലും പങ്കെടുക്കേണ്ട എന്ന ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ സുന്നഹദോസിന്റെ സുപ്രധാന തീരുമാനത്തിന് ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ പരിപൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചിരുന്നു. എന്തുകൊണ്ട് തങ്ങൾക്കെതിരെ ഇപ്രകാരമുള്ള ശക്തമായ നിലപാട് ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ സ്വീകരിച്ചു എന്ന് ആത്മപരിശോധന നടത്താതെ സഭകൾ തങ്ങൾക്കെതിരെ എടുത്ത നിലപാട് പിൻവലിച്ചു എന്ന കള്ളം പറഞ്ഞ് പൊതു സമൂഹത്ത തെറ്റിദ്ധരിപ്പിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന പ്രചരണങ്ങൾ വാസ്തവ വിരുദ്ധമാണ്. അപ്രകാരം പിൻവലിച്ചു കൊണ്ടുള്ള പ്രസ്താവന ഇതുവരെയും ഓറിയൻ്റൽ ഓർത്തഡോക്സ് സഭാ തലവന്മാർ പുറത്തിറക്കിയിട്ടില്ല.
സത്യം പറയുന്നവരെ കല്ലെറിയുകയും അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരെ ക്രൂശിക്കുകയും ചെയ്യുന്ന ശൈലിയാണ് ഓർത്തഡോക്സ് സഭ എപ്പോഴും പിന്തുടർന്നു വരുന്നത്. സ്വന്തം സഭ കാണിക്കുന്ന അനീതിക്കും കൊള്ളരുതായ്മക്കും എതിരെ മനസ്സു മടുത്ത് പ്രതികരിച്ച സ്വന്തം സഭയിലെ ഒരു മെത്രാപ്പോലീത്തായോടു വരെ ഓർത്തഡോക്സ് വിഭാഗം കൈകൊണ്ട നിലപാട് ഓർത്തഡോക്സ് വിഭാഗത്തിൻ്റെ ധാർമ്മികതയുടെ നിലവാരം പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നതാണെന്നും മെത്രാപ്പോലീത്ത പ്രതികരിച്ചു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത
(മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
23/05/2025



