
പോത്താനിക്കാട് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ വ്യവഹാരങ്ങളെക്കാൾ സമാധാനത്തിൻ്റെ പാതയാണ് ആഗ്രഹിക്കുന്നതെന്ന് ശ്രേഷ്ഠ കാതോലിക്കായും, മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ പറഞ്ഞു. പോത്താനിക്കാട് മേഖലയിലെ 10 പള്ളികൾ ചേർന്ന് നൽകിയ സ്വീകരണ യോഗത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ശ്രേഷ്ഠ ബാവ. മറുവിഭാഗത്തെ സഹോദര സഭയായി കണക്കാക്കാനാണ് സഭ ആഗ്രഹിക്കുന്നത്. കോടതികളിൽ നടക്കുന്ന വ്യവഹാരങ്ങൾ അവസാനിപ്പിച്ച്, ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
അനുമോദന സമ്മേളനം കോതമംഗലം മേഖലാധിപൻ അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ മേഖലാധിപൻ അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ, ആൻ്റണി ജോൺ, പഞ്ചായത്ത് പ്രസിഡൻ്റ് സജി കെ. വർഗീസ്, വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്കോപ്പ, സ്വീകരണ കമ്മിറ്റി ജനറൽ കൺവീനർ ഫാ. മാത്യു കുഴിവേലിപ്പുറത്ത്, അങ്കമാലി. ഭദ്രാസന വൈദിക സെക്രട്ടറി ഫാ. പൗലോസ് തളിക്കാട്ട് എന്നിവർ പ്രസംഗിച്ചു. കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ എത്തിയ ബാവായെ പോത്താനിക്കാട് ടൗണിൽ പൗരാവലിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കവലയിലുള്ള മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ ബാവായുടെ നാമത്തിലുള്ള കുരിശിങ്കൽ ധൂപപ്രാർഥന നടത്തിയ ബാവയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പോത്താനിക്കാട് സെന്റ് മേരീസ് പള്ളിയിലേക്ക് ആനയിച്ചു. തുടർന്ന് പള്ളിയിൽ നടന്ന പ്രാർഥനയിൽ ശ്രേഷ്ഠ ബാവ കാർമികത്വം വഹിച്ചു.
കാരിമറ്റം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, കാലാമ്പൂർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, പുളിന്താനം സെൻ്റ് ജോൺസ് ബസ്ഫാഗെ യാക്കോബായ സുറിയാനി പള്ളി, ശാരോൻകുന്ന് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി, ആയങ്കര സെന്റ് ജോർജ് ബഥേൽ യാക്കോബായ സുറിയാനി പള്ളി, ചാത്തമറ്റം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി, മുള്ളരിങ്ങാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, ചാത്തമറ്റം സെന്റ് മേരീസ് ശാലോം യാക്കോബായ സുറിയാനി പള്ളി, ഞാറക്കാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുടങ്ങിയ പള്ളികളുടെ നേതൃത്വത്തിലാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.


