
പുത്തൻകുരിശ് ● ആഗോള കത്തോലിക്കാ സഭയുടെ പുതിയ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പാപ്പായ്ക്ക് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ മോർ ബസ്സേലിയോസ് ജോസഫ് ബാവ പ്രാർത്ഥനാശംസകൾ നേർന്നു.
പ്രത്യാശയുടെ വെളിച്ചമായി, ലോകമെമ്പാടും ശാന്തിയും സമാധാനവും ഐക്യവും ഉറപ്പാക്കാൻ പുതിയ മാർപാപ്പയ്ക്കു കഴിയട്ടെയെന്നും അദ്ദേഹത്തിൻ്റെ അജപാലന ശുശ്രൂഷയിൽ യാക്കോബായ സുറിയാനി സഭയുടെ പ്രാർത്ഥനകളും പിന്തുണയും ഒപ്പമുണ്ടാകുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസിച്ചു.
ലോകത്തെ അഭിസംബോധന ചെയ്തു കൊണ്ട് ‘സമാധാനം നിങ്ങൾക്കൊപ്പം ഉണ്ടാകട്ടെ’ എന്ന പുതിയ മാർപാപ്പയുടെ പ്രഥമ ആഹ്വാനം ലോകമെങ്ങും അലയടിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ യുദ്ധവും അസമാധാനവും വർധിച്ചു വരുമ്പോൾ അദ്ദേഹത്തിൻ്റെ ശുശ്രൂഷകളും പ്രവർത്തനങ്ങളും മുഖാന്തിരം മാനവരാശിക്ക് സമാധാനവും പ്രത്യാശയും ലഭിക്കുവാൻ ഇടയാകട്ടെയെന്നും ശ്രേഷ്ഠ ബാവ പറഞ്ഞു.
ദരിദ്രർക്കും കുടിയേറ്റക്കാർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി കൃത്യമായി ഇടപെടൽ നടത്തിയിരുന്ന അദ്ദേഹത്തിൻ്റെ പുതിയ നിയോഗം ലോകത്ത് സാഹോദര്യവും ഐക്യവും പുലരുവാൻ കരുത്തേകുമെന്നതിൽ സംശയമില്ല. പുതിയ മാർപാപ്പയുടെ വിശാലമായ അനുഭവ സമ്പത്തും സുവിശേഷ പ്രവർത്തനങ്ങളും ദൈവശാസ്ത്രത്തിലുള്ള അഗാധമായ വിജ്ഞാനവും കത്തോലിക്കാ സഭയെ ശ്രേഷ്ഠതയോടെ നയിക്കുവാനും സഹോദരി സഭകൾക്കിടയിൽ ഊഷ്മളമായ ബന്ധവും ഐക്യവും ഊട്ടിയുറപ്പിക്കുവാനും മുഖാന്തിരമായി തീരട്ടെയെന്നും ശ്രേഷ്ഠ കാതോലിക്ക ബാവ ആശംസിച്ചു.
