
കരിങ്ങാച്ചിറ ● വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി സഭയെ പുതിയ കാലത്തിലേക്ക് നയിക്കുവാന്‍ പ്രാപ്തിയുള്ളയാളാണ് മലങ്കര യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവായെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
കൊച്ചി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബസേലിയോസ് ജോസഫ് ബാവായ്ക്ക് കരിങ്ങാച്ചിറ സെന്റ് ജോര്‍ജ് കത്തീഡ്രലില്‍ നല്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളുണ്ടെങ്കിലും സഭയില്‍ സമാധാനം ഉണ്ടാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ബാവ, പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേര്‍ത്ത അനുരഞ്ജന ചര്‍ച്ചയില്‍ ഏറ്റവും നന്നായി സഹകരിച്ച വ്യക്തിയാണ്. ചിലരുടെ പിടിവാശി മൂലമാണ് അന്ന് ചര്‍ച്ചകള്‍ക്ക് ഫലം കാണാതെ പോയത്. ബാവായുടെ നേതൃത്വത്തില്‍ ഇനിയും ശാശ്വത സമാധാനം ഉണ്ടാകുമെന്ന് ശ്രീധരന് പിള്ള പറഞ്ഞു.
സമ്മേളനത്തില്‍ കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ് മോര് ഈവാനിയോസ് അധ്യക്ഷത വഹിച്ചു. സിറോ മലബാര്‍ സഭയുടെ കര്‍ദ്ദിനാള്‍ മോര് ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, എം.എല്‍.എ മാരായ കെ. ബാബു, അനൂപ് ജേക്കബ് , മെത്രാപ്പോലീത്തമാരായ ഏലിയാസ് മോര് അത്താനാസിയോസ്, ഡോ. ഗീവര്‍ഗീസ് മോര് കൂറീലോസ്, ഡോ. മാത്യൂസ് മോര് അന്തിമോസ്, തൃപ്പൂണിത്തുറ നഗരസഭാ ചെയര്‍പേഴ്സണ്‍ രമ സന്തോഷ്, സഭ സെക്രട്ടറി ജേക്കബ് സി. മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫാ. സാംസണ് മേലോത്ത് സ്വാഗതവും, എം.ടി പോള്‍ നന്ദിയും പറഞ്ഞു.
കാതോലിക്കേറ് റെസിഡന്‍സിയായ ക്യംതാ സെമിനാരിയില്‍ നിന്നും അനേകം വാഹനങ്ങളുടെ അകമ്പടിയോടെയാണ് ശ്രേഷ്ഠ ബാവയെ കരിങ്ങാച്ചിറ കത്തീഡ്രലിലേക്ക് ആനയിച്ചത്. ഭദ്രാസനത്തിലെ വൈദീകരും ‘ ഭക്ത സംഘടനാ പ്രവര്‍ത്തകരും സംഘടനാ പ്രവര്‍ത്തകരും വിശ്വാസികളുമടക്കം ആയിരങ്ങള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു. യാക്കോബായ സഭയുടെ ഔദ്യോഗിക സംഗീത വിഭാഗം കേനോറോയുടെ നേതൃത്വത്തില്‍ സ്വാഗത ഗാനങ്ങള്‍ ആലപിച്ചു.





