
കോതമംഗലം ● സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സംഗമമായിരുന്നു യേശുക്രിസ്തുവിന്റെ കാൽകഴുകൽ ശുശ്രൂഷയെന്ന് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവ പറഞ്ഞു. യേശുക്രിസ്തു പരിത്യാഗത്തിന്റെ പുത്തൻ നിർവചനമാണ് അപ്പസ്തോലന്മാരുടെ കാൽ കഴുകുന്നതിലൂടെ നമ്മളെ പഠിപ്പിക്കുന്നത്. എളിമപ്പെടലിന്റെ സന്ദേശമാണ് ഇതുവഴി നൽകിയത്. കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷാ കർമത്തോടനുബന്ധിച്ച് നടത്തിയ സന്ദേശത്തിൽ ബാവ പറഞ്ഞു.
രണ്ട് പതിറ്റാണ്ടിനു ശേഷമാണ് ഈ ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷ നടക്കുന്നത്. അതിൽ പങ്കെടുക്കാനായത് ഏറെ സന്തോഷം പകർന്നു. കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സ്മരിച്ചുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.
ശ്രേഷ്ഠ ബാവ പ്രാരംഭ പ്രാർഥന നിർവഹിച്ച് ആരംഭിച്ച ശുശ്രൂഷയിൽ കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, അങ്കമാലി-മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് എന്നിവർ സഹ കാർമികരായിരുന്നു. 12 വൈദികരുടെ കാലുകൾ ബാവ കഴുകി ചുംബിച്ചു


