
കൊച്ചി ● തിന്മയുടെ ശക്തികൾക്കെതിരെ നന്മയുടെ ഉപാസകരാകാനുള്ള വിളിയാണ് ഈ കാലഘട്ടത്തിൽ നാം ഓരോരുത്തരും സ്വീകരിക്കേണ്ടതെന്ന് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്കാ ബാവ പറഞ്ഞു. തിരുവാങ്കുളത്തെ കാതോലിക്കോസ് റസിഡൻഷ്യസിയിൽ ഭാരത കത്തോലിക്ക സഭയുടെ കുട്ടായ്മയായ ആക്സിൻ്റെ (അംബ്ലസി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവ്വീസസ്) നേതൃത്വത്തിൽ നടന്ന സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ബാവ.
മദ്യത്തിനും മയക്കുമരുന്നിനും അഴിമതിക്കും എതിരെയുള്ള പോരാട്ടത്തിൽ സമൂഹം ഒറ്റക്കെട്ടായി മുന്നേറണം. പരസ്പരം പഴിചാരാതെ ലഹരിയുടെ ഭീകര വാഴ്ചക്കെതിരെ , അക്രമവാസനകൾക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരണമെന്നും ബാവ കൂട്ടിച്ചേർത്തു.
ശ്രേഷ്ഠ ബാവയ്ക്ക് ആശംസകളുമായി ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ക്രൈസ്തവ സഭ നേതാക്കളും തിരുവാങ്കുളത്തെ ക്യംതാ സെമിനാരി കാതോലിക്കോസ്
റസിഡൻസിയിൽ എത്തി. ശ്രേഷ്ഠ ബാവയുടെ ഛായ ചിത്രം സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും ബിഷപ്പ് ഡോ.ഉമ്മൻ ജോർജും, ജോർജ് സെബാസ്റ്റ്യനും ചേർന്ന് സമ്മാനിച്ചു.
ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി, ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്സിൻ്റെ പ്രസിഡൻറ് ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്, ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ഭാരവാഹികളായ അഡ്വ. നോബിൾ മാത്യു, കുരുവിള മാത്യൂസ്, അഡ്വ. ചാർളി പോൾ, അഡ്വ. ജോണി കെ.ജോൺ, സബീർ തിരുമല എന്നിവർ പങ്കെടുത്തു.


