ലെബനനിലെ അച്ചാനെയിലെ സെയ്ൻ്റ് മേരീസ് കത്തീഡ്രൽ ഒരുങ്ങിക്കഴിഞ്ഞു. നാളെയാണ് ആ ശുഭദിനം. പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനായ ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്കയായി വാഴിക്കുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ ചരിത്രത്തിൽ പുതിയ യുഗം പിറക്കുകയാണ്. ശ്രേഷ്ഠ ബസേലിയോസ് ജോസഫ് ബാവ എന്നാണ് അദ്ദേഹത്തിൻ്റെ സ്ഥാനീയനാമം. സംഘാടനമികവിനൊപ്പം സൗമ്യത മുഖമുദ്രയാക്കി, സമന്വയത്തിൻ്റെ ശൈലി പിന്തുടർന്ന്, സഭയെക്കുറിച്ച് വ്യക്തമായ ദർശനത്തോടെയാണ് ജോസഫ് മോർ ഗ്രിഗോറിയോസ് പുതിയ സ്ഥാനത്തേക്ക് കടന്നുവരുന്നത്. ആകമാന സുറിയാനി സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയാണ് ജോസഫ് മോർ ഗ്രിഗോറിയോസിനെ കാതോലിക്കയായി വാഴിക്കുക. പതിറ്റാണ്ടുകൾ പിന്നിട്ട സഭാതർക്കത്തിന് ശാശ്വത പരിഹാരമാകുമെന്നും സമാധാനത്തിൻ്റെ പുതിയ പുലരി ഉദിക്കുമെന്നുമുള്ള പ്രത്യാശയോടെയാണ് നിയുക്ത കാഭതാലിക്കാ പദവിയേറ്റെടുക്കാ നൊരുങ്ങുന്നത്.
പുതിയ ഉത്തരവാദിത്വത്തെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും അദ്ദേഹം ‘മാതൃഭൂമി’ പ്രതിനിധി രാജേഷ് ജോർജിനോട് മനസ്സുതുറന്നപ്പോൾ…
🔘കാതോലിക്കാ സ്ഥാനലബ്ധിയെ എങ്ങനെ കാണുന്നു?
സഭയുടെ അധ്യക്ഷപദവി ഭാരിച്ച ദൈവിക ഉത്തരവാദിത്വമാണ്. അന്ത്യോക്യ പാത്രിയർക്കീസിൻ്റെ പരമാധ്യക്ഷതയിലുള്ള സഭയിലെ രണ്ടാംസ്ഥാനിയാണ് കാതോലിക്കോസ്. ബസേലിയോസ് തോമസ് പ്രഥമൻ കാതോ ലിക്കാ ബാവ കാലംചെയ്തു സ്ഥാനമൊഴിവിലേക്കാണ് പുതിയ നിയോഗം വന്നുചേർന്നത്. ബാവയുടെ ആരോഗ്യത്തിലും അനാരോഗ്യത്തിലും അദ്ദേഹത്തോടൊപ്പം കഴിഞ്ഞ 25 വർഷം സഭാശുശ്രൂഷയിൽ ഒപ്പമുണ്ടായിരുന്നു. പുതിയ സ്ഥാനലബ്ധിയിൽ അമിതാഹ്ലാദമില്ല. പക്ഷേ, സ്ഥാനംവലുതാണ്. സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ സഭയിലും വിശ്വാസികൾ ക്കിടയിലും വലിയ പ്രതീക്ഷകളുണ്ടാകും.
കഴിഞ്ഞകാലങ്ങളിലെ സഭാന്തരീക്ഷത്തിൽ വ്യവഹാരങ്ങളിൽ ആരാധനാലയങ്ങളും പള്ളികളും സെമിത്തേരികളും നഷ്ടപ്പെട്ടപ്പോഴൊക്കെ വിശ്വാസികൾക്കൊപ്പം നിന്നു. കോടതി വിധികളെ ബഹുമാനിക്കാൻ ഒരു ഭാരതീയനെന്ന നിലയിൽ ബാധ്യസ്ഥനാണ്. സ്വാഭാവികമായും വിശ്വാസികൾ ആഗ്രഹിക്കുന്നത് അവരുടെ പൗരാണികമായ വിശ്വാസത്തിലും പാരമ്പര്യത്തിലും അടിയുറച്ചുനിൽക്കാനാണ്. അവകാ ശപ്പെട്ടത് ലഭിക്കുന്നതിനുവേണ്ടിയുള്ള പോ രാട്ടം. വ്യവഹാരമുക്ത സഭയുണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു. അതിനുവേണ്ടിയുള്ള എല്ലാ പരിശ്രമങ്ങൾക്കും ചർച്ചകൾക്കും ഒപ്പം നിൽക്കും. സർക്കാർ മുന്നോട്ടുവെക്കുന്ന ഉപാധികളിൽ പൂർണമനസ്സോടെ സഹകരിക്കും. സഭാതർക്കത്തിൽ പരിഹാരത്തിനായി ഇതരസഭാധ്യക്ഷർ, കേന്ദ്രസർക്കാർ എന്നിങ്ങനെ എല്ലാവരും ഇടപെട്ടിട്ടുണ്ട്. ഇനിയും അവരുമായി സഹകരിക്കും. അതല്ല, നേരിട്ടുള്ള ചർച്ചകൾക്കാണങ്കിൽ അതിനും തയ്യാറാണ്.
🔘വെല്ലുവിളികളുടെ കാലമാണല്ലോ, മുന്നോട്ടുള്ള വഴി?
ദൈവികമായ ഒരിടപെടൽ ഉണ്ടാകുമെന്ന വിശ്വാസമാണുള്ളത്. പതിറ്റാണ്ടുകളായി നീളുന്ന ഈ തർക്കങ്ങൾ അനന്തമായി മുന്നോട്ടു കൊണ്ടുപോകരുതെന്നാണ് ആഗ്രഹം. സാധുജന സംരക്ഷണത്തിനു വിനിയോഗിക്കേണ്ട പണമാണ് കേസിനും മറ്റും ചെലവാക്കുന്നത്. മറുപക്ഷം അന്യായമായി കേസുകൾ കൊടുത്തു നമ്മെ വ്യവഹാരച്ചുഴിയിലേക്കു വലിച്ചിടു മ്പോൾ നമ്മളും കേസിൻ്റെ നൂലാമാലകളിൽ പ്പെട്ടുപോകുന്നു. കേസുകൾ പറഞ്ഞവസാനിപ്പിച്ച് പരസ്പരം പിരിഞ്ഞ പള്ളികളിലേക്കു വരെ കേസുകൾ കൊണ്ടുവരുന്ന അവരുടെ നിലപാട് നിർഭാഗ്യകരമാണ്. അറുപതിലധികം പള്ളികൾ അന്യായമായി പിടിച്ചെടുത്ത് സത്യ വിശ്വാസികളെ തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവർത്തനങ്ങൾ ഉണ്ടായപ്പോഴും സുറിയാനി സഭയുടെ സത്യവിശ്വാസത്തിൽനിന്ന് കടുകിട വ്യതിചലിക്കാൻ തയ്യാറാകാത്ത ദൈവമക്കളാണ് ഈ സഭയുടെ ബലം. കേവലം വസ്തുവകകൾക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പല്ല ഇത്. സർക്കാർ മുൻകൈയെടുത്തുതന്നെ വിശാലമായ കാഴ്ചപ്പാടിൽ കോടതിവിധിക്കപ്പുറമായുള്ള പ്രശ്നപരിഹാരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. തടസ്സം രണ്ടു കാര്യങ്ങളിലാണ്. സുപ്രിംകോടതി വിധി പൂർണമായി നടപ്പാക്കുക, 1934-ലെ കോൺസ്റ്റിറ്റ്യൂഷൻ അനുസരിച്ച് ഭരണം നടപ്പാക്കുക എന്നതാണ് മറുവിഭാഗം ആവശ്യപ്പെടുന്നത്. ഇതുകൊണ്ടാണ് അന്തിമ തീരുമാനമുണ്ടാകാത്തത്. നമുക്കറിയാം, സുപ്രീംകോടതി വിധികൾ ആവർത്തിച്ചാവർത്തിച്ച് വന്നു. പല വിധികളും അവർക്ക് അനുകൂലമായി വ്യാഖാനിക്കപ്പെട്ടു. അത് നമ്മുടെ ദേവാലയങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാക്കി. ഒരു ഘട്ടത്തിൽ കേന്ദ്രസേനയെ ഇറക്കി പള്ളികൾ പിടിച്ചു കൊടുക്കണമെന്ന് കോടതിപോലും പരാമർശിക്കുകയുണ്ടായി. എന്നാൽ, ആരാധിക്കുന്നവരെ പുറത്താക്കി പിടിച്ചു കൊടുക്കേണ്ടതല്ല പള്ളികളെന്ന ബോധ്യവും കോടതിക്കുവന്നു. ഇതൊരു പോസിറ്റീവ് നീക്കമായി കാണുന്നു. ഇരുവിഭാഗവും തമ്മിൽ തർക്കമുണ്ട്. അതു തീരണമെന്ന് കോടതി പറയുന്നു. ആ യാഥാർഥ്യബോധമുൾക്കൊണ്ട് മറുവിഭാഗം സഹകരിച്ചുകഴിഞ്ഞാൽ പ്രശ്നപരിഹാരം സാധ്യമാകും.
🔘ഇരുസഭകളും ഒന്നാകുമോ?
അതിലൊരു പൊരുത്തക്കേടുണ്ട്. 1912 മുതൽ 2025 വരെ രണ്ടു സഭകൾ, രണ്ടു സിംഹാസനം, രണ്ട് ഹൈറാർക്കി. 1958 മുതൽ ’72 വരെയുള്ള കാലം സഭയൊന്നായി എന്നതൊഴിച്ചാൽ ബാക്കി കാലത്തെല്ലാം രണ്ടായാണ് മുന്നോട്ടുപോയത്. ഒരു ചർച്ചിന് രണ്ട് പ്രധാന മേലധ്യക്ഷർ എന്നത് അംഗീകരിക്കാനാകില്ല. വിദേശ മേൽക്കോയ്മ അടിമത്തമായാണ് മറുവിഭാഗം പ്രഖ്യാപിച്ചിട്ടുള്ളത്. കോടതിയിൽ പറയുമ്പോൾ മറിച്ചു പറയുകയും കോൺസ്റ്റിറ്റ്യൂഷനിൽ അത് എഴുതി വെക്കുകയുംചെയ്തു. എന്നാൽ, സമീപനത്തിൽ പ്രായോഗികതലത്തിൽ സ്വീകരിക്കാൻ അവർ തയ്യാറായില്ല. അത് സ്വതന്ത്ര സ്വത്വത്തെ ബാധിക്കും എന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ, ഞങ്ങൾ അങ്ങനെയല്ല. അന്ത്യോക്യാ ബന്ധം പൗരാണിക വിശ്വാസത്തിൻ്റെ ഭാഗമാണ്. അതിൽ ഒരു വിട്ടുവീഴ്ച ഞങ്ങൾക്ക് കഴിയില്ല. ഇരുസഭകൾക്കും യോജിച്ച് മുന്നോട്ടുപോകാവുന്ന ഒരുപാട് മേഖലകളുണ്ട്.
🔘കാലം ചെയ്ത ബാവായെക്കുറിച്ച് ഓർക്കുമ്പോൾ ?
ബാവായോടൊപ്പം പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായും മലങ്കര മെത്രാപ്പൊലീത്തയായും കാതോലിക്കോ സ് അസിസ്റ്റന്റായുമൊക്കെ പ്രവർത്തിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു. എന്നെ ചേർത്തുപിടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. പെരുമ്പള്ളി തിരുമേനിയുടെ വിയോഗത്തിലൂടെ എനിക്ക് നഷ്ടമായ പൈതൃക സ്നേഹവായ്പുകൾ പകർന്നു തന്നത് ബാവാ തിരുമേനിയാണ്. ബാവ അനാരോഗ്യത്താൽ വിശ്രമിക്കുമ്പോഴും അദ്ദേഹമുണ്ടെന്ന ധൈര്യം ഞങ്ങൾക്കു തന്നിരുന്ന സുരക്ഷിതത്വബോധം വലുതാണ്. 95 വയസ്സുവരെ ജീവിക്കാൻ അവസരംലഭിച്ച ബാവായുടെ വി യോഗം മൂലം സഭയ്ക്കുണ്ടായ അനാഥത്വം വലുതാണ്. തോമസ് പ്രഥമൻ ബാവ, ദീർഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത പദ്ധതികൾ വിജയപഥത്തിലെത്തിക്കേണ്ടതുണ്ട്.
🔘പാത്രിയർക്കീസ് ബാവായുമായുള്ള ബന്ധം?
പാത്രിയർക്കീസ് ബാവാ റമ്പാൻ ആയിരിക്കുമ്പോൾ മുതൽ ബന്ധമുണ്ട്. അഫ്രേം റമ്പാച്ചനും (പിന്നീട് പാത്രിയർക്കിസ് ബാവ) ഞാനും വൈ ദികവിദ്യാർഥികളായി അയർലൻഡിൽ ഉണ്ടായിരുന്നപ്പോൾ റമ്പാച്ചൻ ലണ്ടനിലെ സുറിയാനി പള്ളി വികാരിയും ഞാൻ ലണ്ടൻ പള്ളി വികാരിയും ആയിരുന്നു. ഞങ്ങൾ തമ്മിൽ സാഹോദര്യ ബന്ധമാണ് ഉണ്ടായിരുന്നത്. ഇരു ദൈവാലയങ്ങളിലും ഞങ്ങൾ ഒരുമിച്ചും അല്ലാതെയും ശുശ്രൂഷ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇരു ദൈവാലയങ്ങളിലും വിശ്വാസികൾക്ക് ഞങ്ങൾ സുപരിചിതരുമായിരുന്നു. ഞങ്ങളിൽ ഒരാൾക്ക് എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ ദൈവാലയ ശുശ്രൂഷകളിൽ പരസ്പരം സഹായിച്ചിരുന്നു. ക്ലാസ് ഇല്ലാത്ത ദിവസങ്ങളിൽ റമ്പാച്ചൻ മധ്യപൗരസ്ത്യദേശത്തെ ഭക്ഷണവും ഞാൻ നമ്മുടെ ചില തനതുവിഭവങ്ങളും ഉണ്ടാക്കി ഒരുമിച്ചുകഴിച്ചിരുന്നു. പിന്നീട് ഞാൻ അമേരിക്കയിലേക്കു പോയി. ’94-ൽ മെത്രാപ്പോലീത്തയായി. ’96-ൽ റമ്പാച്ചൻ മോർ കൂറിലോസ് എന്നപേരിൽ മെത്രാപ്പോലീത്തയായി അമേരിക്കയിൽ എത്തി. അവിടെയുള്ള മലയാളി ഇടവകകളുടെ കൂടി പിതാവായി അദ്ദേഹം മാറി. 2014-ൽ തിരുമേനി പാത്രിയർക്കീസ് ബാവയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ അതിൽ പങ്കെടുത്തു. ശ്രേഷ്ഠ ബാവായോടൊപ്പം മലങ്കര സുന്നഹദോസ് സെക്രട്ടറിയായ എനിക്കും വോട്ടവകാശമുണ്ടായിരുന്നു.