
ഫെബ്രുവരി 22: ആരാധനയിൽ മണിനാദവും പ്രസംഗ വേദികളിൽ ഇടിമുഴക്കവും ആയിരുന്ന മലങ്കരയുടെ പുണ്യശ്ലോകനും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ സുന്നഹദോസ് പ്രസിഡന്റുമായിരുന്ന അഭിവന്ദ്യ ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ (പെരുമ്പള്ളി തിരുമേനി : 1933-1999) 26-ാമത് ശ്രാദ്ധപ്പെരുന്നാൾ
1933 ഒക്ടോബർ മാസം 24 ന് പുതുപ്പള്ളി പറപ്പള്ളിൽ മാത്തുവിന്റേയും അന്നമ്മയുടെയും ഏഴാമത്തെ പുത്രനായി ജനനം. കുഞ്ഞുഞ്ഞു എന്നായിരുന്നു ബാല്യത്തിൽ വിളിച്ചിരുന്നത്. ബാല്യത്തിലെ സഹോദരിയെയും പിതാവിനെയും നഷ്ടപ്പെട്ട ഗീവർഗീസ് പ്രാഥമിക വിദ്യാഭ്യാസം ഇരവിനെല്ലുർ സെന്റ് തോമസ് സ്കൂളിലും, ഹൈസ്കൂൾ വിദ്യാഭ്യാസം സെന്റ് ജോർജ് ഹൈസ്കൂളിലും പൂർത്തിയാക്കി. പഠിക്കുന്നതിൽ വളരെ സമർത്ഥൻ ആയിരുന്നു ഗീവർഗീസ്. പിന്നീട് ഒന്നാം റാങ്കോടെ കേരള സർവകലാശാലയിൽ നിന്നും ബിരുദം നേടി. അദ്ധ്യാപക പരിശീലനവും കോഴിക്കോട് ട്രെയിനിങ് കോളേജിൽ നിന്നും പൂർത്തിയാക്കി.
ബാല്യം മുതൽക്കെ മോർ ദിവന്നാസിയോസ് മിഖായേൽ മെത്രാപ്പോലീത്ത, വന്ദ്യ കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, വന്ദ്യ പറയകുളത്ത് യാക്കോബ് മൽപ്പാൻ (മോർ തിമോത്തിയോസ് യാക്കോബ് മെത്രാപ്പോലീത്ത), വന്ദ്യ മാടപ്പാട്ടു യാക്കോബ് റമ്പാച്ചൻ (മോർ യൂലിയോസ് യാക്കോബ് മെത്രാപ്പോലീത്ത) എന്നിവരുമായുള്ള സംസർഗ്ഗം സുറിയാനി പഠനത്തിനും, സഭാ പാരമ്പര്യങ്ങളും, സത്യവിശ്വാസവും മനസ്സിലാക്കുവാനും ഗീവർഗീസിന് സഹായകമായി.
1958 ൽ മോർ യൂലിയോസ് ഏലിയാസ് ബാവ ഗീവർഗീസിനെ ശെമ്മാശപട്ടം നൽകി അനുഗ്രഹിച്ചു. 1959 ൽ കശീശ്ശാ പട്ടം നൽകി പെരുമ്പളളി സെന്റ് ജോർജ് ബേത് സബ്റോ സിറിയൻ സിംഹാസന പള്ളിയുടെ വികാരിയായി നിയമിക്കുകയും ചെയ്തു. ഇവിടെ വികാരിയായിരുന്ന കാലത്ത് പുത്തൻകുരിശ് മഹാത്മാഗാന്ധി മെമ്മോറിയൽ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. പിന്നീട് റവന്യൂ വകുപ്പിലും, കണ്ടനാട് ഹൈസ്കൂൾ അദ്ധ്യാപകനായും 1974 വരെയും സേവനമനുഷ്ഠിച്ചു.
1972 ലെ വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വ ശതാബ്ദി ആഘോഷത്തിൽ അവിഭക്ത മലങ്കര സഭയിലെ ചില മെത്രാന്മാർ നടത്തിയ സ്വതന്ത്ര സഭാവാദവും, മാർത്തോമൻ സിംഹാസന വാദവും സഭയിൽ കലഹങ്ങൾക്കും അസമാധാനത്തിനും വീണ്ടും കാരണമായി. മലങ്കര അസ്സോസിയേഷനിൽ നിന്നും പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അനുകൂലിക്കുന്നവരെ അപമാനിച്ചു ഇറക്കിവിട്ടതും, പരിശുദ്ധ സിംഹാസന പ്രതിനിധി മോർ തിമോത്തിയോസ് അപ്രേം ആബൂദി മെത്രാപ്പോലീത്തയുടെ വിസ ക്യാൻസൽ ചെയ്തു തിരിച്ചു അയപ്പിച്ചതും സഭയുടെ യോജിച്ച പ്രവർത്തനങ്ങൾക്ക് വിഘാതമാകുകയും ചെയ്തു.
ഈ പശ്ചാത്തലത്തിൽ ഒന്നായി പോകുന്നത് സഭയുടെ പാരമ്പര്യത്തിനും സത്യവിശ്വാസ സംരക്ഷണത്തിനും ബുദ്ധിമുട്ടാകും എന്ന് മനസ്സിലാക്കിയ വിശ്വാസികൾ യോഗം കൂടുകയും, 1974 ൽ കരിങ്ങാച്ചിറ പള്ളിയിൽ കൂടിയ മലങ്കര അസ്സോസിയേഷൻ യോഗം ഗീവർഗീസ് കശീശ്ശയെ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. തിരഞ്ഞെടുത്ത കാര്യം പരിശുദ്ധ പാത്രിയർക്കീസ് ബാവായെ അറിയിക്കുകയും ചെയ്തു. തുടർന്ന് പരിശുദ്ധ ബാവായുടെ നിർദ്ദേശപ്രകാരം മുമ്പ് തിരഞ്ഞെടുത്ത ചെറുവിള്ളിൽ സി.എം. തോമസ് കശീശ്ശയും (ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ) പി.എം ഗീവർഗീസ് കശീശ്ശയും ഡമാസ്കസിലുള്ള പരിശുദ്ധ സഭാ ആസ്ഥാനത്തേക്ക് പോവുകയും അവിടെവച്ച് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് യാക്കൂബ് തൃതീയൻ പാത്രിയാർക്കീസ് ബാവായാൽ 1974 ഫെബ്രുവരി 24 ന് മോർ ഗ്രിഗോറിയോസ് ഗീവർഗീസ്, മോർ ദിവന്നാസിയോസ് തോമസ് എന്നീ നാമങ്ങളിൽ ഇരുവരെയും വാഴിച്ചു മലങ്കരയിലേക്കു അയക്കുകയും ചെയ്തു.
ഈ രണ്ടു മെത്രാന്മാർക്കും മലങ്കരയിൽ വിഘടിത മെത്രാൻകക്ഷി വിഭാഗക്കാരിൽ നിന്നും ഏറെ വിലക്കുകളും കേസുകളും നിറഞ്ഞ പീഡനങ്ങൾ നേരിടേണ്ടി വന്നു.
എന്നാൽ സ്തുതി ചൊവ്വാക്കപ്പെട്ട മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനികൾ ഇവർക്ക് മലങ്കരയിൽ അങ്ങോളം ഇങ്ങോളം സ്വീകരണങ്ങൾ ഒരുക്കി. പള്ളികളിൽ കയറാനാവാത്ത സാഹചര്യം വന്നപ്പോൾ ഓലമേഞ്ഞ ഷെഡ്ഡിൽ ആണ് പിതാവ് വി. കുർബ്ബാന അർപ്പിച്ചിരുന്നത്. എന്നാലും വിശ്വാസികൾ പിതാവിന്റെ കൂടെ പരിശുദ്ധ സിംഹാസനത്തിൻ കീഴിൽ ഉറച്ചു നിന്നു. പ്രയാസങ്ങൾ വരുമ്പോൾ തമ്പുരാനെ പെറ്റ അമ്മയുടേയും, വിശുദ്ധ ഗീവർഗീസ് സഹദായുടെ മുമ്പിലുള്ള മുട്ടിപ്പായ പ്രാർത്ഥന പിതാവിനെ ധൈര്യപ്പെടുത്തി.
മലങ്കര യാക്കോബായ സുറിയാനി സഭയിലെ ഏറെ സുപ്രധാന ചുമതലകൾ പെരുമ്പിള്ളി തിരുമേനി ഈ കാലയളവിൽ വഹിച്ചിരുന്നു. 1975 വരെ സഭയുടെ അസ്സോസിയേഷൻ പ്രസിഡന്റ് പെരുമ്പിള്ളി തിരുമേനി ആയിരുന്നു. പിന്നീട് കൊച്ചി ഭദ്രാസനത്തിന്റെയും മലബാർ ഭദ്രാസനത്തിന്റെയും ചുമതല ഏറ്റെടുക്കുകയും, സുന്നഹദോസ് പ്രസിഡന്റായി പ്രവർത്തിക്കുകയും ചെയ്തു. 1980 മുതൽ കോട്ടയം ഭദ്രാസന ചുമതലയും വഹിക്കുകയുണ്ടായി. സഭയുടെ വളരെ കലുഷിതമായ സമയത്ത് സഭയെ സത്യവിശ്വാസത്തിൽ നിലനിർത്തുന്നതിന് വേണ്ടി അനേകം ത്യാഗങ്ങളും കഷ്ട നഷ്ടങ്ങളും സഹിച്ച പിതാവ് നിരവധി സ്ഥാപനങ്ങളും, പള്ളികളും, ആശുപത്രികളും, സ്കൂളുകളും സഭക്ക് വേണ്ടി സ്ഥാപിച്ചു. കൂടാതെ ഹെയ്ൽ മേരി ലീഗ് പോലുള്ള സംഘടനകൾക്ക് ആരംഭം കുറിച്ചു. അതിൽ പെരുമ്പിള്ളി സിംഹാസന പള്ളി, എളംകുളം സൂനോറോ കത്തീഡ്രൽ, കോട്ടയം സെന്റ് ജോസഫ് കത്തീഡ്രൽ എന്നിവ എടുത്തു പറയേണ്ടവയാണ്.
തിരുമേനിയുടെ രചനയിൽ സഭക്കു ലഭിച്ച ആരാധനമഞ്ജരി, വിശുദ്ധ ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, കാൽ കഴുകൽ ശുശ്രൂഷക്രമം, ദുഃഖവെള്ളിയാഴ്ച നമസ്കാരം എന്നിവ വിലമതിക്കാനാവാത്ത സമ്പത്തുകൾ തന്നെയാണ്.
“മലങ്കരയുടെ മണിനാദം” എന്നറിയപ്പെട്ട പിതാവിന്റെ ഗാഭീര്യവും സ്നേഹവും വാത്സല്യവും കാർക്കശ്യവും കരുതലും സ്പഷ്ടമാകുന്നതായിരുന്നു പ്രബോധനകളും പ്രസംഗങ്ങളും. പരിശുദ്ധ സഭയോടുള്ള കൂറും, ഉപദേശങ്ങളും നിർദ്ദേശങ്ങളും, തമ്പുരാനെ പെറ്റ അമ്മയോടുള്ള ഭക്തിയും, വിശ്വാസവും അവർണനീയം തന്നെ ആയിരുന്നു. പിതാവുമായി അടുത്ത് ഇടപെട്ടിട്ടുള്ളവർക്ക് ആ സ്നേഹവും, കരുതലും ഒരിക്കലും മറക്കാൻ കഴിയില്ല. പിതാവിന്റെ വിശുദ്ധ കുർബ്ബാനയിലും, മാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ശനിയാഴ്ച ദിവസം ദൂരെ സ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ പെരുമ്പിള്ളി പള്ളിയിൽ എത്തിച്ചേരാറുണ്ടായിരുന്നു.
ഏകദേശം 175 ഓളം പേർക്ക് വൈദീക പദവിയുടെ വിവിധ സ്ഥാനങ്ങൾ പിതാവ് നൽകിയിട്ടുണ്ട്. 1995 ൽ മോർ കൂറിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത കാലം ചെയ്തതിനെ തുടർന്ന് തെക്കൻ ഭദ്രാസനത്തിന്റെ ചുമതലയും, 1996 ൽ ശ്രേഷ്ഠ മോർ ബസ്സേലിയോസ് പൗലോസ് രണ്ടാമൻ കാതോലിക്ക ബാവ കാലം ചെയ്തതിനെ തുടർന്ന് വീണ്ടും സുന്നഹദോസ് പ്രസിഡന്റായി പെരുമ്പളളി തിരുമേനിയെ തിരഞ്ഞെടുക്കുകയും ചെയ്തു.
1998 ൽ വാഴമുട്ടം സെന്റ് ഇഗ്നാത്തിയോസ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ് അവസാനമായി വിശുദ്ധ കുർബാന അർപ്പിച്ചത്. രണ്ടു മാസത്തോളം രോഗബാധിതനായി എറണാകുളം പി.വി.എസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന തിരുമേനി 1999 ഫെബ്രുവരി 22 ന് കാലം ചെയ്യുകയും അടുത്തദിവസം തിരുമേനി ആഗ്രഹിച്ചത് പോലെ തന്നെ സ്വന്തം പ്രയത്നത്തിൽ ഉണ്ടാക്കിയെടുത്ത പെരുമ്പളളി സെന്റ് ജോർജ് ബേത് സബ്റോ സിറിയൻ സിംഹാസന പള്ളിയിൽ കബറടക്കപ്പെടുകയും ചെയ്തു. പുണ്യ പിതാവിന്റെ ഓർമ്മ എല്ലാ വർഷവും ഫെബ്രുവരി 22 ന് പരിശുദ്ധ യാക്കോബായ സുറിയാനി സഭ ആചരിക്കുന്നു.
ഈ സത്യ സുറിയാനി സഭയെ അതിന്റെ പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിൽ അസ്ഥിത്വത്തിൽ നിന്നും, സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിൽ കീഴിൽ നിലനിർത്തുവാനും വിശ്വാസികളെ പ്രതികൂല സാഹചര്യത്തിൽ മുന്നിൽ നിന്നു നയിക്കാനും തിരുമേനി നടത്തിയ ഇടപെടലുകൾ പ്രശംസാവഹമാണ്. പരിശുദ്ധ പാത്രിയർകീസ് ബാവാ “ഇടിമക്കൾ” എന്നർത്ഥമുള്ള “ബർഗീഷ്”എന്ന പദവി ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്കും പുണ്യശ്ലോകനായ പെരുമ്പളളി തിരുമേനിക്കും നൽകി ആദരിച്ചിട്ടുണ്ട്. സ്വർഗ്ഗീയ ആരാധന കൊണ്ടും, ഭക്തിനിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ കൊണ്ടും സഭയെ അലങ്കരിച്ച് വിശ്വാസികളെ ഭക്തിയുടെ ആനന്ദ നിർവൃതിയിൽ ആറാടിച്ച് കാൽ നൂറ്റാണ്ട് കാലമെന്ന ചുരുങ്ങിയ കാലയളവിൽ, അവരുടെ മനസ്സിൽ കെടാവിളക്കും മാർഗ്ഗദീപവുമായിരിക്കുമ്പോൾ തന്നെ വേദ വിപരീതികൾക്ക് പേടിസ്വപ്നവുമായിരുന്നു പുണ്യശ്ലോകനായ തിരുമേനി.
പുതുപ്പള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകക്കാരനായിരുന്ന അഭിവന്ദ്യ തിരുമേനി
കേവലം 25 വർഷം മാത്രമേ തിരുമേനി “മെത്രാപ്പോലീത്ത” എന്ന നിലയിൽ നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ കാലഘട്ടം കൊണ്ട് സഭാ മക്കളുടെ മുഴുവൻ വിശ്വാസവും സ്നേഹവും കരസ്ഥമാക്കുവാൻ തിരുമേനിക്ക് കഴിഞ്ഞു. അകാലത്തിലുള്ള തിരുമേനി വേർപാട് പരിശുദ്ധ സഭയ്ക്ക് വലിയ വിടവാണ് ഉണ്ടാക്കിയിട്ടുള്ളത്. പരിശുദ്ധ അന്ത്യോഖ്യ സിംഹാസനവുമായുള്ള പൗരാണിക ബന്ധത്തിന്റെ ശക്തനായ വക്താവും സംരക്ഷകനും ആയിരുന്ന പുണ്യശ്ലോകനായ പെരുമ്പിള്ളി തിരുമേനിക്ക് 1999 ഫെബ്രുവരി 22 ന് തന്റെ പിതാവ് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ദിവസം, വിശുദ്ധ പത്രോസ് ശ്ലീഹാ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ ദിവസമായിരുന്നു. പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ 25-ാമത് ശ്രാദ്ധ ജൂബിലി (രജത ജൂബിലി) കഴിഞ്ഞ വർഷം ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ പ്രധാന കാർമികത്വത്തിൽ ആചരിക്കുന്നതിനുള്ള ഭാഗ്യവും പരിശുദ്ധ സഭയ്ക്ക് ഉണ്ടായി. പുണ്യശ്ലോകനായ പിതാവിന്റെ ഓർമ്മ നമുക്ക് അനുഗ്രഹമാകട്ടെ.
