
ശ്ലീഹന്മാരിൽ തലവനായ വിശുദ്ധ പത്രോസ് ശ്ലീഹ അന്ത്യോഖ്യായിൽ സിംഹാസനം സ്ഥാപിച്ചതിന്റെ ഓർമ്മ പുരാതന ക്രൈസ്തവ സഭകൾ ആദരവോടെ ഫെബ്രുവരിയിൽ ആചരിക്കുകയാണ്. ഫെബ്രുവരി 22 ന് ഈ ദിവസം സിംഹാസന സ്ഥാപക ദിനം എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭ ആചരിക്കുമ്പോൾ അതിന്റെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടതുണ്ട്.
◆ അന്ത്യോഖ്യായിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനം
ആധുനിക ടർക്കിയിലെ ഹത്തായ എന്ന് പ്രോവിൻസിൽ ഉൾപെടുന്ന ഒരു പ്രദേശമാണ് അന്താക്കിയ (Antakya in Hatay Province of Modern Turkey). ഓറന്റസ് നദിയുടെ സമീപം ആധുനിക സിറിയയുടെ വടക്ക്-പടിഞ്ഞാറൻ അതിർത്തിയിൽ നിന്ന് 19 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് പണ്ട് നിലനിന്നിരുന്ന പട്ടണമായിരുന്നു അന്ത്യോഖ്യാ. അത് ബി.സി 293 ൽ സെലുക്യസ് ഒന്നാമൻ നികേറ്റർ (Seleucus 1 Nicator, a general of Alexander the Great) എന്ന ഭരണാധികാരി തന്റെ പിതാവായ അന്ത്യോക്കസിന്റെ ഓർമ്മക്കായി നിർമ്മിച്ചതായിരുന്നു. പേർഷ്യൻ രാജവീഥിയും, സിൽക്ക് റൂട്ടും സമീപസ്ഥമായ ഈ പട്ടണം ‘സ്വർണ്ണ നഗരം’ എന്ന അപരനാമത്തിലും അറിയപ്പെട്ടിരുന്നു. ക്രൈസ്തവ സഭയുടെ സ്ഥാപന കാലത്ത് യഹൂദ-യവന-റോമൻ സംസ്കാരങ്ങളുടെ സംഗമ ഭൂമിയും, റോമൻ ഭരണകാലത്ത് സിറിയൻ പ്രോവിൻസിന്റെ തലസ്ഥാനമായിരുന്നു ഈ നഗരം. സാമ്രാജ്യ തലസ്ഥാനമായ റോമിനും അലക്സാന്ദ്രിയായ്ക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിച്ചിരുന്ന പട്ടണമായിരുന്നു അന്ത്യോഖ്യാ.
കർത്താവായ യേശുക്രിസ്തുവിന്റെ കാലം മുതൽ അന്ത്യോഖ്യായിലെ ജനങ്ങൾ അവിടുത്തെക്കുറിച്ച് അറിഞ്ഞിരുന്നു എന്ന് വേണം കരുതാൻ. അന്ത്യോഖ്യായിലെ യഹൂദ ജനങ്ങൾ വർഷത്തിൽ ഒരിക്കലെങ്കിലും യേരുശലേമിൽ പോവുക എന്നത് മതപരമായ നിയമമായിരുന്നു. ഈ സാഹചര്യത്തിൽ അവിടെ നടക്കുന്ന സംഭവ വികാസങ്ങൾ അറിയുക സ്വാഭാവികമായിരുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ അവർ കർത്താവായ യേശുക്രിസ്തുവിനെ കുറിച്ച് കേൾക്കുകയും അവിടുന്ന് നേരിട്ട് കാണുകയും ചെയ്യുവാനുള്ള സാധ്യത വളരെയധികമാണ്. ഒരുപക്ഷേ അക്കാലത്ത് കർത്താവിന്റെ സുവിശേഷം സ്വീകരിച്ചവരായിരിക്കാം അന്ത്യോഖ്യായിലെ ആദിമ ക്രൈസ്തവർ. ആദിമസഭയുടെ തിരഞ്ഞെടുക്കപ്പെട്ട ഏഴ് ശെമ്മാശ്ശൻമാരിൽ ഒരാളായ നിക്കോളാവോസ് (പ്രക്സീസ് 6:5) അന്ത്യോഖ്യായിൽ നിന്നുള്ള ആളായിരുന്നു എന്നത് അക്കാലത്ത് ക്രൈസ്തവ സഭയിലെ പ്രാതിനിധ്യം എടുത്തു കാണിക്കുന്നു.
പ്രക്സീസ് 11:19-26 വരെ പ്രതിപാദിക്കുന്ന സ്തേഫാനോസ് ശെമ്മാശ്ശന്റെ രക്തസാക്ഷിത്വവും തുടർന്ന് നടന്ന ക്രൈസ്തവ പീഡനങ്ങളും, ശേഷം സംഭവിച്ച ക്രൈസ്തവ പാലായനങ്ങളും ക്രൈസ്തവസഭയുടെ വ്യാപനത്തിന് കാരണമായി. ഇപ്രകാരം ചിതറപ്പെട്ട വിശ്വാസികൾ അന്ത്യോഖ്യായിലും എത്തി. അവർ അന്ത്യോഖ്യായിലെ യവനരോടും റോമാക്കാരോടും സുവിശേഷം അറിയിച്ചു. ഇതിന്റെ ഫലമായി അവിടെ ഒരു വലിയ ക്രൈസ്തവ സമൂഹം രൂപം കൊണ്ടു. ഈ വാർത്ത അപ്പോസ്തോലൻമാർ അറിഞ്ഞപ്പോഴാണ് വി. ബർന്നബാസ് വി. പൗലോസ് അപ്പോസ്തോലനെ അയക്കുന്നത്. അധികം താമസിയാതെ അന്ത്യോഖ്യാ ആദിമ സഭയുടെ ക്രൈസ്തവ കേന്ദ്രമായി വളർന്നു. അവിടെ വച്ച് ക്രിസ്തുവിന്റെ അനുനായികൾക്ക് ‘ക്രിസ്ത്യാനികൾ’ എന്ന പേര് ലഭിച്ചു (പ്രക്സീസ് 11:26).
ഈ സാഹചര്യങ്ങളിലാണ് വി. പത്രോസ് അപ്പോസ്തോലൻ തന്റെ ദൗത്യവുമായി അന്ത്യോഖ്യായിൽ എത്തുന്നത്. അദ്ദേഹം അവിടെ തന്റെ ആസ്ഥാനമാക്കുകയും അവിടം കേന്ദ്രീകരിച്ച് ഭരണം നിർവഹിക്കുകയും ചെയ്തു. അതോടെ യെരുശലേം കഴിഞ്ഞാൽ ക്രൈസ്തവസഭയുടെ കേന്ദ്രമായി അന്ത്യോഖ്യാ മാറി. ഇതിനാൽ തന്നെ ‘ജാതീയ ക്രൈസ്തവ സഭകളുടെ മാതാവ്’ എന്ന് അന്ത്യോഖ്യാ സഭ അറിയപ്പെട്ടു. സുവിശേഷ പ്രഘോഷണത്തിനും സഹോദര സഭകളുടെ ക്ലേശത്തിൽ സഹായിക്കാനും ക്രൈസ്തവ രക്ഷാ സിദ്ധാന്തത്തിന്റെ രൂപീകരണത്തിനും യെരുശലേം സുന്നഹദോസിന് കാരണമാകാനുമെല്ലാം അന്ത്യോഖ്യാ സഭ ‘സഭകളുടെ മാതാവ്’ എന്ന സ്ഥാനം അന്വർത്ഥമാക്കാൻ അതിന് സാധിച്ചു.
◆ സിംഹാസനം അഥവാ ഭരണ സംവിധാനം
വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒരു വാക്കാണ് സിംഹാസനം. സാധാരണയായി ചക്രവർത്തിമാരുടെയോ, രാജാക്കന്മാരുടെയോ, അധികാരികളുടെയോ ഇരിപ്പിടം എന്ന അർത്ഥത്തിലാണ് സിംഹാസനം എന്ന പദം മനസ്സിലാക്കപ്പെടുന്നത്. എന്നാൽ സഭാ വിജ്ഞാനീയത്തിൽ സിംഹാസനം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് മറ്റൊന്നാണ്. ശ്ലീഹൻമാരാൽ സ്ഥാപിതമായ ഒരു സഭ ഇടമുറിയാതെ ആ ശ്ലെഹീക കൈവെപ്പ് പിന്തുടർന്ന് വരുവാൻ തക്കവണ്ണം ക്രമീകരിക്കുന്ന സംവിധാനത്തിനാണ് സിംഹാസനം എന്ന് പറയുന്നത്. മറ്റൊരു വിധത്തിൽ ഇണമുറിയാതെ പിന്തുടർച്ച എടുത്ത് കാണിക്കുവാൻ ഒരു അപ്പോസ്തോലിക സഭക്ക് കഴിഞ്ഞാൽ ആ സംവിധാനത്തെ സിംഹാസനം എന്ന് വിളിക്കാം. അതായത് സിംഹാസനം എന്നാൽ അലംകൃതമായ ഒരു കസേരയല്ല മറിച്ച് ഒരു സംവിധാനമാണ്. ഈ തലത്തിലാണ് വി. പത്രോസിന്റെ അപ്പോസ്തോലിക സിംഹാസനം മനസ്സിലാക്കപ്പെടേണ്ടത്.
എ.ഡി 37 ലാണ് അപ്പോസ്തോലനായ വി. പത്രോസ് അന്ത്യോഖ്യായിൽ എത്തിച്ചേരുന്നത്. അവിടെ സ്ഥാപിക്കപ്പെട്ട സഭക്ക് പ്രയോജനകരമാം വിധം, ഒരു ഭരണ സംവിധാനം രൂപപ്പെടുത്തുവാനും അവർക്ക് വിശ്വാസ സംബന്ധമായി ഒരു നല്ല അടിത്തറ നൽകുവാനുമായാണ് വി. പത്രോസ് അപ്പോസ്തോലൻ അവിടെ എത്തുന്നത്. അന്ത്യോഖ്യാ പട്ടണക്കാരനായ മോർ തെയോഫിലോസിന്റെ (വി.ലൂക്കോസ് തന്റെ രണ്ട് കൃതികളും എഴുതപ്പെട്ടത് ഇദ്ദേഹത്തിനാണ് എന്ന് കരുതപ്പെടുന്നു) ഭവനത്തിലാണ് തന്റെ വാസം ഉറപ്പിച്ചത്. അതിനാൽ തന്നെ ഇദ്ദേഹത്തിന്റെ ഭവനമായിരുന്നു അന്ത്യോഖ്യാ സഭയുടെ പ്രഥമ ആസ്ഥാനം. തുടർന്ന് അന്ത്യോഖ്യായിലെ പട്ടാള ദൈവാലയത്തിലെ പട്ടക്കാരനായ യൗദിയോസിനെ (ഏവോദോസിയോസ്) അവിടത്തെ ആദ്യ മേൽപ്പട്ടക്കാരനായി നിയമിച്ചു. അദ്ദേഹത്തിന് അവിടത്തെ യഹൂദ ക്രൈസ്തവരുടെ തലവനായാണ് നിയമിച്ചത്. തുടർന്ന് ഇഗ്നാത്തിയോസ് നൂറോനോയെ അവിടത്തെ ജാതീയ ക്രൈസ്തവ സഭയുടെ തലവനായും വി. പത്രോസ് ശ്ലീഹ പട്ടം കെട്ടി. ഏഴുവർഷം (രണ്ട് എന്നും ഒരുഭിപ്രായമുണ്ട്) അദ്ദേഹം അവിടെ താമസിച്ച് സഭയുടെ ഭരണം നിർവ്വഹിച്ചു. അന്ന് വി. പത്രോസ് ശ്ലീഹ തുടങ്ങിവച്ച ആ സംവിധാനമാണ് (സിംഹാസനം) ഇന്നും ഇണമുറിയാതെ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവാ വരെ എത്തി നിൽക്കുന്നത്.
◆ വിശുദ്ധ സിംഹാസനം കത്തോലിക്ക സഭാ ചരിത്രത്തിൽ
ഒരു പക്ഷേ സുറിയാനി ഓർത്തഡോക്സ് സഭ ആചരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായി വി. പത്രോസിന്റെ അന്ത്യോഖ്യായിലെ സിംഹാസന സ്ഥാപന ദിനം ആചരിക്കുന്നത് ഇന്ന് കത്തോലിക്ക സഭയാണ്. ലിബേരിയസ് പാപ്പായുടെ കാലം മുതൽ (എ.ഡി 354) ഈ ദിവസം കത്തോലിക്ക സഭ പെരുന്നാളായി ആചരിക്കുന്നു. ആറാം നൂറ്റാണ്ടിൽ രൂപീകരിച്ച കത്തോലിക്ക കലണ്ടറിലും ഈ പെരുന്നാൾ ആഘോഷിക്കുന്നതായി തെളിവുണ്ട്. മാത്രവുമല്ല റോമൻ സഭയുടെ എല്ലാ പെരുന്നാൾ പഞ്ചാംഗത്തിലും ഈ തീയതി പ്രത്യേകമായി രേഖപ്പെടുത്തിയിരിക്കുന്നു. റോമിലെ സിംഹാസന സ്ഥാപനം ദിനമായി കത്തോലിക്കാ സഭ കരുതുന്നത് ജനുവരി 18 നാണ്. എന്നാൽ ഫെബ്രുവരി 22 നാണ് പ്രാധാന്യം കൂടുതലെന്ന് കത്തോലിക് എൻസൈക്ലോപീഡിയ പോലും സാക്ഷിക്കുന്നു.
◆ ദൃശ്യമായ സിംഹാസനം
സിംഹാസനം എന്നത് ഒരു കസേരയല്ല മറിച്ച് ഒരു സംവിധാനമാണ് എന്ന് മുകളിൽ കണ്ടു കഴിഞ്ഞു. എന്നാൽ പഴയ അന്ത്യോഖ്യാ പട്ടണത്തിൽ മലയിൽ കൊത്തി നിർമ്മിച്ചിട്ടുള്ള പത്രോസിന്റെ നാമത്തിൽ അറിയപ്പെടുന്ന ദൈവാലയത്തിൽ, കല്ലിൽ തീർത്ത ഒരു ഇരിപ്പിടമുണ്ട്. അത് പത്രോസിന്റെ സിംഹാസനം എന്ന് അറിയപ്പെടുന്നു. ഒരാൾക്ക് ഇരിക്കാൻ തക്കവിധം കൈകൾ വയ്ക്കാനുള്ള പിടി ഉൾപ്പെടെ നിർമ്മിച്ചിട്ടുള്ള ഈ കല്ല്, സിംഹാസനത്തിൽ വി. പത്രോസ് ഇരിന്നിരിക്കാനുള്ള സാധ്യത അജ്ഞാതമാണ്. അന്ത്യോഖ്യായുടെ പാത്രിയർക്കാ ആസ്ഥാനമായിരുന്ന കുർക്കുമാ ദയറായിൽ (ഡയർ സഫ്രാൻ ആശ്രമം, ടർക്കി) പാത്രിയർക്കീസുമാർ ഇരുന്നിരുന്ന ഒരു സിംഹാസനം നിലവിലുണ്ട്. മരം കൊണ്ട് നിർമ്മിച്ച ഈ സിംഹാസനത്തിന് വിശേഷ തയ്പും അലങ്കാരങ്ങളും കൊണ്ട് ഒരു ശ്രേഷ്ഠ രൂപം കൈവരുന്നു. സുറിയാനി ഓർത്തഡോക്സ് സഭയിൽ വി. പത്രോസിന്റെ ഈ സിംഹാസനം വളരെ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടുന്നു. വി. പത്രോസ് മുതൽക്ക് ഇന്നു വരെ സിംഹാസനത്തിൽ ആരൂഢരായ പിതാക്കന്മാരുടെ പേരുകൾ ഈ സിംഹാസനത്തിൽ മുദ്രണം ചെയ്തിട്ടുണ്ട്.
കത്തോലിക്ക സഭ വി. പത്രോസിന്റേതായി കരുതുന്ന ഒരു സിംഹാസനം വത്തിക്കാനിൽ ഉണ്ട്. ഇതും മരം കൊണ്ടു നിർമ്മിച്ച് വിശേഷപ്പെട്ട വസ്തുക്കൾ കൊണ്ട് അലങ്കരിച്ച ഒന്നാണ്. ഇതിന്റെ രണ്ടു വശത്തും അത് എടുത്തു കൊണ്ടു പോകുവാൻ തക്കവിധം ചെമ്പ് കൊളുത്തുകൾ ഘടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് എ.ഡി 875 ൽ ചാൾസ് ചക്രവർത്തി യോഹന്നാൻ എട്ടാമൻ പാപ്പക്ക് സമ്മാനമായി നൽകിയതാണെന്നും പറയപ്പെടുന്നു. കേടുപാടുകളെ തുടർന്ന് 1867 ൽ അവസാനമായി പ്രദർശിപ്പിച്ചതിനു ശേഷം വത്തിക്കാൻ പിന്നീട് ഇത് പുറത്ത് കാണിച്ചിട്ടില്ല.
◆ സിംഹാസനത്തിന്റെ അർത്ഥ വ്യാപ്തിയും പ്രാധാന്യവും
വിശുദ്ധ അന്ത്യോഖ്യാ സിംഹാസനം ഒരു പ്രതീകമാണ്. ഇണമുറിയാത്ത കൈവപ്പ് ലഭിച്ചതിന്റെ സാക്ഷ്യവും തെളിവും അതു തന്നെ. പാത്രിയർക്കീസാകുന്ന വ്യക്തിയല്ല മറിച്ച് അവർ ഏറ്റെടുക്കുന്ന സ്ഥാനത്തിന്റെ മഹത്വവും വിശിഷ്ടതയുമാണ് വ്യക്തിയെ ശ്രേഷ്ഠപ്പെടുത്തുന്നത്. പരിശുദ്ധ സഭയെ നിയന്ത്രിക്കുന്ന പരി. റൂഹായാൽ നിയന്ത്രിക്കപ്പെടുന്ന വി. എപ്പിസ്കോപ്പൽ സുന്നഹദോസിന്റെ നടപടികൾ വിളംബരം ചെയ്യുകയും വി. സുന്നഹദോസുകളാൽ ക്രമപ്പെടുത്തുന്ന സത്യവിശ്വാസം കലർപ്പ് കൂടാതെ സംരക്ഷിക്കുന്ന സ്ഥാനവും അതു തന്നെ. ഇപ്രകാരം വർഗ്ഗ-വർണ്ണ-ഗോത്ര വ്യത്യാസമില്ലാതെ അതിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തി ആകമാന സഭയുടെ ദൃശ്യ തലവനായി മാറുന്നു.
സിംഹാസനം സംസ്കാരങ്ങളെയും ഭാഷകളെയും ദേശങ്ങളെയും കൂട്ടിയിണക്കുന്ന മഹാ കണ്ണിയാണ്. മലങ്കര മക്കളും അർമ്മേനിയനും അരാമ്യനും ഒരുപോലെ ആശ്ലേഷിക്കുന്ന സത്യവിശ്വാസത്തിന്റെ കേന്ദ്രമായി വിശുദ്ധ സിംഹാസനം മാറ്റപ്പെടുന്നു. ലോകത്തിന്റെ ഏതു കോണിലുമുള്ള സുറിയാനി ക്രിസ്ത്യാനികളെ കൂട്ടിയിണക്കുന്ന കണ്ണിയാണ് അന്ത്യോഖ്യായിലെ വിശുദ്ധ സിംഹാസനം. അതിനാൽ തന്നെ വിശുദ്ധ സിംഹാസന സ്ഥാപനത്തിന്റെ ഓർമ്മ പുതുക്കൽ ഒരു വിശ്വാസിയുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുന്ന, ശ്രേഷ്ഠത ഓർമ്മിപ്പിക്കുന്ന, സത്യവിശ്വാസം പുതുക്കുന്ന നവ്യ അനുഭവമായി തീരട്ടെ!
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടെ!
അന്ത്യോഖ്യാ-മലങ്കര ബന്ധം നീണാൾ വാഴട്ടെ!
ഏവർക്കും പാത്രിയർക്കാ ദിനത്തിന്റെ പ്രാർത്ഥനാ മംഗളങ്ങൾ.
(കടപ്പാട് : ഫാ. ഗ്രിഗർ കൊള്ളന്നൂർ)
