
മുളന്തുരുത്തി ● പെരുമ്പള്ളി സെന്റ് ജോർജ്ജ് സിറിയൻ സിംഹാസന ബത് സബ്റൊ പള്ളിയിൽ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവായുടെയും ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ 26-ാമത് ശ്രാദ്ധപ്പെരുന്നാളും സംയുക്തമായി തുടക്കം കുറിച്ചു. വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്ത് കൊടിയേറ്റി.
പെരുന്നാൾ ദിവസങ്ങളായ ഫെബ്രുവരി 20 വ്യാഴം രാവിലെ 6.30 ന് പ്രഭാത പ്രാർത്ഥന, 7 ന് വിശുദ്ധ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, വൈകിട്ട് 6.30 ന് സന്ധ്യാപ്രാർത്ഥന, 7.30 ന് പ്രദക്ഷിണം, ആശീർവ്വാദം, നേർച്ച സദ്യ എന്നിവ നടക്കും.
ഫെബ്രുവരി 21 വെള്ളി രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8 ന് വിശുദ്ധ കുർബ്ബാന, കബറിങ്കൽ ധൂപപ്രാർത്ഥന, തുടർന്ന് പെരുമ്പള്ളി തിരുമേനിയിൽ നിന്നും പട്ടമേറ്റ വൈദീകരുടെ സംഗമം, വൈകിട്ട് 6 ന് അഭിവന്ദ്യ മോർ പീലക്സീനോസ് സഖറിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന, 7 ന് ഇടവക സംഗമം, ഭക്തസംഘടനകളുടെ കലാപരിപാടികൾ, വിവിധ ദേവാലയങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് സ്വീകരണം, നേർച്ചസദ്യ എന്നിവ ഉണ്ടാകും.
പ്രധാനപ്പെരുന്നാൾ ദിനമായ ഫെബ്രുവരി 22 ശനി രാവിലെ 7 ന് പ്രഭാത പ്രാർത്ഥന, 8.30 ന് അഭിവന്ദ്യ ദിയസ്കോറോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന, 10.30 ന് കബറിങ്കൽ ധൂപപ്രാർഥന എന്നിവ നടക്കും. ‘ഇടയസങ്കീർത്തനങ്ങൾ 2025’ വിജയികൾക്ക് പെരുമ്പള്ളി തിരുമേനി അനുസ്മരണ എവർ റോളിംഗ് ട്രോഫി സമ്മാന വിതരണം അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവ്വഹിക്കും. പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനി രചിച്ച അതിമനോഹര ഗാനങ്ങൾ മത്സര വിജയികൾ ആലപിക്കും. തുടർന്ന് പ്രദക്ഷിണം, ആശീർവ്വാദം, നേർച്ചസദ്യ, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
പെരുന്നാൾ ശുശ്രൂഷകൾ യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ തൽസമയ സംപ്രേഷണം ചെയ്യും.

