
മലങ്കരയിൽ അന്ത്യോഖ്യാ സിംഹാസനത്തിന്റെ പ്രതിനിധിയും മഞ്ഞിനിക്കര കുന്നിലെ മഹാപരിശുദ്ധന്റെ കബറിടത്തിന്റെ സൂക്ഷിപ്പുകാരനുമായി വർത്തിക്കുകയും സത്യവിശ്വാസത്തിന്റെ തിരിനാളം കെട്ടുപോകാതെ സൂക്ഷിക്കുവാൻ ദീപ്ത ശോഭയായി പരിലസിച്ച പുണ്യ പിതാവായിരുന്നു ഏലിയാസ് മോർ യൂലിയോസ് ബാവ.
മധ്യപൗരസ്ത്യ ദേശത്ത് തുർക്കി രാജ്യത്തെ മർദ്ദീനിൽ 1881 ആഗസ്റ്റ് 1 ന് മല്ക്കെ കോറെയുടെ മകനായി ജനിച്ച ഏലിയാസ് പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 1902 ൽ കുർക്കുമ ദയറായിൽ ചേർന്നു. തന്റെ 24 മത് വയസ്സിൽ ദയറാവസ്ത്രം സ്വീകരിച്ച ഏലിയാസ് 1906 ൽ പരി. ഇഗ്നാത്തിയോസ് അബ്ദുള്ള രണ്ടാമൻ ബാവായുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരവെ 27-ാം വയസ്സിൽ കശ്ശീശയായി. 1911 ൽ മർദ്ദിനിലെ ദയറായുടെ തലവനായി തീർന്ന ഏലിയാസ് റമ്പാച്ചനെ തുർക്കി സുൽത്താനായിരുന്ന മുഹമ്മദ് റഷീദ് മെഡൽ നൽകി ആദരിച്ചിട്ടുണ്ട്.
1923 സെപ്തംബർ 23 ന് മർദ്ദീനിലെ നാൽപ്പത് സഹദേന്മാരുടെ പള്ളിയിൽ വെച്ച് പരി. ഏലിയാസ് തൃതീയൻ ബാവായുടെ തൃക്കരങ്ങളാൽ ഏലിയാസ് റമ്പാച്ചൻ മോർ യൂലിയോസ് എന്ന പേരിൽ മെത്രാപ്പോലീത്തയായി വാഴിച്ച് മലങ്കരയിലേക്ക് അയക്കപ്പെട്ടു. മലങ്കരയിലെ പ്രഥമ സിംഹാസന പ്രതിനിധിയായിരുന്ന മോർ ഒസ്താത്തിയോസ് സ്ലീബാ ബാവയുടെ സഹായിയായി 1927 മുതൽ നിയമിക്കപ്പെട്ടു. പരിശുദ്ധ ഓസ്താത്തിയോസ് ബാവ കാലം ചെയ്തതിനെത്തുടർന്ന് 1930 ൽ മലങ്കരയിലെ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി നിയമിക്കപ്പെട്ടു.
1927 ൽ അന്നത്തെ സിംഹാസനപ്രതിനിധിയായിരുന്ന സ്ലീബാ മോർ ഒസ്താത്തിയോസ് ബാവ കാലം ചെയ്തപ്പോൾ 1930 ൽ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായി യൂലിയോസ് ബാവ നിയമിക്കപ്പെട്ടു.
പരി. ഏലിയാസ് തൃതീയൻ ബാവയുടെ കബർ, മഞ്ഞിനിക്കര ദയറായുടെ നിർമ്മാണം എന്നിവയ്ക്കു നേതൃത്വം നൽകിയ പിതാവ് മലങ്കരയിൽ ധാരാളം സിംഹാസന പള്ളികൾ നിർമ്മിക്കുന്നതിന് നേതൃത്വം നൽകി.
വൈദിക വിദ്യാഭ്യാസമേഖലയിൽ ബാവ നൽകിയ സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. അക്കാലത്ത്
മഞ്ഞിനിക്കര ദയറാ സുറിയാനി സഭയുടെ പ്രശസ്തമായ വൈദീക വിദ്യാഭ്യാസ കേന്ദ്രമായി അറിയപ്പെട്ടു. മികച്ച ശിക്ഷണമാണ് അന്ന് അവിടെ വൈദികർക്ക് ലഭിച്ചിരുന്നത്. നിരവധി വൈദീക വിദ്യാർത്ഥികൾക്ക് ശെമ്മാശ്ശ-വൈദീക പട്ടങ്ങൾ ബാവാ നൽകി.
തന്റെ ജീവിതകാലത്ത് പരി. ഏലിയാസ് തൃതീയൻ ബാവ, അപ്രേം പ്രഥമൻ ബാവ, യാക്കോബ് തൃതീയൻ ബാവ തുടങ്ങിയ മൂന്നു പാത്രിയർക്കീസ് ബാവാമാരുടെ കാലഘട്ടങ്ങളിൽ മലങ്കരയിലെ സിംഹാസന പ്രതിനിധിയായിരുന്നു മോർ യൂലിയോസ് ബാവ. കൂടാതെ 1934 ൽ പരി. യാക്കൂബ് തൃതീയൻ പാത്രിയർക്കീസ് ബാവായെ വൈദിക പട്ടം നൽകിയതും യൂലിയോസ് ബാവായാണ്.
39 വർഷക്കാലം മലങ്കരയിൽ മെത്രാപ്പൊലീത്തയായി സേവനമനുഷ്ഠിച്ച ബാവ പ്രായാധിക്യത്താലും ഹൃദ്രോഗത്താലും ഏറെ തളർന്നിരുന്നു. 1962 ഫെബ്രുവരി 19ന് രാവിലെ 8.30 ന് ബാവ കാലം ചെയ്യുകയും തുടർന്ന് പള്ളി മദ്ബഹായുടെ മുൻപിൻ കബറടക്കുകയും ചെയ്തു.
പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനവും മലങ്കരയുമായ ബന്ധം നിലനിർത്താൻ ഏറെ സേവനങ്ങൾ ചെയ്ത പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവയുടെ ഓർമ്മ ആണ്ടുതോറും ഫെബ്രുവരി 19 ന് പരിശുദ്ധ സഭ ആചരിക്കുന്നു.
