അങ്കമാലി ഭദ്രാസനത്തെ മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത നയിക്കും

പുത്തന്‍കുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയായി മലങ്കര മെത്രാപ്പോലീത്തയും നിയുക്ത കാതോലിക്കയുമായ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ നിയമിച്ചു.

പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ No. EI. 02/2025-ാം നമ്പർ കല്പ‌ന പ്രകാരമാണ് മലങ്കര മെത്രാപ്പോലീത്തയ്ക്ക് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല നൽകിയത്. ഇന്ന് അങ്കമാലി ഭദ്രാസനത്തിലെ ദൈവാലയങ്ങളിൽ പ്രസ്തുത കല്പന വായിച്ചു.

ദീർഘക്കാലം അങ്കമാലി ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായിരുന്ന ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്‌തതിനെ തുടർന്ന് 2002 ഭരണഘടന 141-ാം ചട്ടം അനുശാസിക്കുന്ന പ്രകാരമാണ് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതല മലങ്കര മെത്രാപ്പോലീത്തയ്ക്ക് നൽകിയിരിക്കുന്നത്.

1994 ജനുവരി 16 ന് 33-ാം വയസ്സിൽ പുണ്യ പിതാവായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയാണ് ദമാസ്കസിൽ വച്ച് കൊച്ചി ഭദ്രാസനത്തിനു വേണ്ടി ‘മോർ ഗ്രിഗോറിയോസ്’ എന്ന നാമത്തിൽ മെത്രാപ്പോലീത്തയായി വാഴിച്ചത്. 18 വർഷം സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയായി അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത പ്രവർത്തിച്ചു.

ശ്രേഷ്‌ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2019 ആഗസ്റ്റ് 28 ൽ പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുത്തു. 2023 ഒക്ടോബർ 24 ന് പുത്തൻകുരിശിൽ ചേർന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി വീണ്ടും അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ 2024 ഫെബ്രുവരി 4 ന് മലങ്കരയിൽ നടത്തിയ അപ്പോസ്തോലിക സന്ദർശനത്തിൽ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്റെ അഭ്യർത്ഥന പ്രകാരം പതിനായിരങ്ങൾ തിങ്ങിക്കൂടിയ പുത്തൻകുരിശിലെ പൊതു സമ്മേളനത്തിൽ വച്ച് അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ ‘മലങ്കര മെത്രാപ്പോലീത്തയായി’ പ്രഖ്യാപിച്ചു.

ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ അനാരോഗ്യത്തെ തുടർന്ന് പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ കാതോലിക്കോസ് അസിസ്റ്റന്റ് ആയി നിയമിച്ചു. ശ്രേഷ്ഠ ബാവയുടെ അനാരോഗ്യകാലത്ത് ശ്രേഷ്ഠ ബാവയുടെ കല്പന പ്രകാരവും, ശ്രേഷ്ഠ കാതോലിക്ക ബാവ കാലം ചെയ്‌തതിനെ തുടർന്നും, പരിശുദ്ധ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ കല്‌പന പ്രകാരം പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിൽ പ്രസിഡന്റായി അദ്ധ്യക്ഷത വഹിച്ചു വരുന്നു.

2024 ഡിസംബർ 8 ന് പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ ബാവ മലങ്കരയിലെ അപ്പോസ്തോലിക സന്ദർശനത്തിൽ പുണ്യശ്ലോകനായ ശ്രേഷ്ഠ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവയുടെ പിൻഗാമിയായി അഭിവന്ദ്യ മോർ ഗ്രിഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചിരുന്നു.

  • Related Posts

    ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് കർത്താവിൽ നിദ്ര പ്രാപിച്ചു

    കാക്കനാട് ● അങ്കമാലി ഭദ്രാസനത്തിലെ സീനിയർ വൈദികനും സന്യസ്ത പട്ടക്കാരനുമായ ഫാ. കെ.എം. എബ്രഹാം കൂളിയാട്ട് (81) കർത്താവിൽ നിദ്ര പ്രാപിച്ചു. കാക്കനാട് നിലംപതിഞ്ഞമുകൾ സെന്റ് തോമസ് ബേത്‌ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ്. ഫെബ്രുവരി 14 വെള്ളിയാഴ്ച രാവിലെ 7…

    ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിലെ 116-ാമത് വാർഷികപ്പെരുന്നാളിന് കൊടിയേറി

    കൂത്താട്ടുകുളം ● കണ്ടനാട് ഭദ്രാസനത്തിലെ ഇടയാർ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ 116-ാമത് വാർഷികപ്പെരുന്നാളിന് വികാരി ഫാ. ജിജിൻ ജോൺ പാപ്പനാൽ കൊടിയേറ്റി. പെരുന്നാളിനോടനുബന്ധിച്ച് ഫെബ്രുവരി 12 ബുധനാഴ്ച വൈകീട്ട് 6.30-ന് സന്ധ്യാപ്രാർത്ഥന, 7.30-ന് പ്രസംഗം, ആശിർവാദം എന്നിവ നടന്നു.…