അങ്കമാലി ● ഭാരതത്തിലെ അതിപുരാതന ദൈവാലയവും അങ്കമാലി മേഖലയിലെ ക്രൈസ്തവരുടെ മാതൃദൈവാലയവുമായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയപള്ളിയുടെ 1200-ാമത് വൃശ്ചികം 19 പെരുന്നാളും സത്യവിശ്യാസ സംരക്ഷകൻ പരിശുദ്ധനായ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഡിസംബർ 1, 2 തീയതികളിൽ കൊണ്ടാടും.
പ്രധാന പെരുന്നാൾ ദിനങ്ങളായ ഡിസംബർ 1 ന് രാവിലെ 7 മണിക്ക് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് 1200-ാം ജൂബിലി വർഷത്തിന്റെ ഭാഗമായി വി. ഏഴിന്മേൽ കുർബ്ബാന അർപ്പിക്കപ്പെടും. അഭിവന്ദ്യ മോർ തേവോദോസിയോസ് മാത്യൂസ് മെത്രാപ്പോലീത്ത പ്രധാന കാർമികത്വവും അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ക്ലീമിസ് കുര്യാക്കോസ്, മോർ ഐറേനിയോസ് പൗലോസ്, മോർ യൂലിയോസ് ഏലിയാസ്, മോർ തീമോത്തിയോസ് മാത്യൂസ് എന്നിവരും വന്ദ്യ ടൈറ്റസ് വർഗീസ് തേയ്ക്കാനത്ത് കോറെപ്പിസ്കോപ്പ, വന്ദ്യ ഇട്ടൂപ്പ് ആലൂക്കൽ കോറെപ്പിസ്കോപ്പ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് പ്രസംഗം, ധൂപപ്രാർത്ഥന, വഴിപാട് സമർപ്പണം, തമുക്ക് നേർച്ച എന്നിവ നടക്കും. വൈകിട്ട് 4 മണിക്ക് മേമ്പൂട്ടിൽ നിന്ന് പൊൻ-വെള്ളി കുരിശുകളും പള്ളി ഉപകരണം ആഘോഷപൂർവ്വം പള്ളിയകത്തേക്ക് കൊണ്ടു പോകും.
വൈകിട്ട് 7 മണിക്ക് അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സന്ധ്യാപ്രാർത്ഥന നടക്കും. തുടർന്ന് 1200-ാമത് ജൂബിലിയുടെ ഭാഗമായി ഇടവക നിർമ്മിച്ച് നൽകുന്ന ഭവനത്തിന്റെ താക്കോൽ ദാനം അഭിവന്ദ്യ മോർ അത്താനാസിയോസ് എലിയാസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും. 9.30 ന് സൂത്താറ പ്രാർത്ഥനയും ഈ ദൈവാലയത്തിൽ മാത്രം പ്രത്യേകമായി മോർ ശാബോർ അഫ്രോത്ത് പിതാക്കന്മാരെ സ്മരിച്ചുകൊണ്ട് നടത്തപ്പെടുന്ന പ്രത്യേക ധൂപപ്രാർത്ഥനയും അഭിവന്ദ്യ മോർ അത്താനാസിയോസ് എലിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടക്കും.
പ്രധാനപ്പെരുന്നാൾ ദിവസം ഡിസംബർ 2 ന് രാവിലെ 5.30 ന് പ്രഭാത പ്രാർത്ഥനയും 6 മണിക്ക് അഭിവന്ദ്യ ഡോ. മോർ സേവേറിയോസ് എബ്രഹാം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ആദ്യത്തെ വിശുദ്ധ കുർബ്ബാനയും 7 മണിക്ക് അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ രണ്ടാമത്തെ വിശുദ്ധ കുർബ്ബാനയും തുടർന്ന് 9 മണിക്ക് അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബ്ബാനയും നടക്കും. തുടർന്ന് നടക്കുന്ന ധൂപപ്രാർത്ഥനയ്ക്കും പ്രദിക്ഷണത്തിനും നേർച്ചസദ്യക്കും ശേഷം പെരുന്നാൾ ശുശ്രൂഷകൾക്ക് സമാപനമാകും.
പെരുന്നാൾ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം യാക്കോബായ സുറിയാനി സഭയുടെ ഔദ്യോഗിക മാധ്യമ വിഭാഗമായ ജെ.എസ്.സി ന്യൂസിലൂടെ ലഭ്യമാകും.