പത്മശ്രീ ഷെവ. ഡോ. റ്റി.പി ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു; സത്യ വിശ്വാസത്തെ നെഞ്ചോടു ചേർത്ത വ്യക്തിത്വം

പുത്തന്‍കുരിശ് ● അങ്കമാലി ഭദ്രാസനത്തിലെ ആലുവ തൃക്കുന്നത്ത് സെമിനാരി ഇടവകയിൽ തേനുങ്കൽ വർക്കി പൗലോസിന്റെ പുത്രൻ പത്മമശ്രീ ഷെവ. ഡോ. റ്റി.പി. ജേക്കബ് കർത്താവിൽ നിദ്ര പ്രാപിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ഭൗതിക ശരീരം നവംബർ 24 ഞായറാഴ്‌ച രാവിലെ ഇൻഡിഗോ വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ എത്തിക്കും. 12.30 മുതൽ മലേക്കുരിശ് ദയറയിൽ പൊതുദർശനത്തിന് വെക്കും. 2.00-ന് ഭൗതിക ശരീരം ദയറാ സെമിത്തേരിയിൽ സംസ്കരിക്കും.

സഭാചരിത്രത്തിൽ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യമായ ആലുവ തേനുങ്കൽ കുടുംബത്തിലാണ് ജനനം. തികഞ്ഞ സഭാസ്നേഹിയും സത്യ വിശ്വാസത്തെ നെഞ്ചോടു ചേർത്ത വ്യക്തിത്വമായിരുന്നു റ്റി.പി. ജേക്കബ്.

ആറ് പതിറ്റാണ്ടിലുപരിയായി മദ്രാസിൽ വാസ്കുലർ സർജനായി പ്രവർത്തിച്ചുവരുകയാണ്. ഏഷ്യയിലാദ്യമായി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ വാസ്കുലർ സർജറി ഡിപ്പാർട്‌മെന്റിനു തുടക്കം കുറിച്ചു. അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സേവനത്തെ മാനിച്ച് രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്. പരിശുദ്ധ പാത്രിയർക്കീസ് ബാവ ഷെവലിയർ സ്ഥാനം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. കൂടാതെ ഓസിയോ ഹക്കിമോ ഡി-ഈത്തൻ ബി-ഹിന്ദു (ബുദ്ധിമാനായ ഭിഷ്വഗരൻ) എന്ന പരമോന്നത ബഹുമതിയും 1984-ൽ ലഭിച്ചിട്ടുണ്ട്.

പരിശുദ്ധ സഖാ പ്രഥമൻ പാത്രിയർക്കീസ് ബാവയുടെ വൈദ്യസംഘത്തിൽ അംഗമായിരുന്നു. മഞ്ഞിനിക്കര തീർത്ഥാടകസംഘം വർക്കിംങ് പ്രസിഡന്റായി സേവനം അനുഷ്‌ഠിച്ചു. ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം മുതൽ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുരസ്കാരം വരെ നൂറുകണക്കിന് ബഹുമതികൾ ഇദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്. ബാഹ്യ കേരളത്തിലെ ആദ്യ ദൈവാലയമായ ചെന്നൈ വെപ്പേരി സെന്റ് തോമസ് പള്ളി യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കു വഹിച്ചു.

1977-ൽ ഡോ. റ്റി.പി. ജേക്കബിന്റെ പിതാവ് വർക്കി പൗലോസിന്റെ ശവസംസ്‌കാരവുമായി ബന്ധപ്പെട്ടാണ് തൃക്കുന്നത്ത് സെമിനാരിയിൽ തർക്ക ങ്ങൾ ഉടലെടുത്തത്. മൂന്നു ദിവസം മൃതശരീരം സംസ്കരിക്കാൻ സാധിക്കാതെ സൂക്ഷിക്കേണ്ടി വന്നു. ഇതേ തുടർന്നാണ് ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയ്ക്ക് (മോർ ദിവന്നാസിയോസ് തിരുമേനി) ആലുവയിൽ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് മുന്നിട്ടിറങ്ങേണ്ടി വന്നത്. പരിശുദ്ധ പൗലോസ് മോർ അത്തനാസിയോസ് വലിയ തിരുമേനിയായിട്ട് വളരെ അടുത്ത ബന്ധം ഇദ്ദേഹത്തിന്റെ പിതാവും കുടുംബവും പുലർത്തിയിരുന്നു.

ചാലിശ്ശേരി മേയ്ക്കാട്ടുകുളം കെ.എ. കൊച്ചിന്റെ പുത്രി എസ്തേർ ആണ് ഭാര്യ. റ്റാറ്റ കൺസൾട്ട ൻസിയിൽ എഞ്ചിനിയർ ഹാസ് ജേക്കബ്ബ് പുത്രനും, അണ്ണാമല ദന്തൽ കോളേജ് അദ്ധ്യാപിക സജി ജേക്കബ്ബ് പുത്രിയുമാണ്.

യാക്കോബായ സുറിയാനി സഭയ്ക്ക് നിസ്‌തുലമായ സംഭാവനകൾ നൽകിയ ഡോ. റ്റി.പി. ജേക്കബിന്റെ വേർപാടിൽ ദുഃഖവും വേദനയും പങ്ക് വെയ്ക്കുന്നു.

  • Related Posts

    ജനുവരി 12 : അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ

    മലങ്കര യാക്കോബായ സുറിയാനി സഭയുടെ ബാഹ്യകേരള ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ അഭിവന്ദ്യ തോമസ് മോർ തെയോഫിലോസ് തിരുമേനിയുടെ 33-ാമത് ഓർമ്മപ്പെരുന്നാൾ ജനുവരി 12 നു പരിശുദ്ധ സഭ കൊണ്ടാടുന്നു. 1979 മുതൽ 1992 വരെ യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ…

    പരിശുദ്ധ സഭയ്ക്കു വേണ്ടി പ്രാർത്ഥിക്കുക : മലങ്കര മെത്രാപ്പോലീത്ത

    പുത്തൻകുരിശ് ● ഒരു നൂറ്റാണ്ടിലേറെയായി പരിശുദ്ധ സഭയെ ഗ്രസിച്ചിരിക്കുന്ന വ്യവഹാരത്തില്‍ അത്യന്തം നീതിബോധവും കരുണയുള്ളതുമായ ന്യായവിധികള്‍ ഉണ്ടാകുവാന്‍ സഭാമക്കളുടെ പ്രാര്‍ത്ഥന അത്യന്താപേക്ഷിതമാണെന്ന് മലങ്കര മെത്രാപ്പോലീത്തായും കാതോലിക്കോസ് അസിസ്റ്റന്റുമായ അഭിവന്ദ്യ മോര്‍ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത അറിയിച്ചു. പുതുവര്‍ഷത്തിലും കേസ് സംബന്ധമായ സഭയുടെ പ്രതിസന്ധികള്‍…