- സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തായും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയുമായിരുന്ന പുണ്യശ്ലോകനായ മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്തായുടെ 15-ാമത് ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 9 ന് ആചരിക്കുന്നു
മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ സിംഹാസന പള്ളികളുടെ മെത്രപ്പോലീത്തയായി 13 വർഷം സേവനം അനുഷ്ഠിച്ച പുണ്യശ്ലോകനായ പിതാവ് ആയിരുന്നു അഭിവന്ദ്യ മോർ യൂലിയോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത. 1933 ജൂലൈ 6-ന് അഭിവന്ദ്യ മെത്രാപ്പോലീത്ത വെളിയനാട് സെന്റ് സ്റ്റീഫൻസ് ക്നാനായ വലിയ പള്ളി ഇടവകയിൽ കൊച്ചുപ്പുരയ്ക്കൽ വർക്കിയുടെയും ഏലിയാമ്മയുടെയും മകനായി ജനിച്ചു. തിരുമേനിയുടെ കുടുംബം പാലക്കാട്ട് നിന്ന് വെളിയനാടിലേക്ക് കുടിയേറുകയും തുടർന്ന് വെളിയനാട് ക്നാനായ വലിയ പള്ളി ഇടവകയിൽ അംഗത്വം എടുക്കുകയും ചെയ്തു. ബാല്യം മുതലേ ദൈവഭക്തി നിറഞ്ഞ ജീവിതത്തിന്റെ ഉടമയായിരുന്നു തിരുമേനി.
തിരുമേനിയുടെ വിദ്യാഭ്യാസം വെളിയനാട് എൽ.പി സ്കൂൾ, രാമങ്കരി യു.പി സ്കൂൾ, ആലപ്പുഴ ലിയോ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ് സ്കൂൾ, തിരുവല്ല എം.ജി.എം, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളിൽ ആയിരുന്നു. യൗവ്വന ആരംഭത്തിൽ തന്നെ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ തിരുമേനി 22 വയസിൽ വൈദിക വിദ്യാർത്ഥിയായി ചേർന്നു. അന്ത്യോഖ്യാ പ്രതിനിധി പുണ്യശ്ലോകനായ ഏലിയാസ് മോർ യൂലിയോസ് ബാവ തിരുമേനിക്ക് ശെമ്മാശ പട്ടം നൽകി. മാടപ്പാട്ട് യാക്കോബ് റമ്പാൻ (യാക്കോബ് മോർ യൂലിയോസ് തിരുമേനി), മൂശ സലാമ റമ്പാൻ (മോർ ക്രിസോസ്റ്റമോസ് മൂശ സലാമ:ബ്രസീൽ) എന്നിവരുടെ കീഴിലും മോർ യൂലിയോസ് ബാവയുടെ കീഴിലും വൈദിക വിദ്യാഭ്യാസം പൂർത്തിയാക്കി. 1958 സെപ്റ്റംബർ 21 ഏലിയാസ് മോർ യൂലിയോസ് ബാവ മഞ്ഞിനിക്കര ദയറായിൽ വെച്ച് കുര്യാക്കോസ് ശെമ്മാശ്ശന് വൈദിക പട്ടം നൽകി. അന്നേ ദിവസം തിരുമേനിയോട് ഒപ്പം പട്ടമേറ്റ വ്യക്തിയാണ് പുണ്യശ്ലോകനായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവ.
വൈദിക പട്ടമേറ്റ ശേഷം കുറച്ചു കാലം മോർ യൂലിയോസ് ബാവായെ കുര്യാക്കോസ് കശ്ശീശ ശുശ്രൂഷിച്ചു. തുടർന്ന് തുമ്പമൺ സിംഹാസന പള്ളി, പെരുമ്പള്ളി സെന്റ് ജോർജ് പള്ളി, മംഗലാപുരം സെന്റ് ആന്റണിസ് പള്ളി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചു. 1960-ൽ അഭിവന്ദ്യ തിരുമേനിയെ കുന്നംകുളം ആർത്താറ്റ് സെന്റ് മേരീസ് സിംഹാസന പള്ളിയുടെ വികാരിയായി കെ.വി കുര്യാക്കോസ് കശ്ശീശയെ മോർ യൂലിയോസ് ബാവ നിയമിച്ചു. 24 വർഷക്കാലം തിരുമേനി വികാരിയായി സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു. തിരുമേനിയുടെ സേവന കാലത്ത് അദ്ദേഹം കണ്ടെത്തിയ ഒരു ബാലൻ പിന്നീട് സഭയുടെ സത്യ വിശ്വാസ പോരാട്ടത്തിനു മുന്നണി പോരാളിയായി തീർന്നു. അദ്ദേഹം ആണ് ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി. ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനിക്ക് മോർ യൂലിയോസ് തിരുമേനി ഗുരുവും മാർഗ്ഗ ദർശിയുമായിരുന്നു.
കുന്നംകുളം സിംഹാസന പള്ളി കേസിൽ ഇടവകയ്ക്ക് വേണ്ടി തിരുമേനി പോരാടി. 1984 മുതൽ 1998 വരെ പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവയുടെ ഒന്നാം സെക്രട്ടറി ആയിരുന്നു. ഈ കാലയളവിൽ സുറിയാനി സഭയുടെ പല തീർത്ഥാടന കേന്ദ്രങ്ങൾ ദയറാകൾ തിരുമേനി സന്ദർശിച്ചു. പുണ്യശ്ലോകനായ സാഖാ പ്രഥമൻ പാത്രിയർക്കീസ് ബാവ 1990 ഡിസംബർ 22-ന് ഡമാസ്ക്കസിലെ സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ വെച്ച് റമ്പാൻ സ്ഥാനം നൽകി. 1998 സെപ്റ്റംബർ 27 ന് മാറാത്ത് സെയ്ദനയിലെ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വെച്ച് പരിശുദ്ധ ഇഗ്നാത്തിയോസ് സാഖാ പ്രഥമൻ പാത്രിയാർക്കീസ് ബാവ കുര്യാക്കോസ് റമ്പാനെ കുര്യാക്കോസ് മോർ യൂലിയോസ് എന്ന പേരിൽ സിംഹാസന പള്ളികളുടെ സഹായ മെത്രാപ്പോലീത്തയായി വാഴിച്ചു. സ്ഥനാരോഹണ ശേഷവും തിരുമേനി 2004 വരെ പാത്രിയാർക്കീസ് ബാവയുടെ കാര്യാലയത്തിൽ ചുമതല നിർവഹിച്ചു.
2004-ൽ ബെന്യാമിൻ ജോസഫ് മോർ ഒസ്താത്തിയോസ് തിരുമേനി കാലം ചെയ്ത ശേഷം തിരുമേനി സിംഹാസന പള്ളികളുടെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു. പ്രാർഥന, നോമ്പ്, ഉപവാസം എന്നീ ആത്മീയ നിഷ്ഠകൾ മരണത്തോളം തീഷ്ണമായി നിവർത്തിച്ചു. മോർ യൂലിയോസ് ബാവയോടൊപ്പം ഉള്ള ആത്മീയ ജീവിതമാണ് തിരുമേനിയെ സ്വാധീനിച്ചത്. ഈ വിശ്വാസ തീഷ്ണതയിലൂടെ സുറിയാനിയിൽ ആഴത്തിൽ അറിവ് സമ്പാദിച്ച തിരുമേനി പെട്ടെന്ന് തന്നെ പ്രസംഗങ്ങൾ പോലും സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്യും. പ്രത്യേകിച്ച് 2004-ലെ പരിശുദ്ധ പാത്രിയാർക്കീസ് ബാവയുടെ മലങ്കര സന്ദർശനത്തിൽ ബാവ നടത്തിയ പ്രസംഗങ്ങൾ തിരുമേനി ആണ് തർജ്ജമ ചെയ്തത്. അത് പോലെ സുറിയാനി ഗ്രന്ഥങ്ങൾ തിരുമേനി തർജ്ജമ ചെയ്തു.
Indo American university of humanistic study Florida usa തിരുമേനിക്ക് doctor of divinity and sacred philosophy എന്ന ഹോണററി ബിരുദം, dindora university Italy doctor of theology എന്ന ബിരുദം നൽകി. 2007-ൽ തിരുമേനിക്ക് പാർക്കിൻസൻ രോഗം ബാധിച്ചു. അതെ തുടർന്ന് 2010-ൽ തിരുമേനി തന്റെ സ്ഥാനം രാജി വെച്ചു തുടർന്ന് പിറമാടം സെൻ്റ് ജോൺസ് ഗെത്സിമോൻ അരമനയിൽ പ്രാർഥനയോടെ കഴിഞ്ഞു. ഏപ്രിൽ 8-ന് മഞ്ഞനിക്കര ദയറായിൽ വന്ന തിരുമേനി ഏപ്രിൽ 9-ന് ഉച്ച നമസ്കാര ശേഷം തിരുമേനി വിശ്രമിക്കുമ്പോൾ വൈകുന്നേരം തിരുമേനിക്ക് ഹൃദയാഘാതം ഉണ്ടാവുകയും നാലു മണിക്ക് തിരുമേനി കാലം ചെയ്യുകയും ചെയ്തു. പിറ്റേന്ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെയും അഭിവന്ദ്യ പിതാക്കന്മാരുടെയും കാർമികത്വത്തിൽ യൂലിയോസ് തിരുമേനിയെ മഞ്ഞനിക്കര ദയറായിൽ ഗുരുവായ മോർ യൂലിയോസ് ഏലിയാസ് ബാവയുടെ കബറിടത്തിനു സമീപം കബറടക്കി. അഭിവന്ദ്യ മോർ യൂലിയോസ് കുര്യാക്കോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ഏപ്രിൽ 9-ന് മലങ്കര യാക്കോബായ സുറിയാനി സഭ ആചരിക്കുന്നു. പുണ്യ പിതാവിന്റെ ഓർമ്മ വാഴ്വിനാകട്ടെ.

