തോട്ടയ്ക്കാട് ● കോട്ടയം ഭദ്രാസനത്തിലെ തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ 56 വർഷക്കാലം വികാരിയായിരുന്ന പുളിമൂട്ടിൽ വന്ദ്യ പി.വി. ജോസഫ് കോറെപ്പിസ്കോപ്പയുടെ 28-ാമത് ഓർമ്മയും നവീകരിച്ച പള്ളി ഓഫീസ് സമുച്ചയത്തിന്റെ നാമകരണവും ഭക്തിനിർഭരമായി നടന്നു.
കോട്ടയം ഭദ്രാസനാധിപനും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭിവന്ദ്യ മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഓഫീസ് സമുച്ചയത്തിന് പി.വി. ജോസഫ് കോറെപ്പിസ്കോപ്പയുടെ നാമകരണം നൽകി മെത്രാപ്പോലീത്ത ആശീർവാദം നിർവഹിച്ചു.
1942-ൽ വൈദിക പട്ടം സ്വീകരിച്ച ജോസഫ് കോറെപ്പിസ്കോപ്പ, 56 വർഷം ഇടവക പട്ടക്കാരനായി തോട്ടയ്ക്കാട് മാർ ഇഗ്നാത്തിയോസ് പള്ളിയിൽ ശുശ്രൂഷ അനുഷ്ഠിച്ചു. 1942 ജനുവരി 19-നാണ് അദ്ദേഹം തോട്ടയ്ക്കാട് പള്ളിയിൽ ആദ്യ വിശുദ്ധ കുർബ്ബാന അർപ്പിച്ചത്. 1986-ൽ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം 1998 ഏപ്രിൽ 3-ന് നിര്യാതനായി.
തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ വികാരി വന്ദ്യ മാത്യൂസ് കാവുങ്കൽ കോറെപ്പിസ്കോപ്പ, സഹവികാരി ഫാ. വിപിൻ വെള്ളാപ്പള്ളിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റി റോയി സ്കറിയ, സെക്രട്ടറി അലക്സ് പി. അബ്രഹാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


