പുത്തൻകുരിശ് ● കോടതി വിധിയുടെ മറവിൽ യാക്കോബായ സുറിയാനി സഭയുടെ പള്ളികളും സെമിത്തേരികളും അന്യായമായി കൈവശപ്പെടുത്തുന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ നടപടികൾ ക്രൈസ്തവ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്ന് മീഡിയാ സെൽ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു.
കഴിഞ്ഞ ദിവസം കട്ടച്ചിറ സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ വിദ്യാർത്ഥിയുടെ മൃതസംസ്കാരം തടയാൻ ശ്രമിച്ചതും അതിനെ തുടർന്ന് സംഘർഷാവസ്ഥ സൃഷ്ടിച്ചതും അന്യായവും പ്രതിഷേധാർഹവുമാണെന്ന്
മെത്രാപ്പോലീത്ത പറഞ്ഞു. വിശുദ്ധ വാര ദിനങ്ങളിൽ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഹൈക്കോടതി വിധി നിലനിൽക്കെത്തന്നെ സെമിത്തേരി പൂട്ടി വിശ്വാസികളുടെ പ്രാർത്ഥനാവകാശം തടഞ്ഞത് പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത നീതിനിഷേധമാണെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധി എല്ലാ പള്ളികൾക്കും ബാധകമാണോയെന്നതും, പള്ളികൾ പോലീസിന് പിടിച്ചെടുക്കാനുള്ള അധികാരം ഉണ്ടോയെന്നതും സംബന്ധിച്ച് മാസങ്ങളോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷം ഹൈക്കോടതി പുറപ്പെടുവിച്ച ഏകദേശം 300 പേജുള്ള വിധിയിൽ കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്. സുപ്രീംകോടതി വിധിയുടെ യഥാർത്ഥ അന്തസ്സത്ത പരിശോധിച്ച ഹൈക്കോടതി, പ്രസ്തുത ഉത്തരവ് മൂന്ന് പള്ളികൾക്ക് മാത്രമാണ് നേരിട്ട് ബാധകമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് പള്ളികളുടെ കാര്യത്തിൽ സിവിൽ നടപടിക്രമങ്ങളിലൂടെയും എക്സിക്യൂഷൻ പെറ്റീഷനിലൂടെയും മാത്രമേ തീരുമാനമെടുക്കാവൂ എന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
എന്നാൽ യഥാർത്ഥ വസ്തുതകൾ മനപ്പൂർവ്വം മറച്ചുവെച്ച് പോലീസിന്റെ സഹായത്തോടെ ബലപ്രയോഗം നടത്തി യാക്കോബായ സുറിയാനി സഭയുടെ അറുപതോളം പള്ളികൾ അന്യായമായി പിടിച്ചെടുത്തത് ഗുരുതരമായ നീതികേടാണെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി. നിയമപരമായ നടപടികൾ പാലിക്കാതെ പോലീസിനെ ഉപയോഗിച്ച് പള്ളികൾ കൈക്കലാക്കുന്നത് കോടതി വിധിയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമാണ്. ക്രിസ്തീയ മനോഭാവത്തോടെ പള്ളികൾ തിരിച്ചേൽപ്പിക്കേണ്ടതിന് പകരം വിധിന്യായങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് അക്രമാസക്ത നിലപാട് സ്വീകരിക്കുകയാണ് ഓർത്തഡോക്സ് വിഭാഗം ചെയ്യുന്നത്.
കോടതി വിധികൾ തങ്ങൾക്ക് അനുകൂലമാകുമ്പോൾ മാത്രം അത് അംഗീകരിക്കുകയും അല്ലാത്തപ്പോൾ സർക്കാരിനെയും കോടതിയെയും വെല്ലുവിളിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് ഓർത്തഡോക്സ് വിഭാഗത്തിന്റേതെന്ന് മെത്രാപ്പോലീത്ത പറഞ്ഞു.
മൃതസംസ്കാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കടുത്ത അനാസ്ഥയാണ് ഓർത്തഡോക്സ് വിഭാഗം കാണിക്കുന്നത്. സെമിത്തേരി ബില്ലും കോടതി ഉത്തരവുകളും നിലവിലുണ്ടായിട്ടും, വിശ്വാസികളുടെ മൃതശരീരങ്ങളോട് കാണിക്കുന്ന ഈ ക്രൂരത ക്രൈസ്തവ വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. സ്വന്തം പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥിക്കാനുള്ള വിശ്വാസികളുടെ അവകാശത്തെയും ഇന്ത്യൻ ഭരണഘടന നൽകുന്ന മനുഷ്യാവകാശങ്ങളെയും ലംഘിച്ചുകൊണ്ടാണ് ഓർത്തഡോക്സ് വിഭാഗം മുന്നോട്ടുപോകുന്നതെന്ന് മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
പരിശുദ്ധ പാത്രിയർക്കീസ് ബാവായും ശ്രേഷ്ഠ കാതോലിക്ക ബാവായും നിരന്തരം സമാധാനത്തിനായി ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടും, ക്രിസ്തീയതയ്ക്ക് നിരക്കാത്ത വെല്ലുവിളികളിലൂടെ കലഹത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാതയാണ് ഓർത്തഡോക്സ് നേതൃത്വം സ്വീകരിക്കുന്നത്. പീലാത്തോസിന്റെ ഹൃദയകാഠിന്യത്തെക്കാളും ഹെറോദാസിന്റെ വഞ്ചനയേക്കാളും കുത്സിതമായ മാനസികാവസ്ഥയുമായി മുന്നോട്ട് പോകുന്നവർക്ക് സമാധാനത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അവകാശമാണുള്ളതെന്ന് മെത്രാപ്പോലീത്ത ചോദിച്ചു.
ഓർത്തഡോക്സ് സഭാ നേതൃത്വത്തിന് അല്പമെങ്കിലും ധാർമ്മികത ഉണ്ടെങ്കിൽ അന്യായമായി പിടിച്ചെടുത്ത അറുപതോളം പള്ളികൾ ആദ്യം തിരിച്ചുകൊടുക്കണമെന്ന് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അതിനുശേഷം ധാർമ്മികതയെക്കുറിച്ച് പ്രസംഗിക്കുന്നതാണ് ഉചിതം. പണ്ടത്തെപ്പോലെ പള്ളികൾ അന്യായമായി കൈവശപ്പെടുത്താൻ സാധിക്കാത്തതിന്റെ നിരാശയാണ് ഇത്തരം പ്രതികരണങ്ങൾക്ക് പിന്നിൽ. സമാധാനത്തിന്റെ അപ്പോസ്തലന്മാരായി ചമഞ്ഞുകൊണ്ട് സംഘർഷാവസ്ഥ സൃഷ്ടിക്കുന്ന ഓർത്തഡോക്സ് മാധ്യമ വിഭാഗത്തിന്റെ പ്രസ്താവനകൾ പൊതുസമൂഹം തിരിച്ചറിയുമെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഉയിർപ്പിന്റെ പ്രത്യാശയെക്കുറിച്ച് സംസാരിക്കുമ്പോഴും പ്രായോഗിക ജീവിതത്തിൽ മനുഷ്യത്വമില്ലായ്മയും ബലപ്രയോഗവും തുടരുന്നത് ക്രിസ്തീയതയെ തന്നെ പരിഹസിക്കുന്നതാണെന്നും, ഇത്തരം ശ്രമങ്ങളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിന്തിരിയണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെട്ടു.
ഡോ. കുര്യാക്കോസ് തെയോഫിലോസ് മെത്രാപ്പോലീത്ത (മീഡിയാ സെൽ ചെയർമാൻ)
പുത്തൻകുരിശ് പാത്രിയർക്കാസെൻ്റർ
06/04/2026

