പെരുമ്പാവൂർ ● അമ്പത് ദിവസത്തെ വ്രതാനുഷ്ഠാനങ്ങൾക്കു ശേഷം യേശുക്രിസ്തു കുരിശുമരണത്തിനു പിന്നാലെ ഉയിർത്തെഴുന്നേറ്റ ഈ വിശുദ്ധ ദിനങ്ങളിൽ പോലും, ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയുണ്ടായിട്ടും വിശ്വാസികൾക്ക് പൂർവ്വികരുടെ കല്ലറകളിൽ പോയി പ്രാർത്ഥിക്കാൻ സാധിക്കാത്തത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ.
പെരുമ്പാവൂർ നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ശ്രേഷ്ഠ ബാവ.
പാലക്കാട് ജില്ലയിലെ തൃശൂർ ഭദ്രാസനത്തിലെ ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി വിശ്വാസികൾക്ക് പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റർ ദിവസങ്ങളിൽ കല്ലറകളിൽ പ്രാർത്ഥിക്കാൻ ഹൈക്കോടതി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിട്ടും, ഓർത്തഡോക്സ് വിഭാഗം സെമിത്തേരി പൂട്ടി തടസ്സം സൃഷ്ടിക്കുന്നുവെന്ന് ബാവ ആരോപിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ പൂർവ്വികരുടെ കല്ലറകളിൽ പ്രാർത്ഥിക്കാനും, സംസ്കാരം കഴിഞ്ഞവരുടെ കല്ലറകളിൽ കുരിശ് സ്ഥാപിക്കാനും കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത്. പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത പ്രവണതയാണ് ഇതെന്നും, നീതി നിഷേധിക്കുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്നും ശ്രേഷ്ഠ ബാവ ആവശ്യപ്പെട്ടു.
