മുളന്തുരുത്തി ● വിനയത്തിന്റെയും സേവനത്തിന്റെയും ഉദാത്ത മാതൃക ലോകത്തിന് കാട്ടിക്കൊടുത്തുകൊണ്ട് കർത്താവ് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണാർത്ഥം, മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ പെസഹാ വ്യാഴാഴ്ച വിശുദ്ധ കാൽകഴുകൽ ശുശ്രൂഷ ഭക്തിനിർഭരമായി നടന്നു.
ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
ഒമ്പതാം മണി പ്രാർത്ഥനയ്ക്ക് ശേഷം, കത്തിച്ച മെഴുകുതിരികളുമായി പന്ത്രണ്ട് പുരോഹിതന്മാരും ശ്രേഷ്ഠ ബാവായും മദ്ബഹായിൽ നിന്നും പന്തലിലേക്ക് എഴുന്നള്ളിയതോടെയാണ് ശുശ്രൂഷകൾ ആരംഭിച്ചത്. കർത്താവ് തന്റെ ശിഷ്യന്മാരുടെ പാദങ്ങൾ കഴുകിയതിന്റെ അനുസ്മരണാർത്ഥം, ചടങ്ങിൽ പങ്കെടുത്ത 12 പുരോഹിതന്മാരുടെ പാദങ്ങൾ ശ്രേഷ്ഠ ബാവ കഴുകി ചുംബിച്ചു.
അഭിവന്ദ്യ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത ശുശ്രൂഷയിൽ സന്നിഹിതനായിരുന്നു. വന്ദ്യ സ്ലീബാ കാട്ടുമങ്ങാട്ട് കോറെപ്പിസ്കോപ്പ, വന്ദ്യ ബേബി ചാമക്കാല കോറെപ്പിസ്കോപ്പ, കത്തീഡ്രൽ വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, സഹവികാരിമാരായ ഫാ. മത്തായി കുളച്ചിറ, ഫാ. എൽദോസ് ആയപ്പിള്ളി, ഫാ. ബേസിൽ ബേബി പൊറ്റയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. നൂറുകണക്കിന് വിശ്വാസികൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ കത്തീഡ്രലിൽ എത്തിച്ചേർന്നു.










