കോട്ടയം ● പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ കബറിങ്കലേക്കുള്ള മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ കേന്ദ്രമാക്കിയുള്ള കിഴക്കൻ മേഖല മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് തുടക്കമായി. കോട്ടയം ഭദ്രാസനത്തിലെ പങ്ങട സെന്റ് മേരീസ് പള്ളിയിൽ നിന്ന് അഭിവന്ദ്യ മോർ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന ധൂപ പ്രാർത്ഥനയ്ക്ക് ശേഷം പാത്രിയർക്കാ പതാക ആശീർവദിച്ച് നൽകിയതോടെ തീർത്ഥാടനം ആരംഭിച്ചു.
മണർകാട് കവലയിൽ എത്തുന്ന തീർത്ഥയാത്രയെ മണർകാട് കവലയിൽ കത്തീഡ്രൽ വികാരിയുടെയും, ഭാരവാഹികളുടെയും നേതൃത്വത്തിൽ സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും. തൂത്തൂട്ടി ചാപ്പലിൽ നിന്ന് ആരംഭിക്കുന്ന തീർത്ഥയാത്രയും പങ്ങടയിൽ നിന്നാരംഭിച്ച തീർഥയാത്രയും പള്ളി കവാടത്തിൽ സംഗമിക്കും. ഇരു തീർഥാടനങ്ങൾക്കും പള്ളിയിൽ സ്വീകരണം നൽകും. തീർത്ഥാടകർക്ക് നേർച്ചസദ്യ നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.
നാളെ രാവിലെ 5 മണിക്ക് കത്തീഡ്രലിൽ നിന്ന് തീർത്ഥയാത്ര പുനരാരംഭിക്കും. പുതുപ്പള്ളി, നാലുന്നാക്കൽ, നാലുകോടി വഴി ആഞ്ഞിലിത്താനത്ത് എത്തിച്ചേരും. തുടർന്ന് കവിയൂർ, ഇരവിപേരൂർ, കോഴഞ്ചേരി, തെക്കേമല, ഇലന്തൂർ വഴി ഫെബ്രുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മഞ്ഞിനിക്കര ദയറായിൽ എത്തുമെന്ന് വികാരി വന്ദ്യ ഇ.ടി. കുര്യാക്കോസ് കോറെപ്പിസ്കോപ്പ, കിഴക്കൻ മേഖല തീർഥാടക സമൂഹം ജനറൽ കൺവീനർ ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ജോയിന്റ് കൺവീനർമാരായ ഫാ. ലിറ്റു ജേക്കബ് തണ്ടാശേരിൽ, നോജി എം. കുര്യാക്കോസ് മുണ്ടാനിക്കൽ, ജോസഫ് കെ. ഏലിയാസ് കടുവാക്കുഴിയിൽ, ട്രസ്റ്റിമാരായ കുര്യാക്കോസ് ഇ.വി. ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, പി.എ. സ്കറിയാച്ചൻ പള്ളത്ത്, സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവർ അറിയിച്ചു.
