നെടുമ്പാശ്ശേരി ● ആയിരക്കണക്കിന് വിശ്വാസികൾ പ്രാർത്ഥനയോടും ഉപവാസത്തോടും കൂടി അണിനിരന്ന് വടക്കൻ മേഖലാ മഞ്ഞിനിക്കര തീർഥയാത്ര ചെറിയ വാപ്പാലശ്ശേരി മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് പുറപ്പെട്ടു. പരിശുദ്ധന്റെ നാമത്തിൽ ആദ്യമായി സ്ഥാപിതമായ ദൈവാലയമാണിത്. മലബാർ, കർണാടക തുടങ്ങിയ മേഖലകളിൽ നിന്നും സമീപപ്രദേശങ്ങളിലെ അനേകം പള്ളികളിൽ നിന്നും എത്തിച്ചേർന്ന തീർഥാടകർ ഇവിടെ സംഗമിച്ചാണ് യാത്ര ആരംഭിച്ചത്.
പള്ളിയ്ക്കകത്തുള്ള പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെയും കടവിൽ പൗലോസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും കബറിങ്കൽ ധൂപപ്രാർഥന നടത്തിയ ശേഷം അഭിവന്ദ്യരായ മോർ അത്താനാസിയോസ് ഏലിയാസ്, ഡോ. മോർ അന്തിമോസ് മാത്യൂസ് എന്നീ മെത്രാപ്പോലീത്തമാർ ചേർന്ന് തീർഥയാത്രാസംഘം ഭാരവാഹികൾക്ക് ദീപശിഖയും പാത്രിയർക്കാ പതാകയും കൈമാറി.
അങ്കമാലി സെൻ്റ് മേരീസ് സൂനോറോ കത്തീഡ്രലിൽ വികാരി ഫാ. വർഗീസ് മണ്ണാറമ്പിലിന്റെ നേതൃത്വത്തിലും, മറ്റൂർ സെന്റ് ജോർജ് പള്ളിയിൽ ഫാ. വർഗീസ് തൈപ്പറമ്പിലിന്റെ നേതൃത്വത്തിലും, പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിൽ വികാരി ഫാ. സാബു പുളിമൂട്ടിലിന്റെ നേതൃത്വത്തിലും, പാറേത്തുമുകൾ സെന്റ് മേരീസ് പള്ളിയിൽ ഫാ. ജോബ് ഡി. പോളിന്റെ നേതൃത്വത്തിലും സ്വീകരണം നൽകി.
തീർഥയാത്രയ്ക്ക് വന്ദ്യ ടൈറ്റസ് വർഗീസ് കോറെപ്പിസ്കോപ്പ, ഫാ. വർഗീസ് വി. അരീക്കൽ, ഫാ. എബിൻ ഏലിയാസ്, ഫാ. എമിൽ ഏലിയാസ്, ഷെവ. സി.വൈ. വർഗീസ്, പി.വി. ഏലിയാസ്, ബിനോജ് ജേക്കബ്, ജേക്കബ് തോമസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
പരിശുദ്ധ ബാവായുടെ ഛായാചിത്രമുള്ള അലങ്കരിച്ച രഥങ്ങൾക്ക് പിന്നിൽ പ്രാർഥനകൾ ഉരുവിട്ട് വിശ്വാസികൾ നോമ്പോടും, ഉപവാസത്തോടും കൂടി തീർഥയാത്രയിൽ പങ്കാളികളാകും. 5 രാവും, 5 പകലും നീളുന്നതാണ് തീർഥയാത്ര. മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, പത്തനംതിട്ട വഴി 12-ന് വൈകിട്ട് മഞ്ഞനിക്കരയിൽ എത്തുമ്പോൾ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തിൽ സ്വീകരിക്കും. 13-ന് പരിശുദ്ധ ബാവായുടെ ഓർമപ്പെരുന്നാളിലും പങ്കെടുത്ത ശേഷമാണ് വിശ്വാസികൾ മടങ്ങുക.
