മണീട് ● ‘രണ്ടാം മഞ്ഞിനിക്കര’ എന്നറിയപ്പെടുന്ന മണീട് സെൻ്റ് കുര്യാക്കോസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നിന്നും 94-ാമത് മഞ്ഞിനിക്കര കാൽനട തീർത്ഥയാത്രയ്ക്ക് ഭക്തിസാന്ദ്രമായ തുടക്കമായി. കണ്ടനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന പ്രത്യേക പ്രാർത്ഥനകൾക്കും ആശീർവാദത്തിനും ശേഷമാണ് തീർത്ഥാടക സംഘം യാത്ര ആരംഭിച്ചത്.
94 വർഷങ്ങൾക്ക് മുമ്പ് മഞ്ഞിനിക്കര തീർത്ഥയാത്രയ്ക്ക് ആദ്യമായി തുടക്കം കുറിച്ചത് ചരിത്ര പ്രാധാന്യമുള്ള മണീട് പള്ളിയിൽ നിന്നാണ്. പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ തിരുശേഷിപ്പ് ആദ്യമായി സ്ഥാപിക്കപ്പെട്ട കത്തീഡ്രലിലെ കബറിങ്കലിൽ പ്രാർത്ഥനകൾ നടത്തിയ ശേഷമാണ് ഭക്തിസാന്ദ്രമായ കാൽനട തീർത്ഥയാത്ര ആരംഭിച്ചത്.
രാവിലെ നടന്ന പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ 94-ാമത് ദുഃഖ്റോനോ പെരുന്നാളിൽ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായുടെ മുഖ്യ കാർമികത്വത്തിലും അഭിവന്ദ്യരായ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത, മോർ ഒസ്താത്തിയോസ് ഐസക് മെത്രാപ്പോലീത്ത, വൈദികർ എന്നിവരുടെ സഹകാർമികത്വത്തിലും വി. ഏഴിന്മേൽ കുർബ്ബാന നടന്നു.






