വലിയ നോമ്പ് ആരംഭമായ കൊത്തിനെ ഞായറിനു മുൻപുള്ള ഞായറാഴ്ച പരേതരായ സകല വിശ്വാസികളെയും സഭ ഓർക്കുന്ന ദിവസമാണ്.
പഴയകാലത്ത് പരദേശികളായി മരിച്ചു പോയവരുടെ ഞായറാഴ്ച എന്നാണു ഈ ദിവസം അറിയപ്പെട്ടിരുന്നത്. അതായത് ആത്മരക്ഷക്ക് അത്യന്താപേക്ഷിതങ്ങളായ സകല കൂദാശകളും കൃത്യമായി സ്വീകരിക്കാൻ ഏതെങ്കിലും കാരണവശാൽ സാധിക്കാതെ വന്നവരും പരദേശവാസത്താൽ ശരിയായ ശവസംസ്കാരം പ്രാപിക്കാൻ കഴിയാതെ വന്നവരുമായ സഹോദരങ്ങളെ പ്രത്യേകമായി കരുണയോടെ സഭ ഓർക്കുന്ന ദിനമാകുന്നു ആനീദെ ഞായർ. അതോടൊപ്പം വി. സഭയിൽ നിന്നും വാങ്ങിപ്പോയ വിശ്വാസികളായ സകലരേയും സഭ ഈ ദിവസം വി. ബലിയിൽ അനുസ്മരിക്കുന്നു.
മരിച്ചുപോയവർ ആത്മാവിൽ ജീവിക്കുന്നു. വേദപുസ്തകത്തിൽ അനേകം തെളിവുകൾ ഉണ്ട്. (മത്താ 22 :32 ലൂക്കോ 20 :38 , യോഹ 5 :24 ,റോമ 14 :8 -9 ). വാങ്ങിപ്പോയവരുടെ ആത്മാക്കൾ പ്രാർത്ഥിക്കുകയും അവരുടെ പ്രാർത്ഥനകൾ ഫലം ലഭിക്കുകയൂം ചെയ്യുന്നു എന്ന് സ്പഷ്ടമായി സാക്ഷിക്കുന്നു (2 തീമോ .1 :18 , വെളി .6 :9 -11 ).
ക്രിസ്തീയ സഭ പ്രാതിനിധ്യം ഉള്ള ഒരു സമൂഹമാകുന്നു . ചിലരുടെ വിശ്വാസം കൊണ്ട് മറ്റു ചിലർക്ക് കരുണ ലഭിക്കുന്നു. (മത്താ .9 :2 ) ക്രിസ്തീയ സഭ വർത്തമാനകാല പ്രവർത്തനങ്ങളെക്കാൾ പ്രാധാന്യം വിശ്വാസപരമായ കാര്യങ്ങൾക്ക് നൽകുന്നു. ആകയാൽ മാതാപിതാക്കളുടെ വിശ്വാസമനുസരിച്ച് മക്കൾക്ക് ശിശുക്കളായിരിക്കുമ്പോൾ തന്നെ ജ്ഞാനസ്നാനം നൽകുന്നു.(അ:പ്ര:16:33-34, 2:39)
അതുപോലെ തന്നെ മാനുഷീക ബലഹീനതകളെയും പാപത്തിലേക്കുള്ള മനുഷ്യന്റെ ചായ്വിനെയും മനസിലാക്കികൊണ്ട് വി. സഭ തന്റെ മക്കൾക്ക് മോചനം നൽകുവാനായി തന്റെ മണവാളനോട് സദാ അപേക്ഷിക്കുന്നു. അവൻ ന്യായാധിപനാകയാൽ നശിപ്പിപ്പാനും രക്ഷിപ്പാനും പ്രാപ്തനുമാകുന്നു. (യാക്കോ:4:12)
എന്നാൽ പാപത്തിൽ വീണു മരിച്ചയാളുകൾക്കായി സഭ പ്രാർത്ഥിക്കുന്നു എന്ന് ഇതിനർത്ഥമില്ല.
മറിച്ച് കർത്താവിന്റെ കരുണയിൽ ആശ്രയിച്ച് വാങ്ങിപ്പോയവർക്കായി പ്രാർത്ഥിക്കുന്നു. അത് സഭാ മാതാവിന്റെ അപേക്ഷ മാത്രമാകുന്നു എന്ന് പ്രത്യേകം ഗ്രഹിക്കേണ്ടിയിരിക്കുന്നു.
ഈ ദിവസം ആചരിക്കുന്നതിലൂടെ മൂന്ന് കാര്യങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു.
- ഈ ദിവസം മാത്രമല്ല എല്ലായ്പോഴും ലോകാവസാനത്തെ കുറിച്ചും നമ്മുടെ ക്ഷണികമായ ഈ ലോകത്തെ കുറിച്ചും നാം ചിന്തിക്കണം.
- നമ്മുടെ എല്ലാ പ്രാർത്ഥനകളിലും നമ്മിൽ നിന്ന് വാങ്ങിപ്പോയവരെ ഓർക്കണം. (വാങ്ങിപ്പോയവരെ ഓർക്കാത്ത പ്രാർത്ഥനകൾ വി. സഭയിൽ ഇല്ല)
- നാം അനുഭവിക്കുന്ന കൂദാശകൾ ഈ ലോകത്തിലും വരുവാനുള്ള നിത്യജീവങ്കലും നമുക്ക് അത്യന്താപേക്ഷികമാകുന്നു.
ആകയാൽ നോമ്പിലേക്ക് പ്രവേശിക്കും മുൻപ് ജീവനോടിരിക്കുന്നവരെയും വാങ്ങിപ്പോയവരേയും ചേർത്ത് നിർത്തി ഇഹപര ലോക കൂട്ടായ്മയുടെ ബലിയിൽ ഒരിക്കൽ കൂടി നമുക്ക് പങ്കാളികളാകാം.
