ഊരമന ● കുഞ്ഞുങ്ങളെ ദൈവാശ്രയത്തിൽ വളർത്തുക എന്നത് ഓരോ കുടുംബത്തിന്റെയും പ്രഥമവും അനിവാര്യവുമായ ഉത്തരവാദിത്വമാണെന്ന് ശ്രേഷ്ഠ ബാവ ഓർമ്മിപ്പിച്ചു. ഊരമന ഗലീലാക്കുന്ന് വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിലെ പ്രധാനപ്പെരുന്നാൾ ദിനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു ബാവ.
ഓരോ കുടുംബവും ‘ഗാർഹിക ദൈവാലയങ്ങളായി’ മാറുമ്പോഴാണ് വിശ്വാസത്തിന്റെ യഥാർത്ഥ കൈമാറ്റം തലമുറകളിലേക്ക് നടക്കുന്നതെന്നും ബാവ പറഞ്ഞു. ഇന്നത്തെ കാലഘട്ടത്തിൽ കുട്ടികൾ ശാരീരികമായും ഭൗതികമായും വളരുന്നുണ്ടെങ്കിലും, അവരെ ആത്മീയതയിൽ ഉറപ്പിച്ചു നിർത്തുക എന്നത് കുടുംബങ്ങൾക്ക് മുൻപിലുള്ള ഏറ്റവും വലിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണെന്നും ബാവ ചൂണ്ടിക്കാട്ടി.
കുഞ്ഞുങ്ങളെ വിശ്വാസത്തിൽ കൂടി വളർത്തിയാൽ അവർ ഒരിക്കലും കൈവിട്ടുപോകില്ല. ജീവിതം അവരെ ഏത് സാഹചര്യത്തിലേക്ക് നയിച്ചാലും, അവർ കർത്താവിനെ അന്വേഷിക്കുന്നവരായി, കർത്താവിന്റെ സ്നേഹത്തിലും കരുതലിലും സംരക്ഷണത്തിലും സ്ഥിരമായി നിലനിൽക്കുന്നവരായിരിക്കും എന്നും ബാവ കൂട്ടിച്ചേർത്തു.
ദൈവം മനുഷ്യജീവിതത്തിന്റെ കേന്ദ്രസ്ഥാനമാകുമ്പോൾ മനുഷ്യ ജീവിതം ദൈവസന്നിധിയിലേക്കുള്ള ഒരു തീർത്ഥാടനമായി മാറും. വിശ്വാസജീവിതം എന്നത് അത് രക്ഷയുടെയും വീണ്ടെടുപ്പിന്റെയും അനുഭവത്തിലേക്കുള്ള തീർത്ഥാടനമാണ്. വിശ്വാസജീവിതം മനുഷ്യനെ പഠിപ്പിക്കുന്നത് സ്വന്തം താൽപര്യങ്ങളോ ആഗ്രഹങ്ങളോ ഇച്ഛകളോ അല്ല, ദൈവത്തിന്റെ ഹിതമാണ് ജീവിതത്തിൽ മുൻപന്തിയിലാകേണ്ടതെന്ന മഹാസത്യമാണെന്നും ബാവ പറഞ്ഞു. ‘എന്റെ ഇഷ്ടമല്ല, കർത്താവിന്റെ ഹിതമാണ് ശരി’ എന്ന തിരിച്ചറിവിലേക്കാണ് ഈ ആത്മീയ തീർത്ഥാടനം മനുഷ്യനെ നയിക്കേണ്ടതെന്നും ബാവ കൂട്ടിച്ചേർത്തു.
ദൈവം നമ്മുടെ ജീവിതത്തിലേക്ക് യഥാർത്ഥത്തിൽ കടന്നുവരുന്നുണ്ടോ എന്ന അന്വേഷണമാണ് ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും അത്യന്താപേക്ഷിതം. ദൈവസന്നിധിയിലേക്ക് ജീവിതം നയിക്കപ്പെടുമ്പോഴാണ് മനുഷ്യന് വ്യക്തമായ ദിശാബോധം ലഭിക്കുന്നത്. “നിന്റെ ജീവിതം ദൈവസന്നിധിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടോ?” എന്ന ചോദ്യം വിശ്വാസിയെ നിരന്തരം അലട്ടേണ്ടതാണെന്നും ബാവ പറഞ്ഞു.
സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ദൈവത്തിന്റെ ഇഷ്ടവുമായി സമന്വയിക്കപ്പെടുമ്പോഴാണ് മനുഷ്യജീവിതം യഥാർത്ഥത്തിൽ അർത്ഥവത്താകുന്നത്. എന്റെ താൽപര്യങ്ങൾക്കുമപ്പുറം കർത്താവിനുവേണ്ടിയുള്ള കാത്തിരിപ്പും അന്വേഷണവും നിലനിൽക്കുമ്പോൾ, അനുഗ്രഹങ്ങളും ഫലങ്ങളും സ്വാഭാവികമായി പിന്നാലെ എത്തിച്ചേരുമെന്ന് തിരുക്കുടുംബത്തിന്റെ ജീവിതസാക്ഷ്യം നമ്മെ പഠിപ്പിക്കുന്നു.
“എന്നെക്കാൾ അധികം മറ്റൊന്നിനെയും സ്നേഹിക്കരുത്” എന്നത് മനുഷ്യന്റെ വാക്കല്ല, കർത്താവിന്റെ തന്നെ ആഹ്വാനമാണെന്ന് ഓർമ്മിപ്പിച്ച ബാവ ദൈവത്തോടുള്ള സ്നേഹം പിന്നിലാകുമ്പോൾ ദൈവവും ജീവിതത്തിൽ പിന്നിലാകുന്നുവെന്ന യാഥാർത്ഥ്യവും ചൂണ്ടിക്കാട്ടി. ദൈവത്തെ ഒരിക്കലും പിന്നിൽ നിർത്താതെ മുൻപന്തിയിലാക്കേണ്ടതിന്റെ ആവശ്യകതയാണ് വിശ്വാസജീവിതം നമ്മെ പഠിപ്പിക്കുന്നത്. അല്ലാത്തപക്ഷം, കാത്തിരിപ്പ് തന്നെ മനുഷ്യനിൽ അസ്വസ്ഥതയും നിരാശയും സൃഷ്ടിക്കുമെന്നും ബാവ മുന്നറിയിപ്പ് നൽകി. കർത്താവിനുവേണ്ടിയുള്ള കാത്തിരിപ്പും, കർത്താവിന് ഇഷ്ടമായതു ചെയ്യുവാനുള്ള ആത്മാർത്ഥമായ അന്വേഷണവും, കർത്താവിന്റെ ഹിതപ്രകാരം ആഗ്രഹങ്ങൾ സഫലമാകുവാനുള്ള പരിശ്രമവുമാണ് ഒരു വിശ്വാസിയുടെ ജീവിതത്തിന്റെ അടിത്തറയാകേണ്ടതെന്ന് ശ്രേഷ്ഠ ബാവ പറഞ്ഞു.
ദൈവത്തെ കാത്തിരിക്കുന്നവർക്ക് ആ കാത്തിരിപ്പ് തന്നെ ഒരു അനുഗ്രഹമായി മാറുന്നുവെന്ന സന്ദേശമാണ് ശിശുസമർപ്പണത്തിലൂടെയും ദേവാലയ പ്രവേശനത്തിലൂടെയും തിരുക്കുടുംബം നമ്മെ പഠിപ്പിക്കുന്നതെന്നും ബാവ ഓർമ്മിപ്പിച്ചു.
കാതോലിക്ക സ്ഥാനലബ്ധിയ്ക്കു ശേഷം ആദ്യമായി ദൈവാലയത്തിലേക്ക് എഴുന്നള്ളിയെത്തിയ ശ്രേഷ്ഠ ബാവായ്ക്ക് ഇടവക സ്നേഹോജ്ജ്വലമായ സ്വീകരണം നൽകി. വി. മൂന്നിന്മേൽ കുർബ്ബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് ക്യാഷ് അവാർഡ് ദാനം, വിശിഷ്ട വ്യക്തികളെ ആദരിയ്ക്കൽ, സ്ലീബ-പുസ്തകം എഴുന്നള്ളിപ്പ്, പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ എന്നിവ നടന്നു.
വികാരി ഫാ. ജേക്കബ്ബ് മോളത്ത്, ട്രസ്റ്റിമാരായ പി.പി ജോസഫ് പുല്യാട്ട്, എം.യു വർഗീസ് മറ്റപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.

