
പുത്തൻകുരിശ് ● യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ വിവിധ ദൈവാലയങ്ങളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. വിവിധ ദൈവാലയങ്ങളിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5 ന് വൃക്ഷത്തൈകൾ വിതരണവും ചെയ്തും നട്ടു പിടിപ്പിച്ചും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയും ഭൂമിക്ക് തണലും കരുതലുമായി.
കണ്ടനാട് ഭദ്രാസന ആസ്ഥാനമായ കടയ്ക്കനാട് മോർ ബസ്സേലിയോസ് പൗലോസ് സെക്കൻ്റ് അരമനയിൽ ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഭദ്രാസന വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ കണ്ടനാട് ഭദ്രാസാനാധിപൻ അഭിവന്ദ്യ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്ത നട്ടു. കണ്ടനാട് ഭദ്രാസന യൂത്ത് അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ മേഖലാ തലത്തിൽ വിതരണം ചെയ്യുന്ന വൃക്ഷത്തൈയുടെ ഉദ്ഘാടനം അഭിവന്ദ്യ മെത്രാപ്പോലീത്ത നിർവഹിച്ചു.
കോഴിക്കോട് ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ മൗണ്ട് ഹോറേബ് അരമനയിൽ അഭിവന്ദ്യ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പോലീത്ത വൃക്ഷത്തൈകൾ നട്ടു.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലബാർ ഭദ്രാസന മർത്തമറിയം വനിതാ സമാജത്തിൻ്റെയും, യൂത്ത് അസ്സോസിയേഷന്റെയും ആഭിമുഖ്യത്തിൽ അഭിവന്ദ്യ മോർ സ്തേഫാനോസ് ഗീവർഗ്ഗീസ് മെത്രാപ്പോലീത്ത വൃക്ഷത്തൈകൾ നട്ടു.



