പുത്തൻകുരിശ് ● ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മലങ്കരയിലെ അപ്പോസ്തോലിക സന്ദർശനവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നടത്തുന്ന അധിക്ഷേപകരമായ പ്രസ്താവനകൾ അത്യന്തം നിരുത്തരവാദപരവും കടുത്ത പ്രതിഷേധാർഹവുമാണെന്ന് യാക്കോബായ സുറിയാനി സഭ.
സഭയുടെ പരമോന്നത ആത്മീയ തലവനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ക്രൈസ്തവ ധാർമികതയ്ക്കും സഭാപാരമ്പര്യത്തിനും വിശ്വാസികളുടെ ആത്മീയ വികാരങ്ങൾക്കും നിരക്കാത്തതും ക്രൈസ്തവ മൂല്യങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് സഭാ മീഡിയ സെൽ ചെയർമാൻ അഭിവന്ദ്യ ഡോ. മോർ തെയോഫിലോസ് കുര്യാക്കോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
മലങ്കര സഭാതർക്കത്തിന് നിയമപരവും നീതിപൂർവവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ക്രിയാത്മകമായ ശ്രമങ്ങൾ നടത്തേണ്ടതിനു പകരം പരിശുദ്ധ പാത്രിയർക്കീസ് ബാവായെ വ്യക്തിപരമായ അധിക്ഷേപങ്ങളും പ്രകോപനപരമായ പ്രസ്താവനകളും നടത്തി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ പരമാധികാരത്തിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികളുടെ ആത്മീയ വികാരങ്ങളെയാണ് ഇത്തരം തരംതാണ പരാമർശങ്ങൾ മുറിവേൽപ്പിക്കുന്നത്. സഭയുടെ ചരിത്രവും പാരമ്പര്യവും ആത്മീയ ബന്ധങ്ങളും വിസ്മരിച്ചുകൊണ്ട് നടത്തുന്ന ഇത്തരം അപക്വവും അപലപനീയവുമായ പ്രതികരണങ്ങൾ ക്രൈസ്തവ സമൂഹത്തിന് അപമാനകരമാണ്. ഇതിനെതിരെ വിശ്വാസസമൂഹത്തിൽനിന്ന് ശക്തമായ പ്രതിഷേധം ഉയരുമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
മലങ്കര സഭാതർക്കത്തിന് ചർച്ചകളിലൂടെ സമാധാനപരവും ശാശ്വതവുമായ പരിഹാരം കണ്ടെത്തുന്നതിന് യാക്കോബായ സുറിയാനി സഭ എക്കാലവും സന്നദ്ധമാണ്. ബഹുമാനപ്പെട്ട സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ വിധിയിലും തുടർന്നുണ്ടായ കേരള ഹൈക്കോടതി വിധിയിലും വ്യക്തമാക്കിയിട്ടുള്ളതുപോലെ, സഭാതർക്കം അനുരഞ്ജനത്തിലൂടെ പരിഹരിക്കുന്നതിന് സർക്കാർ ആത്മാർഥമായ ഇടപെടൽ നടത്തണം. സർക്കാരിന്റെ ഇത്തരം സമാധാനശ്രമങ്ങൾക്ക് സഭയുടെ പൂർണ പിന്തുണയുണ്ടാകും. എന്നാൽ, അനുരഞ്ജന ചർച്ചകളോട് ഓർത്തഡോക്സ് വിഭാഗം നിഷേധാത്മക നിലപാട് തുടരുകയും സഹകരിക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നപക്ഷം സർക്കാർ നിഷ്ക്രിയമായി മാറിനിൽക്കരുത്. ആവശ്യമായ നിയമനിർമാണ നടപടികളിലൂടെ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാൻ സർക്കാർ മുന്നോട്ടുവരണം. സർക്കാരിനെ സമ്മർദത്തിലാക്കിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ താൽപര്യങ്ങൾ നേടിയെടുക്കാമെന്ന ധാരണ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. അത്തരം സമ്മർദതന്ത്രങ്ങൾക്ക് സർക്കാർ വഴങ്ങേണ്ടതില്ലെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
1934-ലെ ഭരണഘടനയും സുപ്രീംകോടതി വിധികളും നിരന്തരം ഉയർത്തിക്കാട്ടുന്ന ഓർത്തഡോക്സ് വിഭാഗം ആദ്യം സ്വന്തം നിലപാടുകൾ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ ആത്മീയ പരമാധികാരവും മലങ്കര സഭയും അന്ത്യോഖ്യാ സിംഹാസനവും തമ്മിലുള്ള ചരിത്രപരവും കാനോനികവുമായ ബന്ധങ്ങളും അംഗീകരിക്കാൻ അവർ തയ്യാറാകണം. കാതോലിക്കായുടെ ക്ഷണമുണ്ടെങ്കിൽ മാത്രമേ പരിശുദ്ധ പാത്രിയർക്കീസ് ബാവായ്ക്ക് മലങ്കരയിൽ സന്ദർശനം നടത്താനാകൂ എന്ന വാദം സഭയുടെ ചരിത്രത്തെയും ഭരണഘടനയുടെ യഥാർഥ വ്യവസ്ഥകളെയും അവഗണിച്ചുള്ളതാണ്. 1934-ലെ യഥാർഥ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവായുടെ സ്ഥാനവും അധികാരങ്ങളും മലങ്കര സഭയുമായുള്ള ബന്ധവും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാൽ, പിന്നീട് വരുത്തിയ ഭേദഗതികളുടെ അടിസ്ഥാനത്തിൽ പാത്രിയർക്കീസിന്റെ സ്ഥാനവും അധികാരങ്ങളും പരിമിതപ്പെടുത്തുന്ന തരത്തിലാണ് ഓർത്തഡോക്സ് വിഭാഗം ഭരണഘടനയെ വ്യാഖ്യാനിച്ചുപോരുന്നത്. തങ്ങൾക്ക് അനുകൂലമായി മാറ്റം വരുത്തിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഭരണഘടനയുടെ യഥാർഥ അന്തഃസത്തയും സഭയുടെ ചരിത്രപരമായ ബന്ധങ്ങളും അംഗീകരിക്കാതെ ഏകപക്ഷീയമായ വ്യാഖ്യാനങ്ങൾ അടിച്ചേൽപ്പിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു.
1934-ലെ ഭരണഘടനയുടെ യഥാർഥ പകർപ്പ് ഹാജരാക്കണമെന്ന ആവശ്യം ഉന്നയിച്ച മുൻ കേരള ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച സാഹചര്യം പോലും ഈ വിഷയത്തിൽ ഗൗരവമായ പരിശോധന അർഹിക്കുന്നതാണ്. ഭരണഘടനയുടെ യഥാർഥ പകർപ്പും അതിലെ വ്യവസ്ഥകളും സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനു പകരം അത്തരം ആവശ്യങ്ങൾ ഉന്നയിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച സാഹചര്യം ഭരണഘടനയുടെ വ്യാഖ്യാനവുമായി ബന്ധപ്പെട്ട സംശയങ്ങൾ കൂടുതൽ ശക്തമാക്കുന്നതാണ്. യഥാർഥ ഭരണഘടനയിൽ പാത്രിയർക്കീസ് ബാവായുടെ സ്ഥാനവും മലങ്കര സഭയും അന്ത്യോഖ്യാ സിംഹാസനവും തമ്മിലുള്ള ബന്ധവും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
1995-ലെ സുപ്രീംകോടതി വിധിയിൽ സഭാബന്ധങ്ങളെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങളും ഓർത്തഡോക്സ് വിഭാഗം അംഗീകരിക്കണം. ആഗോള സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ അന്ത്യോഖ്യാ പാത്രിയർക്കീസാണെന്നും മലങ്കര സഭ ആ ആഗോള സഭയുടെ ഭാഗമാണെന്നും കാതോലിക്കാ പാത്രിയർക്കീസിന്റെ കീഴിലുള്ള സ്ഥാനിയാണെന്നും മാർത്തോമ്മായുടെ സിംഹാസനം ആലങ്കാരികമാണെന്നും വ്യക്തമാക്കുന്ന സുപ്രീംകോടതി നിരീക്ഷണങ്ങളെ സൗകര്യാനുസരണം വ്യാഖ്യാനിക്കാനാവില്ല. ഭരണഘടനയും കോടതി വിധികളും ഉയർത്തിപ്പിടിക്കുന്നവർ അവയിലെ തങ്ങൾക്ക് അനുകൂലമായ പരാമർശങ്ങൾ മാത്രം സ്വീകരിക്കുകയും അസൗകര്യമുണ്ടാക്കുന്ന നിരീക്ഷണങ്ങൾ അവഗണിക്കുകയും ചെയ്യുന്ന സമീപനം അവസാനിപ്പിക്കണം. കോടതി വിധികളുടെ അന്തഃസത്ത ഉൾക്കൊണ്ട് അവയിലെ മുഴുവൻ വ്യവസ്ഥകളും നിരീക്ഷണങ്ങളും ഒരേപോലെ അംഗീകരിക്കാനുള്ള സത്യസന്ധതയാണ് ഓർത്തഡോക്സ് വിഭാഗം പ്രകടിപ്പിക്കേണ്ടതെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
2017-ലെ സുപ്രീംകോടതി വിധിയിലും പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ അധികാരങ്ങളും മലങ്കര സഭയുമായുള്ള ബന്ധവും സംബന്ധിച്ച് വ്യക്തമായ നിരീക്ഷണങ്ങളുണ്ട്. പാത്രിയർക്കീസിന്റെ അധികാരങ്ങൾ വിനിയോഗിക്കുന്നതിനും മെത്രാന്മാരുടെ വാഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കും കാതോലിക്കായുടെ അംഗീകാരം നിർബന്ധമാണെന്ന വാദം സുപ്രീംകോടതി അംഗീകരിച്ചിട്ടില്ല. പാത്രിയർക്കീസ് ബാവായാണ് സഭയുടെ പരമാധ്യക്ഷനെന്ന് വ്യക്തമാക്കുന്ന 1934-ലെ ഭരണഘടനയിലെ 154-ാം വകുപ്പിന്റെ പ്രാധാന്യവും വിസ്മരിക്കാനാവില്ല. ഈ സാഹചര്യത്തിൽ പാത്രിയർക്കീസ് ബാവായെ വിദേശിയെന്നോ അറബിയെന്നോ വിശേഷിപ്പിച്ച് അധിക്ഷേപിക്കുന്നത് മലങ്കര സഭയും അന്ത്യോഖ്യാ സിംഹാസനവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ആത്മീയ ബന്ധങ്ങളെയും വിശ്വാസപാരമ്പര്യത്തെയുമാണ് അവഹേളിക്കുന്നത്. സഭയുടെ ചരിത്രപരമായ അടിത്തറയെ നിഷേധിച്ചുകൊണ്ട് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി. മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഉൾപ്പെടെയുള്ള ചരിത്രപ്രധാനമായ ദൈവാലയങ്ങളുടെ കാര്യത്തിൽ യഥാർഥ വസ്തുതകളും നിയമപരമായ രേഖകളും പരിശോധിക്കപ്പെടണം. നൂറ്റാണ്ടുകളായി യാക്കോബായ സുറിയാനി സഭയുടെ ആരാധനാപാരമ്പര്യത്തിലും അന്ത്യോഖ്യാ സിംഹാസനവുമായുള്ള ആത്മീയ ബന്ധത്തിലും നിലനിൽക്കുന്ന ദൈവാലയങ്ങളാണിവ. വിവിധ കാലഘട്ടങ്ങളിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവാമാർ സന്ദർശിക്കുകയും വിശുദ്ധ മൂറോൻ കൂദാശ ഉൾപ്പെടെയുള്ള പ്രധാന ആത്മീയ ചടങ്ങുകൾ നിർവഹിക്കുകയും ചെയ്തിട്ടുള്ള ചരിത്രപ്രാധാന്യമുള്ള ദൈവാലയങ്ങളാണ് മണർകാട് ഉൾപ്പെടെയുള്ളവ. ഈ ദൈവാലയങ്ങളുടെ ആധാരങ്ങൾ, ഉടമസ്ഥാവകാശ രേഖകൾ, ഭൂനികുതി രസീതുകൾ, മറ്റ് സ്വത്തുരേഖകൾ എന്നിവ പരിശോധിച്ചാൽ അവയുടെ ചരിത്രപരമായ പശ്ചാത്തലവും നിയമപരമായ അവകാശങ്ങളും വ്യക്തമാകും. കോടതി വിധികളുടെ പേരിൽ മാത്രം ദൈവാലയങ്ങളുടെ ചരിത്രവും അവകാശങ്ങളും അവഗണിക്കാനാവില്ല.
2017-ലെ സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്തെ ദൈവാലയങ്ങൾ ഒന്നൊന്നായി കൈവശപ്പെടുത്താനുള്ള നീക്കങ്ങൾക്ക് നിയമപരമായ അംഗീകാരം ലഭിക്കില്ല. പ്രസ്തുത വിധിയുടെ പരിധിയും അതിന്റെ അടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന നടപടികളും കൃത്യമായി മനസ്സിലാക്കണം. ഒരു ഭരണസംവിധാനവുമായി ബന്ധപ്പെട്ട വിധിയെ സംസ്ഥാനത്തെ എല്ലാ ദൈവാലയങ്ങളുടെയും ഉടമസ്ഥാവകാശം നിർണയിക്കുന്ന പൊതുവായ ഉത്തരവായി വ്യാഖ്യാനിക്കാനാവില്ല. മൂന്ന് ദൈവാലയങ്ങളുമായി ബന്ധപ്പെട്ട വിധിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പള്ളികൾ കൈവശപ്പെടുത്താനുള്ള നീക്കങ്ങൾ ഉണ്ടായ സാഹചര്യത്തിൽ, ബഹുമാനപ്പെട്ട സുപ്രീംകോടതി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ ഏറെ പ്രസക്തമാണ്. ദൈവാലയങ്ങൾ പോലീസ് സഹായത്തോടെ ബലപ്രയോഗത്തിലൂടെ കൈമാറാനാകുമോ എന്നതടക്കമുള്ള വിഷയങ്ങൾ പരിശോധിക്കാൻ കേരള ഹൈക്കോടതിയോട് നിർദേശിച്ച സാഹചര്യം ഈ വിഷയത്തിൽ നിയമപരമായ പരിശോധനയുടെ ആവശ്യകത വ്യക്തമാക്കുന്നതാണ്.
2017-ലെ വിധി മൂന്ന് പള്ളികൾക്ക് മാത്രമായി ബാധകമാണെന്നും മറ്റ് ദൈവാലയങ്ങളുടെ കാര്യത്തിൽ പ്രത്യേക സിവിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി അവകാശം നിർണയിക്കേണ്ടതുണ്ടെന്നുമുള്ള നിർദേശങ്ങൾ അവഗണിക്കാനാവില്ല. ഓരോ ദൈവാലയത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച ആധാരങ്ങൾ, ഭൂനികുതി രസീതുകൾ, മറ്റ് സ്വത്തുരേഖകൾ എന്നിവ പരിശോധിച്ചാണ് നിയമപരമായ അവകാശം തീരുമാനിക്കേണ്ടത്. കോടതി നിർദേശിക്കുന്ന നടപടിക്രമങ്ങൾ മറികടന്ന് ബലപ്രയോഗത്തിലൂടെ ദൈവാലയങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമങ്ങൾ നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ആട്ടിൻകുന്ന് പള്ളി, മണർകാട് പള്ളി തുടങ്ങിയ ദൈവാലയങ്ങളുടെ കാര്യത്തിലും ചരിത്രപരമായ രേഖകളും ഉടമസ്ഥാവകാശ രേഖകളും സമഗ്രമായി പരിശോധിക്കണം. അത്തരം പരിശോധനകൾ യാക്കോബായ സുറിയാനി സഭ ഉന്നയിക്കുന്ന അവകാശവാദങ്ങളുടെ അടിസ്ഥാനവും പ്രസക്തിയും വ്യക്തമാക്കുമെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി വിധികളെക്കുറിച്ച് നിരന്തരം സംസാരിക്കുന്നവർ വിധികളിലെ മുഴുവൻ നിരീക്ഷണങ്ങളും നിർദേശങ്ങളും ഒരുപോലെ അംഗീകരിക്കാൻ തയ്യാറാകണം. ഭരണഘടനയെ സ്വന്തം താൽപര്യങ്ങൾക്കനുസരിച്ച് വ്യാഖ്യാനിക്കുകയും കോടതി വിധികളിലെ തങ്ങൾക്ക് അനുകൂലമായ ഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും ചെയ്യുന്ന സമീപനം അംഗീകരിക്കാനാവില്ല. നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും ഉദ്ധരിക്കുന്നവർ അവയുടെ അന്തഃസത്തയും എല്ലാ നിർദേശങ്ങളും ഒരുപോലെ മാനിക്കണം. സഭാതർക്കത്തിൽ യഥാർഥ നീതിയും ശാശ്വത സമാധാനവും ഉറപ്പാക്കണമെങ്കിൽ ആദ്യം ആത്മപരിശോധന നടത്താനും സത്യസന്ധമായ ചർച്ചകൾക്ക് തയ്യാറാകാനും ഓർത്തഡോക്സ് വിഭാഗം സന്നദ്ധമാകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് സർക്കാർ അടിയന്തരവും ആത്മാർഥവുമായ ഇടപെടൽ നടത്തണം. സുപ്രീംകോടതിയുടെ നിർദേശത്തെത്തുടർന്ന് കേരള ഹൈക്കോടതി നടത്തിയ ഇടപെടലുകളുടെയും പുറപ്പെടുവിച്ച വിധിയുടെയും പശ്ചാത്തലത്തിൽ അനുരഞ്ജനത്തിലൂടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം. മധ്യസ്ഥശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താതെ വരികയാണെങ്കിൽ ആവശ്യമായ നിയമനിർമാണത്തിലൂടെ തർക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള സാധ്യത സർക്കാർ ഗൗരവമായി പരിഗണിക്കണം. 2017-ലെ സുപ്രീംകോടതി വിധിയും തുടർന്നുണ്ടായ കോടതി നടപടികളും ഈ വിഷയത്തിൽ സർക്കാരിന്റെ ഇടപെടലിന് നിർണായകമായ പശ്ചാത്തലമാണ്. സർക്കാർ ഉൾപ്പെടെയുള്ള ഉത്തരവാദപ്പെട്ട അധികാരകേന്ദ്രങ്ങൾ നടത്തുന്ന സമാധാനശ്രമങ്ങളോട് നിസ്സഹകരിക്കുകയും മറുവശത്ത് കയ്യൂക്കിന്റെയും ബലപ്രയോഗത്തിന്റെയും അടിസ്ഥാനത്തിൽ ദൈവാലയങ്ങളുടെ നിയന്ത്രണം കൈവശപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ചർച്ചകൾക്കും അനുരഞ്ജനത്തിനും അവസരം നൽകാതെ ഏകപക്ഷീയമായ നടപടികളിലൂടെ ദൈവാലയങ്ങൾ കൈവശപ്പെടുത്തുന്നത് സഭാതർക്കത്തിന് പരിഹാരമാകില്ല.
ഓരോ ദൈവാലയത്തിലെയും വിശ്വാസികളുടെ യഥാർഥ അഭിപ്രായവും ആരാധനാപാരമ്പര്യവും അവകാശങ്ങളും പരിഗണിക്കപ്പെടണം. ഇതിന്റെ ഭാഗമായി ദൈവാലയങ്ങളിൽ ജനഹിതപരിശോധന നടത്തി ഭൂരിപക്ഷ വിശ്വാസികളുടെ അഭിപ്രായം നിർണയിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനിർമാണം നടത്തുകയും വേണം. കോടതിവിധികളുടെ പേരിൽ തുടർച്ചയായി സംഘർഷങ്ങളും അവകാശത്തർക്കങ്ങളും സൃഷ്ടിക്കുന്നതിനുപകരം വിശ്വാസികളുടെ ജനാധിപത്യപരമായ അഭിപ്രായത്തിന് പ്രാധാന്യം നൽകി അവരുടെ ആരാധനാസ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന നിയമപരമായ പരിഹാരമാണ് ഉണ്ടാകേണ്ടത്. ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന സഭാതർക്കത്തിന് ഇത്തരമൊരു ജനാധിപത്യപരമായ പരിഹാരം കണ്ടെത്താൻ സർക്കാർ ഇച്ഛാശക്തി പ്രകടിപ്പിക്കണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
മലങ്കരയിൽ സമാധാനത്തിനും അനുരഞ്ജനത്തിനുമായി എത്തിയ പരിശുദ്ധ പാത്രിയർക്കീസ് ബാവാമാരുടെ ചരിത്രം സമാധാനശ്രമങ്ങളുടെ പ്രാധാന്യമാണ് വ്യക്തമാക്കുന്നത്. അവർ ആരെയും മുറിവേൽപ്പിക്കാനല്ല, മറിച്ച് സഭയിലെ ഭിന്നതകൾ പരിഹരിച്ച് വിശ്വാസികൾക്കിടയിൽ ഐക്യവും സമാധാനവും സ്ഥാപിക്കാനാണ് പരിശ്രമിച്ചിട്ടുള്ളത്. എന്നാൽ, സമാധാനശ്രമങ്ങളുമായി മലങ്കരയിലെത്തിയ പാത്രിയർക്കീസ് ബാവാമാർക്കുതന്നെ നിസ്സഹകരണത്തിന്റെയും പ്രതിസന്ധികളുടെയും വേദനകൾ നേരിടേണ്ടിവന്നിട്ടുണ്ട്. സമാധാനപ്രഭുവെന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ഞനിക്കരയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എത്തിയത് സഭാതർക്കത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാൽ, ഓർത്തഡോക്സ് വിഭാഗത്തിന്റെ നിസ്സഹകരണത്തെത്തുടർന്ന് ആ സമാധാനശ്രമങ്ങൾ പരാജയപ്പെടുകയും 1932-ൽ അദ്ദേഹം ഹൃദയവേദനയോടെ കാലം ചെയ്യുകയും ചെയ്ത ചരിത്രം വിസ്മരിക്കാനാവില്ല.
അന്നത്തെ നിസ്സഹകരണ മനോഭാവത്തിന്റെ തുടർച്ചയാണ് ഇന്നും പ്രകടമാകുന്നത്. പരിശുദ്ധ പാത്രിയർക്കീസ് ബാവ സമാധാനത്തിനും അനുരഞ്ജനത്തിനും വേണ്ടി ആഹ്വാനം ചെയ്യുമ്പോൾ മറുവശത്ത് സംഘർഷത്തിനും ഭിന്നതയ്ക്കും വഴിയൊരുക്കുന്ന പ്രസ്താവനകളും നിലപാടുകളും ഉയരുന്നത് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങൾക്കുതന്നെ വിരുദ്ധമാണ്. സമാധാനത്തിന്റെ സന്ദേശം ഉയർത്തിപ്പിടിക്കേണ്ടവർ തന്നെ സംഘർഷത്തിന് വഴിയൊരുക്കുന്നത് സഭയുടെ ആത്മീയ ദൗത്യത്തോടുള്ള നീതികേടാണ്. ഭിന്നതകൾ കൂടുതൽ വഷളാക്കുന്ന പ്രസ്താവനകൾക്കും നിലപാടുകൾക്കുമുപരി പരസ്പര ബഹുമാനത്തിലും വിട്ടുവീഴ്ചയിലും അധിഷ്ഠിതമായ സമാധാനശ്രമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത വ്യക്തമാക്കി.
മുറിവേറ്റവരെക്കുറിച്ച് സംസാരിക്കുന്നവർ പതിറ്റാണ്ടുകളായി യാക്കോബായ സുറിയാനി സഭയിലെ വിശ്വാസികൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകളും നീതിനിഷേധവും ആദ്യം തിരിച്ചറിയണം. സ്വന്തം പൂർവികർ സ്ഥാപിക്കുകയും തലമുറകളായി ആരാധന നടത്തിവരികയും ചെയ്ത ദൈവാലയങ്ങളിൽനിന്ന് വിശ്വാസികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയതും അവരുടെ ശാരീരികവും മാനസികവും ആത്മീയവുമായ ജീവിതത്തിൽ ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചതും സഭാതർക്കത്തിന്റെ മറച്ചുവയ്ക്കാനാവാത്ത യാഥാർഥ്യങ്ങളാണ്. ജീവിച്ചിരിക്കുന്ന വിശ്വാസികളുടെ ആരാധനാവകാശങ്ങൾ മാത്രമല്ല, മരിച്ചവരുടെ സംസ്കാരവുമായി ബന്ധപ്പെട്ട അവകാശങ്ങളും മാനുഷികമായ ആദരവും ചോദ്യം ചെയ്യപ്പെട്ട വേദനാജനകമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പതിറ്റാണ്ടുകളായി ഒരു വിശ്വാസിസമൂഹം നേരിടുന്ന ഇത്തരം ദുരനുഭവങ്ങളെ അവഗണിച്ചുകൊണ്ട് മുറിവുകളെക്കുറിച്ച് ഏകപക്ഷീയമായി സംസാരിക്കുന്നത് നീതീകരിക്കാനാവില്ല.
മുറിവേൽപ്പിക്കപ്പെട്ടവരുടെ വേദനയെക്കുറിച്ച് അവരോടുതന്നെ നീതിപൂർവമായ സമീപനം സ്വീകരിക്കാതെ മറുവിഭാഗം പരാതിപ്പെടുന്ന സാഹചര്യം വലിയ വൈരുധ്യമാണ്. സ്വന്തം നടപടികൾ സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ വിലയിരുത്താതെ ഇരകളുടെ വേദനയെക്കുറിച്ച് സംസാരിക്കുന്നത് ആത്മാർഥമായ നിലപാടല്ല. സഭാതർക്കത്തിന്റെ പേരിൽ യാക്കോബായ വിശ്വാസികൾ പതിറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന നീതിനിഷേധവും ആരാധനാസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റങ്ങളും ആത്മപരിശോധനയോടെ വിലയിരുത്താൻ ഓർത്തഡോക്സ് വിഭാഗം തയ്യാറാകണമെന്നും മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.
ചരിത്ര പ്രാധാന്യമുള്ള വിശുദ്ധ മൂറോൻ കൂദാശയും മുളന്തുരുത്തി സുന്നഹദോസിന്റെ വാർഷികവും അടക്കമുള്ള ആത്മീയ ചടങ്ങുകൾ സഭാപിതാക്കന്മാരുടെ സാന്നിധ്യത്തിൽ ആഗോള ക്രൈസ്തവ സമൂഹത്തിന്റെയാകെ ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയതിന്റെ അസഹിഷ്ണുതയും അങ്കലാപ്പുമാണ് ഇത്തരം മുറിവുകൾക്കു പിന്നിൽ. പള്ളികളും സ്ഥാപനങ്ങളും താൽക്കാലികമായി നഷ്ടപ്പെട്ടു പോയെങ്കിലും വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതെ പരിശുദ്ധ സഭയോട് ചേർന്ന് നിൽക്കുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്കാണ് മറുഭാഗത്തിന്റെ നീചമായ പ്രവർത്തികളിലൂടെ മുറിവേറ്റതെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾ മലങ്കര സഭാതർക്കത്തിന് ചർച്ചകളിലൂടെയും അനുരഞ്ജനത്തിലൂടെയും പരിഹാരം കണ്ടെത്താൻ നടത്തിയിട്ടുള്ള ശ്രമങ്ങളോട് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ച നിഷേധാത്മക നിലപാടും വിട്ടുവീഴ്ചയില്ലാത്ത സമീപനവും നിസ്സഹകരണവുമാണ് സമാധാനശ്രമങ്ങൾക്ക് പ്രധാന തടസ്സമായി നിന്നിട്ടുള്ളതെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. നിർഭാഗ്യവശാൽ, സമാനമായ സമീപനം തന്നെയാണ് ഇപ്പോഴും തുടരുന്നത്. പ്രശ്നങ്ങൾ വീണ്ടും കലുഷിതമാക്കുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന നീക്കങ്ങൾക്കുപകരം ലഭിക്കുന്ന ഓരോ സമാധാനശ്രമവും പ്രയോജനപ്പെടുത്തി തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഇരു വിഭാഗങ്ങളുമായും ചർച്ച നടത്തി മലങ്കര സഭാതർക്കത്തിന് പരിഹാരം കാണുമെന്ന് വിവിധ വേദികളിൽ ആവർത്തിച്ച് പ്രഖ്യാപിച്ചിട്ടുള്ളത് യാക്കോബായ സുറിയാനി സഭ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. ചർച്ചകളിലൂടെയും പരസ്പര ധാരണയിലൂടെയും സഭാതർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് യാക്കോബായ സുറിയാനി സഭ ഇന്നും പൂർണ സന്നദ്ധമാണ്. സമാധാനത്തിനായുള്ള ഈ സന്നദ്ധതയുടെ മറുവശത്ത് ക്രിയാത്മകമായി സഹകരിക്കാനുള്ള ഉത്തരവാദിത്വം ഓർത്തഡോക്സ് വിഭാഗത്തിനുമുണ്ട്. അനുരഞ്ജനശ്രമങ്ങളോട് ഇനിയും നിസ്സഹകരണം തുടരുന്ന സാഹചര്യമുണ്ടായാൽ സർക്കാർ അതിൽനിന്ന് പിന്നോട്ടുപോകരുത്. കോടതി വിധികളുടെയും തുടർന്നുണ്ടായ നിയമപരമായ നിർദേശങ്ങളുടെയും പശ്ചാത്തലത്തിൽ ആവശ്യമായ നിയമനിർമാണം നടത്തുന്നതിനുള്ള ഇച്ഛാശക്തി സർക്കാർ പ്രകടിപ്പിക്കണം. നിയമപരവും ജനാധിപത്യപരവുമായ നടപടികളിലൂടെ ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന മലങ്കര സഭാതർക്കത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ് യാക്കോബായ സുറിയാനി സഭയുടെ ആവശ്യമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
2017-ലെ കെ.എസ്. വർഗീസ് കേസിലെ സുപ്രീംകോടതി വിധിയിൽ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ ആത്മീയ മേൽക്കോയ്മ സംബന്ധിച്ച് വ്യക്തമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ, വിധിയിലെ ഈ സുപ്രധാന നിരീക്ഷണത്തിന്റെ അന്തഃസത്തയ്ക്ക് വിരുദ്ധമായ നിലപാടുകളും നടപടികളുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
വിധിയുടെ 184-ാം ഖണ്ഡികയിലെ (xiv) ഉപഖണ്ഡത്തിൽ സുപ്രീംകോടതി ഇപ്രകാരം വ്യക്തമാക്കുന്നു:
“1934 constitution cannot be construed to be opposed to the concept of the spiritual supremacy of the Patriarch of Antioch. It cannot as well be said to be an instrument of injustice or vehicle of oppression on the Parishioners who believe in the spiritual supremacy of the Patriarch.”
അതായത്, അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ ആത്മീയ മേൽക്കോയ്മ എന്ന സങ്കൽപ്പത്തിന് വിരുദ്ധമായി 1934-ലെ ഭരണഘടനയെ വ്യാഖ്യാനിക്കാനാവില്ലെന്നും ആ ആത്മീയ മേൽക്കോയ്മയിൽ വിശ്വസിക്കുന്ന ഇടവകാംഗങ്ങൾക്കെതിരായ അനീതിയുടെയോ അടിച്ചമർത്തലിന്റെയോ ഉപകരണമായി ഭരണഘടനയെ ഉപയോഗിക്കരുതെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഭരണഘടനയെക്കുറിച്ചുള്ള ഈ വ്യക്തമായ കോടതി നിരീക്ഷണം നിലനിൽക്കെ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ ആത്മീയ അധികാരത്തെ ചോദ്യം ചെയ്യുകയും ആ അധികാരത്തിൽ വിശ്വസിക്കുന്ന യാക്കോബായ വിശ്വാസികളുടെ ആരാധനാസ്വാതന്ത്ര്യത്തിനും അവകാശങ്ങൾക്കും തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്ന നടപടികൾക്ക് എന്ത് ന്യായീകരണമാണുള്ളതെന്ന് മെത്രാപ്പോലീത്ത ചോദിച്ചു. സുപ്രീംകോടതി അംഗീകരിച്ച ആത്മീയ മേൽക്കോയ്മയെ പ്രായോഗികമായി നിഷേധിക്കുന്ന സമീപനം അവസാനിപ്പിക്കുകയും വിധിയുടെ അന്തഃസത്തയും വിശ്വാസികളുടെ അവകാശങ്ങളും ഒരുപോലെ മാനിക്കുകയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി വിധിയിലെ തങ്ങൾക്ക് അനുകൂലമെന്ന് കരുതുന്ന ഭാഗങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും അതേ വിധിയിൽ പാത്രിയർക്കീസിന്റെ ആത്മീയ മേൽക്കോയ്മയും വിശ്വാസികളുടെ അവകാശങ്ങളും സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ള നിർണായക നിരീക്ഷണങ്ങൾ അവഗണിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണ്. വിധിയുടെ അന്തഃസത്ത ഉൾക്കൊണ്ട് അതിലെ എല്ലാ നിർദേശങ്ങളും നിരീക്ഷണങ്ങളും ഒരുപോലെ മാനിക്കുകയാണ് വേണ്ടത്. 2017-ലെ സുപ്രീംകോടതി വിധിയിലെ സുപ്രധാന പരാമർശങ്ങൾ വിസ്മരിച്ച് സഭാതർക്കത്തിൽ ഏകപക്ഷീയമായ നിലപാടുകൾ സ്വീകരിക്കുന്നത് നീതിയുടെയും സമാധാനത്തിന്റെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.
2017-ലെ സുപ്രീംകോടതി വിധിയിലെ 169-ാം ഖണ്ഡികയും ഈ വിഷയത്തിൽ ഏറെ നിർണായകമാണ്. പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവായുടെ ആത്മീയ മേൽക്കോയ്മ കാതോലിക്കാ വിഭാഗം പോലും ചോദ്യം ചെയ്തിട്ടില്ലെന്നും നിലവിലുള്ള കാനോനുകൾക്ക് അനുസൃതമായി യൂണിവേഴ്സൽ സിനഡാണ് പാത്രിയർക്കീസിനെ നിയമിക്കുന്നതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആരാണ് പരിശുദ്ധ പാത്രിയർക്കീസ് എന്ന കാര്യത്തിൽ തർക്കമില്ലാത്തിടത്തോളം മലങ്കര സഭയ്ക്ക് അദ്ദേഹത്തെ അംഗീകരിക്കാതിരിക്കാനുള്ള സാഹചര്യമില്ലെന്നും വിധിയിൽ നിരീക്ഷിക്കുന്നുണ്ട്. അതായത്, പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ സ്ഥാനവും നിയമനവും സംബന്ധിച്ച അധികാരം കാനോനിക വ്യവസ്ഥകൾക്കനുസരിച്ച് യൂണിവേഴ്സൽ സിനഡിൽ നിക്ഷിപ്തമാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്. പാത്രിയർക്കീസ് ബാവായുടെ നിയമനത്തിന് കാതോലിക്കായുടെ പ്രത്യേക അനുമതിയോ അംഗീകാരമോ വേണമെന്ന വ്യവസ്ഥ ഈ നിരീക്ഷണത്തിലില്ല. അതേസമയം, മലങ്കര സഭയിലെ ഭരണപരമായ അധികാരങ്ങളുടെ പരിധി 1934-ലെ ഭരണഘടനയുടെയും ബന്ധപ്പെട്ട കോടതി വിധികളുടെയും അടിസ്ഥാനത്തിൽ പ്രത്യേകം വിലയിരുത്തേണ്ടതുണ്ടെന്ന കാര്യവും വിസ്മരിക്കുന്നില്ല.
സുപ്രീംകോടതി വിധികളാണ് തങ്ങളുടെ അന്തിമ പ്രമാണമെന്ന് രാവും പകലും ആവർത്തിക്കുന്നവർ വിധികളിലെ ഇത്തരം സുപ്രധാന നിരീക്ഷണങ്ങൾ കൂടി കാണണം. തങ്ങൾക്ക് അനുകൂലമെന്ന് കരുതുന്ന പരാമർശങ്ങൾ മാത്രം ഉയർത്തിക്കാട്ടുകയും പാത്രിയർക്കീസിന്റെ ആത്മീയ മേൽക്കോയ്മയെയും വിശ്വാസികളുടെ അവകാശങ്ങളെയും സംബന്ധിച്ച നിരീക്ഷണങ്ങൾ സൗകര്യപൂർവം മറച്ചുവയ്ക്കുകയും ചെയ്യുന്നത് നീതിയുക്തമായ സമീപനമല്ല. കോടതി വിധികളെ പൂർണമായി അംഗീകരിക്കുന്നുവെന്ന് പറയുന്നവർ അവയിലെ എല്ലാ നിരീക്ഷണങ്ങളും ഒരുപോലെ മാനിക്കാനുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കണമെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
യാക്കോബായ സുറിയാനി സഭയ്ക്ക് പ്രത്യേകമായ ഒരു ആനുകൂല്യവും മുഖ്യമന്ത്രിയോ സർക്കാരോ നൽകിയിട്ടില്ലെന്നതാണ് വസ്തുതയെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. 1995, 2017, 2026 വർഷങ്ങളിലെ സുപ്രധാന കോടതി വിധികളുടെയും നിയമപരമായ വ്യവസ്ഥകളുടെയും അടിസ്ഥാനത്തിൽ നീതിപൂർവമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. അത്തരം നടപടികളെ അംഗീകരിക്കുന്നതിനുപകരം സർക്കാരിനെ സമ്മർദത്തിലാക്കാനും ഭീഷണിപ്പെടുത്താനും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഭരണകൂടത്തെയും പരസ്യമായി അധിക്ഷേപിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിക്കുന്നത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ നടത്തുന്ന അധിക്ഷേപകരമായ പ്രചാരണങ്ങൾ ഒരു ക്രൈസ്തവ സമൂഹത്തിനോ പരിഷ്കൃത സമൂഹത്തിനോ യോജിച്ചതല്ല. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സർക്കാരിന് കോടതി വിധികൾ നടപ്പാക്കുന്നതിനും നിയമാനുസൃതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിർവഹിക്കുന്ന സർക്കാരിനെ ഭീഷണിപ്പെടുത്തിയും സമ്മർദത്തിലാക്കിയും തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാമെന്ന ധാരണ ജനാധിപത്യ മര്യാദകൾക്കും നിയമവാഴ്ചയ്ക്കും നിരക്കാത്തതാണ്. നീതിപൂർവമായ നടപടികൾ സ്വീകരിക്കുന്ന സർക്കാരിനെതിരായ ഇത്തരം സമ്മർദതന്ത്രങ്ങൾ അവസാനിപ്പിക്കണമെന്നും കോടതി വിധികളെയും ജനാധിപത്യ സംവിധാനങ്ങളെയും ഒരുപോലെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും യാക്കോബായ സുറിയാനി സഭ ആവശ്യപ്പെടുന്നു.
ഓർത്തഡോക്സ് വിഭാഗം സ്വയം ഒരു സ്വതന്ത്ര സ്വയംശീർഷക സഭയാണെന്ന നിലപാട് സ്വീകരിച്ചിട്ടുള്ളവരാണെന്നും 1974-ൽ ഔഗേൻ കാതോലിക്കാ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. കൂടാതെ, 2025-ൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിനു മുന്നിൽ സമർപ്പിച്ച വാദങ്ങളിലും രണ്ട് വ്യത്യസ്ത വിശ്വാസങ്ങളും രണ്ട് വ്യത്യസ്ത സഭകളുമാണെന്ന നിലപാടാണ് ഓർത്തഡോക്സ് വിഭാഗം സ്വീകരിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ, യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ മലങ്കരയിൽ എത്തി യാക്കോബായ സഭയുടെ ദൈവാലയങ്ങൾ സന്ദർശിക്കുന്നതിനും വിശ്വാസികൾക്ക് ആത്മീയ നേതൃത്വം നൽകുന്നതിനും എങ്ങനെയാണ് മറ്റൊരു വിഭാഗത്തിന് തടസ്സം സൃഷ്ടിക്കാനാകുക എന്ന ചോദ്യം പ്രസക്തമാണ്. സ്വന്തം സഭയുടെ പരമാധ്യക്ഷനെ അംഗീകരിക്കാനും അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വം സ്വീകരിക്കാനുമുള്ള യാക്കോബായ വിശ്വാസികളുടെ അവകാശത്തിൽ മറ്റൊരു വിഭാഗത്തിന് എന്ത് അടിസ്ഥാനത്തിലാണ് ഇടപെടാനാകുക? രണ്ട് വ്യത്യസ്ത സഭകളാണെന്ന നിലപാട് ഉയർത്തിപ്പിടിക്കുന്നവർ അതിന്റെ സ്വാഭാവികമായ പ്രത്യാഘാതങ്ങളും അംഗീകരിക്കാൻ തയ്യാറാകണം.
മലങ്കര സഭയെന്നാൽ ഓർത്തഡോക്സ് വിഭാഗം മാത്രമാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും അവകാശവാദങ്ങളും അംഗീകരിക്കാനാവില്ല. 1995-ലെ സുപ്രീംകോടതി വിധിയിൽ മലങ്കര സഭയുടെ സ്വത്വവും സഭാപരമായ ഘടനയും സംബന്ധിച്ച് സുപ്രധാനമായ നിരീക്ഷണങ്ങളുണ്ട്. യാക്കോബായ സുറിയാനി സഭയുടെ സഭാവിവരണപ്രകാരം മലങ്കര സഭ അന്ത്യോഖ്യാ സുറിയാനി സഭയുടെ ഭാഗമായും പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവ ആത്മീയ പരമാധ്യക്ഷനായും നിലകൊള്ളുന്ന സഭയാണ്. സഭയിലെ സ്ഥാനക്രമത്തിൽ പാത്രിയർക്കീസ് ബാവയ്ക്ക് ഒന്നാം സ്ഥാനവും കാതോലിക്കായ്ക്ക് രണ്ടാം സ്ഥാനവുമാണുള്ളത്. വിശുദ്ധ പത്രോസിന്റെ അപ്പോസ്തോലിക സിംഹാസനത്തിൽനിന്നുള്ള അപ്പോസ്തോലിക കൈവെപ്പിന്റെ പാരമ്പര്യം പിന്തുടരുന്ന സഭയെന്ന വിശേഷണവും ഈ സഭാപാരമ്പര്യത്തിന്റെ ഭാഗമാണ്. ഇത്തരം ചരിത്രപരവും കാനോനികവുമായ വസ്തുതകൾ നിലനിൽക്കെ മലങ്കര സഭയുടെ പേരും സ്വത്വവും ഒരു വിഭാഗത്തിന്റെ മാത്രം അവകാശമായി അവതരിപ്പിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ല. 1995-ലെ സുപ്രീംകോടതി വിധിയിലെ നിരീക്ഷണങ്ങളെ സൗകര്യാനുസരണം വ്യാഖ്യാനിക്കുകയും സഭയുടെ ചരിത്രപരമായ പൈതൃകവും അന്ത്യോഖ്യാ സിംഹാസനവുമായുള്ള ബന്ധവും മറച്ചുവയ്ക്കുകയും ചെയ്യുന്നത് വസ്തുതകളുടെ ഏകപക്ഷീയമായ അവതരണമാണെന്നും മെത്രാപ്പോലീത്ത വ്യക്തമാക്കി.
ഇടവകപ്പള്ളികളുടെ സ്വത്തുക്കളും സാമ്പത്തിക സ്രോതസ്സുകളും മലങ്കര സഭാ ട്രസ്റ്റിന്റെ നിയന്ത്രണത്തിലാക്കി ദേവലോകം കേന്ദ്രീകരിച്ചുള്ള കേന്ദ്രീകൃത ഭരണസംവിധാനത്തിന് കീഴിൽ കൊണ്ടുവരാനുള്ള നീക്കത്തിന്റെ നിയമപരവും സഭാപരവുമായ അടിസ്ഥാനം എന്താണെന്ന ചോദ്യവും ഗൗരവത്തോടെ പരിശോധിക്കപ്പെടേണ്ടതാണ്. 1995-ലെ സുപ്രീംകോടതി വിധിയിൽ ബന്ധപ്പെട്ട കേസിൽ ഇടവകപ്പള്ളികൾ കക്ഷികളായിരുന്നില്ലെന്ന കാര്യം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്. അതോടൊപ്പം, ഓരോ ഇടവകപ്പള്ളിയെയും സംബന്ധിച്ച കാര്യങ്ങളിൽ അതത് ഇടവകകളുടെ പൊതുയോഗത്തിനുള്ള അധികാരവും പ്രസക്തമായ കോടതി നിരീക്ഷണങ്ങളിൽനിന്ന് വ്യക്തമാകുന്നതാണ്. അങ്ങനെയിരിക്കെ, ഇടവകപ്പള്ളികളുടെ പൊതുയോഗങ്ങളുടെ അധികാരവും വിശ്വാസികളുടെ പങ്കാളിത്തവും മറികടന്ന് അവയുടെ സ്വത്തുക്കളും സാമ്പത്തിക നിയന്ത്രണവും ഒരു കേന്ദ്ര ട്രസ്റ്റിന്റെ കീഴിൽ കൊണ്ടുവരാനുള്ള നീക്കം എത്രത്തോളം നീതീകരിക്കാനാകും? എന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും ഇടവകകളുടെ സ്വത്തുക്കളുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ ഇടവകാംഗങ്ങളുടെ നിയമാനുസൃതമായ അധികാരവും അവകാശവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.
സാധാരണക്കാരായ ഇടവക വിശ്വാസികൾ തങ്ങളുടെ അധ്വാനത്തിലൂടെ സ്വരൂപിച്ച് നിർമിക്കുകയും തലമുറകളായി പരിപാലിക്കുകയും ചെയ്തിട്ടുള്ള ദൈവാലയങ്ങളുടെയും അനുബന്ധ സ്വത്തുക്കളുടെയും മേലുള്ള അവരുടെ അവകാശവും പങ്കാളിത്തവും അവഗണിക്കാനാവില്ല. മെത്രാപ്പോലീത്തമാരുടെയോ കാതോലിക്കായുടെയോ വ്യക്തിപരമായ സമ്പത്തല്ല ഇടവകപ്പള്ളികളുടെ സ്വത്തുക്കൾ. അവ വിശ്വാസികളുടെ കൂട്ടായ അധ്വാനത്തിന്റെയും സമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ്. അതിനാൽ, അവയുടെ ഉടമസ്ഥാവകാശവും ഭരണപരമായ നിയന്ത്രണവും സംബന്ധിച്ച തീരുമാനങ്ങൾ ഇടവകാംഗങ്ങളുടെ പൊതുയോഗങ്ങളുടെ നിയമാനുസൃതമായ അധികാരവും അവകാശവും മാനിച്ചുകൊണ്ടായിരിക്കണം. വിശ്വാസികളുടെ പങ്കാളിത്തം ഇല്ലാതാക്കി ദൈവാലയങ്ങളുടെയും സ്വത്തുക്കളുടെയും നിയന്ത്രണം കേന്ദ്രീകരിക്കാനുള്ള ഏതൊരു നീക്കവും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
മലങ്കര സഭയിലെ ഒരൊറ്റ ദൈവാലയം പോലും കാതോലിക്കായോ മെത്രാപ്പോലീത്തമാരോ സ്വന്തം പണം ചെലവഴിച്ച് നിർമിച്ചതല്ലെന്ന യാഥാർഥ്യം വിസ്മരിക്കരുത്. സാധാരണക്കാരായ ഇടവക വിശ്വാസികൾ തങ്ങളുടെ അധ്വാനഫലത്തിൽനിന്നും സമ്പാദ്യത്തിൽനിന്നും പലപ്പോഴും താലിമാലപോലും പണയംവെച്ച് സ്വരൂപിച്ച പണംകൊണ്ടാണ് ദൈവാലയങ്ങൾ നിർമിക്കുകയും പരിപാലിക്കുകയും ചെയ്തിട്ടുള്ളത്. തലമുറകളുടെ ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും ഫലമായ ഈ ദൈവാലയങ്ങളും സ്വത്തുക്കളും ഏതെങ്കിലും വ്യക്തിയുടെയോ അധികാരകേന്ദ്രത്തിന്റെയോ സ്വകാര്യ സമ്പത്തല്ല. അവയുടെ യഥാർഥ അവകാശികളും സംരക്ഷകരും വിശ്വാസിസമൂഹമാണ്.
ഇടവക വിശ്വാസികളുടെ കൂട്ടായ അധ്വാനത്തിലൂടെ രൂപപ്പെട്ട ഈ സമ്പത്തും ദൈവാലയങ്ങളും ഒരു കേന്ദ്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കം സഭയിൽ വീണ്ടും കേന്ദ്രീകൃതവും ഏകാധിപത്യപരവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനിടയാക്കും. പാത്രിയർക്കീസ് ബാവായുടെ നേതൃത്വത്തിൽ അവസാനിപ്പിക്കപ്പെട്ട ഏകാധിപത്യ സ്വഭാവമുള്ള ഭരണക്രമത്തിലേക്ക് മലങ്കര സഭയെ വീണ്ടും തിരിച്ചുകൊണ്ടുപോകാനുള്ള ശ്രമമായാണ് ഇത്തരം നീക്കങ്ങൾ. ഇടവകകളുടെ സ്വത്തുക്കളും അവയുടെ മേലുള്ള നിയന്ത്രണവും കേന്ദ്രീകരിച്ച് വിശ്വാസികളുടെ അവകാശങ്ങളും പൊതുയോഗങ്ങളുടെ അധികാരവും ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. വിശ്വാസികൾ തങ്ങളുടെ അധ്വാനവും സമ്പാദ്യവും ത്യാഗവുംകൊണ്ട് പടുത്തുയർത്തിയ ദൈവാലയങ്ങളുടെയും സ്വത്തുക്കളുടെയും മേലുള്ള അവകാശം സംരക്ഷിക്കപ്പെടണം. അവ ഏതെങ്കിലും കേന്ദ്രീകൃത അധികാരസംവിധാനത്തിന്റെ നിയന്ത്രണത്തിലേക്ക് മാറ്റാനുള്ള നീക്കങ്ങളെ നിയമപരമായും ജനാധിപത്യപരമായും ചോദ്യം ചെയ്യുമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി.
