പുത്തൻകുരിശ് : കാലംചെയ്ത ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സ്മരണാർഥം ഏർപ്പെടുത്തിയ ശ്രേഷ്ഠ ബാവാ മാനവ രത്ന പുരസ്കാരം മലയാളത്തിൻ്റെ മഹാനടൻ പത്മഭൂഷൺ മമ്മൂട്ടിക്ക്. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതിയാണ് അവാർഡ് പ്രഖ്യാപിച്ചത്. സമൂഹത്തിൻ്റെ നന്മയ്ക്കും, പുരോഗതിക്കും നൽകുന്ന സംഭാവനകൾ കണക്കിലെടുത്താണ് ശ്രേഷ്ഠ ബാവാ പുരസ്കാരം നൽകുന്നത്.
കലാ ജീവിതത്തിലെ വലിയ നേട്ടങ്ങൾക്കൊപ്പം സമൂഹത്തിലെ അവശത അനുഭവിക്കുന്നവർക്ക് വേണ്ടി നടത്തുന്ന ജീവകാരുണ്യ, വിദ്യാഭ്യാസ, ആരോഗ്യ സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നതെന്ന് സമിതിയംഗങ്ങൾ വ്യക്തമാക്കി. ശ്രേഷ്ഠ ബാവാ എക്സലൻ്റ് പുരസ്കാരം 2024-ലാണ് തുടങ്ങിയത്. ആദ്യത്തേത് വി.എസ്.എസ്.സി. ഡയറക്ടറായിരുന്ന എസ്. സോമനാഥിനും, കഴിഞ്ഞവർഷം മലങ്കര കത്തോലിക്കാ സഭയുടെ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കുമാണ് ലഭിച്ചത്.
