കൊച്ചി : അന്ത്യോഖ്യാ സിംഹാസനാധിപനും, ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ മലങ്കരയിലെ അപ്പോസ്തോലിക സന്ദർശനം 2026 നവംബർ 11 മുതൽ 16 വരെ നടക്കും. സന്ദർശന വേളയിൽ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക അതിഥിയായി പ്രഖ്യാപിച്ച് കേരള സർക്കാർ ഉത്തരവിറക്കി. സംസ്ഥാന പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പിന്റെ 2026 നവംബർ 5-ലെ G.O.(Rt) No.5721/2026/GAD ഉത്തരവ് പ്രകാരമാണ് പ്രഖ്യാപനം. സന്ദർശനവുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രോട്ടോക്കോൾ, സുരക്ഷ, യാത്രാസൗകര്യങ്ങൾ എന്നിവ ഒരുക്കാനും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നവംബർ 11 ബുധനാഴ്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരുന്ന പരിശുദ്ധ ബാവയെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഔദ്യോഗികമായി സ്വീകരിക്കും.
പരിശുദ്ധ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ നവംബർ 12 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിൽ സന്ധ്യാപ്രാർത്ഥനയും, വിശുദ്ധ മൂറോൻ കൂദാശയുടെ ഒന്നാം ഘട്ടവും നടക്കും. നവംബർ 13 വെള്ളിയാഴ്ച രാവിലെ 7.30ന് പുത്തൻകുരിശ് സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലും പാത്രിയർക്കാ സെന്ററിലുമായി പ്രഭാത പ്രാർത്ഥന, വിശുദ്ധ മൂറോൻ കൂദാശയുടെ രണ്ടാം ഘട്ടം എന്നിവ നടക്കും. ഉച്ചയ്ക്ക് 2 മുതൽ 4 വരെ പാത്രിയർക്കാ സെന്ററിൽ മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗവും മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൊതുസമ്മേളനവും നടക്കും.
നവംബർ 14 ശനിയാഴ്ച രാവിലെ 9.30ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ പരിശുദ്ധ ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് മലങ്കരയുടെ വിശുദ്ധനായ പരി. ഗീവർഗീസ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെ 125-ാം ദുഖ്റോനോയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനവും നടക്കും. രാവിലെ 11.30ന് വിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസും തുടർന്ന് സഭാ മാനേജിംഗ് കമ്മിറ്റിയും ചേരും. നവംബർ 15 ഞായറാഴ്ച രാവിലെ 8.30ന് വിശുദ്ധ കുർബാന നടക്കും. നവംബർ 16 തിങ്കളാഴ്ച പരിശുദ്ധ പാത്രിയർക്കീസ് ബാവ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മടങ്ങും.
പരിശുദ്ധ ബാവയുടെ സന്ദർശനത്തോടനുബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും, പോലീസ് എസ്കോർട്ട്, പൈലറ്റ് സംവിധാനങ്ങളും ഒരുക്കും. വിമാനത്താവളത്തിൽ വി.ഐ.പി. ലോഞ്ച് സൗകര്യവും സംസ്ഥാന സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. മുളന്തുരുത്തി സുന്നഹദോസിന്റെ 150-ാം വാർഷികാഘോഷങ്ങളും വിശുദ്ധ മൂറോൻ കൂദാശയും ഉൾപ്പെടെ ചരിത്രപ്രധാനമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കുന്ന പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിനായി മലങ്കര യാക്കോബായ സുറിയാനി സഭയും വിശ്വാസസമൂഹവും വലിയ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ഒരുങ്ങുകയാണ്.