പുത്തന്‍കുരിശ് ● ‘മലങ്കരയുടെ യാക്കോബ് ബുര്‍ദ്ദാന’ ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ രണ്ടാം ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള പുത്തൻകുരിശ് പാത്രിയർക്കാ സെന്റർ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ കബറിങ്കലേക്കുള്ള തീര്‍ത്ഥയാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
വിവിധ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥയാത്ര ക്രമീകരണങ്ങള്‍:
കോതമംഗലം മേഖല :
മേഖലയിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ കോതമംഗലം പരിശുദ്ധ യല്‍ദോ മോര് ബസേലിയോസ് ബാവായുടെ കബറിങ്കല്‍ എത്തിച്ചേരും. അവിടെ നിന്ന് വാഹന തീര്‍ത്ഥയാത്ര ആരംഭിച്ച് കാരക്കുന്നം, മൂവാറ്റുപുഴ, മേക്കടമ്പ്, റാക്കാട്, വാളകം, കടമറ്റം, കോലഞ്ചേരി വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും.
പിറവം മേഖല :
പിറവം, കൂത്താട്ടുകുളം, ഇടയാര്‍, കൊട്ടാരക്കുന്ന്, കാരിക്കോട്, മുളക്കുളം ഭാഗങ്ങളിലെ പള്ളികളില്‍ നിന്നുളള വിശ്വാസികള്‍ വാഹന തീര്‍ത്ഥയാത്രയായി പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി കോണ്ഗ്രിഗേഷന് കത്തീഡ്രലില്‍ എത്തിച്ചേരും. അവിടെ നിന്ന് വൈകിട്ട് 4 മണിയ്ക്ക് യാത്ര തിരിച്ച് നെച്ചൂര്‍, സ്രാപ്പിള്ളി, നീറാംമുകള്‍, കുറിഞ്ഞി എന്നിവിടങ്ങളിലെ വിശ്വാസികളുമായി ചേര്‍ന്ന് എം.ജെ.എസ്.എസ്.എ.യില്‍ എത്തിചേരും.
മുളന്തുരുത്തി, ആരക്കുന്നം, കണ്യാട്ടുനിരപ്പ് ഭാഗത്തു നിന്നുള്ള വിശ്വാസികളും പുത്തന്‍കുരിശ് എം.ജെ.എസ്.എസ്.എയില്‍ എത്തിച്ചേരും. അവിടെ നിന്ന് എല്ലാവരും കാല്‍നടയായി പുത്തന്‍കുരിശ് കാവുംതാഴത്ത് നീങ്ങും.
പള്ളിക്കര മേഖല :
തൃശ്ശൂര്‍, അങ്കമാലി മേഖലകളില്‍ നിന്നുള്ള പള്ളികളിലെ വിശ്വാസികള്‍ വാഹനങ്ങളില്‍ പുരാതന ദൈവാലയമായ പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലില്‍ എത്തിച്ചേരും. അവിടെ നിന്ന് കാല്‍നട തീര്‍ത്ഥയാത്രയായി പെരിങ്ങാല, കാണിനാട്, വടവുകോട് വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തും.
പെരുമ്പാവൂര്‍ മേഖല :
പെരുമ്പാവൂര്‍ മേഖലയിലെ വിവിധ ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ വാഹനങ്ങളില്‍ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലില്‍ എത്തിച്ചേരും. അവിടെനിന്ന് അല്ലപ്ര, തുരുത്തിപ്പിള്ളി, വെങ്ങോല ബത്സെയ്ദ, പട്ടിമറ്റം, പാങ്കോട്, ചൂണ്ടി വഴി പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും.
കരിങ്ങാച്ചിറ മേഖല :
കണ്ടനാട്, കാഞ്ഞിരമറ്റം, ചെമ്പ്, തെക്കന്‍പറവൂര്‍, കടുംഗമംഗലം പ്രദേശങ്ങളിലെ ദൈവാലയങ്ങളില്‍ നിന്നുള്ള വിശ്വാസികളും കരിങ്ങാച്ചിറ, തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളും തിരുവാങ്കുളത്ത് ഒത്തുചേരും. തുടര്‍ന്ന് വാഹനങ്ങളില്‍ ഒരുമിച്ച് പുത്തന്‍കുരിശ് കാവുംതാഴത്തെത്തും.
കോതമംഗലം, പിറവം, പള്ളിക്കര, പെരുമ്പാവൂര്‍, കരിങ്ങാച്ചിറ എന്നീ മേഖലകളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ വൈകിട്ട് 5 മണിയ്ക്ക് പുത്തന്‍കുരിശ് കാവുംതാഴത്ത് എത്തിച്ചേരും. തുടര്‍ന്ന് കാല്‍നടയായി പുത്തന്‍കുരിശ് പാത്രിയര്ക്കാസെന്ററിലേക്ക് നീങ്ങുന്ന തീര്‍ത്ഥയാത്രകള്‍ സെന്ററിന്റെ പ്രധാന കവാടത്തിലെത്തുമ്പോള്‍ ശ്രേഷ്ഠ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവ, അഭിവന്ദ്യ മെത്രാപ്പോലീത്തമാര്‍, സഭാ ഭാരവാഹികളായ വൈദിക ട്രസ്റ്റി ഫാ. റോയി ജോര്‍ജ് കട്ടച്ചിറ, അല്മായ ട്രസ്റ്റി കമാന്‍ഡര്‍ തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജേക്കബ് സി. മാത്യു, വര്‍ക്കിംഗ് കമ്മിറ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, ഭക്തസംഘടനാ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.
തുടര്‍ന്ന് തീര്‍ത്ഥാടകര്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലെ ശ്രേഷ്ഠ ബാവായുടെ കബറിങ്കല്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിച്ചേരും.
വൈകിട്ട് 6.15-ന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ സ്ഥാപിച്ചിരിക്കുന്ന ‘മിസ്പ’ മോര് ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കോസ് ഡിജിറ്റല്‍ മ്യൂസിയത്തിന്റെ കൂദാശയും സമര്‍പ്പണവും ശ്രേഷ്ഠ കാതോലിക്ക ബാവ നിര്‍വഹിക്കും. 6.30-ന് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ പ്രധാന കാര്‍മികത്വത്തിലും അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും സന്ധ്യാപ്രാര്‍ത്ഥന നടക്കും. രാത്രി എട്ടിന് ശ്രേഷ്ഠ ബാവായുടെ നാമത്തില്‍ നേര്‍ച്ചസദ്യയും ക്രമീകരിച്ചിട്ടുണ്ട്.
രണ്ടാം ദുഖ്റോനോ പെരുന്നാളിന്റെ പ്രധാന ദിനമായ ഒക്ടോബര്‍ 31 ശനിയാഴ്ച രാവിലെ 7.30-ന് പ്രഭാത പ്രാര്‍ത്ഥനയും 8.30-ന് ശ്രേഷ്ഠ ആബൂന്‍ മോര് ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. തുടര്‍ന്ന് അനുസ്മരണ പ്രസംഗം, നേര്‍ച്ചസദ്യ, കൊടിയിറക്കം എന്നിവയോടെ പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കും. അഭിവന്ദ്യ മെത്രാപ്പോലീത്തമാരും വൈദികരും ആയിരക്കണക്കിന് വിശ്വാസികളും പെരുന്നാള്‍ ശുശ്രൂഷകളില്‍ സംബന്ധിക്കും.
ബഹു. വൈദീകരുടെ വാഹനങ്ങള്‍ മാത്രം പുത്തന്‍കുരിശ് മാര്‍ അത്തനേഷ്യസ് സ്കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത് അവിടെ നിന്ന് നേരേ കത്തീഡ്രലില്‍ എത്തിചേരാവുന്നതാണ്.
വിശ്വാസികളുമായി വരുന്ന വാഹനങ്ങള്‍ എം.ജെ.എസ്.എസ്.എ. ഗ്രൗണ്ട്, ബി.ടി.സി. സ്കൂള്‍ ഗ്രൗണ്ട്, എം.ജി.എം. സ്കൂള്‍ ഗ്രൗണ്ട്, കാവും താഴം മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്.
ജേക്കബ് സി. മാത്യു (സഭാ സെക്രട്ടറി)


