പുത്തൻകുരിശ് ● മലങ്കര യാക്കോബായ സുറിയാനി സൺഡേ സ്കൂൾ അസ്സോസിയേഷന്റെ (എം.ജെ.എസ്.എസ്.എ) ദേശീയ കലോത്സവത്തിൽ 78 പോയിന്റ് നേടി മൂവാറ്റുപുഴ മേഖല ഓവറോൾ ചാമ്പ്യന്മാരായി. 74 പോയിന്റ് നേടിയ അങ്കമാലി മേഖല രണ്ടാം സ്ഥാനവും 72 പോയിന്റുമായി മലബാർ ഭദ്രാസനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സൺഡേ സ്കൂൾ വിഭാഗത്തിൽ വാഴപ്പിള്ളി സെന്റ് മേരീസ് ഒന്നാം സ്ഥാനം നേടി. ഊരക്കാട് സെന്റ് തോമസ് രണ്ടാം സ്ഥാനവും നീലഗിരി മാങ്കോട് സെന്റ് ജോർജ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഡിസ്ട്രിക്ട് വിഭാഗത്തിൽ മുടവൂർ ഒന്നാം സ്ഥാനവും പള്ളിക്കര രണ്ടാം സ്ഥാനവും അകപ്പറമ്പ് മൂന്നാം സ്ഥാനവും നേടി.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത മികവിന് സബ് ജൂനിയർ വിഭാഗത്തിൽ സുൽത്താൻ ബത്തേരി ജുവാൻ മറിയ എൽദോയും ജൂനിയർ വിഭാഗത്തിൽ ഊരക്കാട് മെർലിൻ എൽദോയും സീനിയർ വിഭാഗത്തിൽ വാഴപ്പിള്ളി അന്ന വർഗീസും പ്ലസ് ടു വിഭാഗത്തിൽ കുറുപ്പംപടി നിയ അന്ന പോളും കലാതിലകങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.
പുത്തൻകുരിശിലെ എം.ജെ.എസ്.എസ്.എ ആസ്ഥാനത്തും സെന്റ് അത്തനേഷ്യസ് എം.ജെ.എസ്.എസ്.എ സെന്റിനറി ക്യാമ്പ് സൈറ്റിലുമായി വിപുലമായ ക്രമീകരണങ്ങളോടെയാണ് ദേശീയ കലോത്സവ മത്സരങ്ങൾ സംഘടിപ്പിച്ചത്. ഒൻപത് വേദികളിലായി അഞ്ച് വിഭാഗങ്ങളിൽ 18 മത്സരയിനങ്ങൾ നടന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ ഇടവകകളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികളും അധ്യാപകരും കലോത്സവത്തിൽ പങ്കെടുത്തു. വിവിധ മേഖലകളിൽനിന്നുള്ള പ്രതിഭകളുടെ പങ്കാളിത്തംകൊണ്ട് കലോത്സവം ശ്രദ്ധേയമായി.
പുത്തൻകുരിശ് എം.ജെ.എസ്.എസ്.എ ആസ്ഥാനത്ത് നടന്ന സമാപന സമ്മേളനത്തിൽ എം.ജെ.എസ്.എസ്.എ പ്രസിഡന്റ് അഭിവന്ദ്യ മോർ യൂലിയോസ് ഏലിയാസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫാ. ഷിബിൻ പോൾ, സഭാ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, ജനറൽ സെക്രട്ടറി എൽദോ ഐസക്, കലോത്സവ സെക്രട്ടറി പി.വി. ജേക്കബ്, കൺവീനർമാരായ പി.ഐ. കുര്യാക്കോസ്, അവിനേഷ് തണ്ടാശ്ശേരിൽ, ട്രഷറർ എം.കെ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായ ടി.ടി. ജോയ്, സി.പി. ബെന്നി, പി.വൈ. ജോൺസൻ, ജോൺ ജോസഫ്, ജയസ് ജോൺ, എം.പി. മാണി, ബിജു ജോൺ, കെ.കെ. ബിജു തുടങ്ങിയവർ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകി.




