പുത്തൻകുരിശ് ● ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യ കാർമികത്വത്തിൽ നവംബർ 13-ന് മലങ്കരയിൽ നടത്തപ്പെടുന്ന വിശുദ്ധ മൂറോൻ കൂദാശയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം 1876-ലെ മുളന്തുരുത്തി സുന്നഹദോസ് നടന്ന മുളന്തുരുത്തി വിശുദ്ധ മർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽനിന്ന് ദീപപ്രയാണം ആരംഭിക്കും. വൈകിട്ട് 5-മണിക്ക് പുത്തൻകുരിശിലെത്തുന്ന ദീപപ്രയാണത്തിനു ശേഷം പ്രാർഥന നടത്തും. തുടർന്ന് ദീപത്തിൽനിന്ന് അഗ്നി പകർന്ന് വിശുദ്ധ മൂറോൻ കൂദാശയ്ക്കാവശ്യമായ തൈലം ഒരുക്കുന്നതിനുള്ള ശുശ്രൂഷകൾക്ക് തുടക്കമാകും.
2004 സെപ്റ്റംബർ 25-നുശേഷം മലങ്കരയിൽ നടക്കുന്ന വിശുദ്ധ മൂറോൻ കൂദാശയെന്ന പ്രത്യേകതയും ഇത്തവണത്തെ ചടങ്ങിനുണ്ട്. 2026 നവംബർ 13 വെള്ളിയാഴ്ച പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലിലാണ് കൂദാശ നടക്കുക. പരിശുദ്ധ പാത്രിയർക്കീസ് ബാവ മുഖ്യ കാർമികത്വവും ശ്രേഷ്ഠ കാതോലിക്ക ബാവ സഹകാർമികത്വവും വഹിക്കും. സഭയിലെ മെത്രാപ്പോലീത്താമാരും ശുശ്രൂഷകളിൽ സംബന്ധിക്കും.
പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് ബാവ മലങ്കരയിൽ ആദ്യമായി വിശുദ്ധ മൂറോൻ കൂദാശ നിർവഹിച്ച 1876-ലെ മുളന്തുരുത്തി സുന്നഹദോസിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ കൂദാശ ക്രമീകരിച്ചിരിക്കുന്നത്. മലങ്കര സുറിയാനി സഭയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായത്തിന്റെ സ്മരണ പുതുക്കുന്ന ചടങ്ങിനായി വിശ്വാസസമൂഹം ഒരുങ്ങുകയാണ്.
