ഇടുക്കി ● കോതമംഗലം മാർ തോമാ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് ഹൈറേഞ്ചിൽ നിന്ന് ഉൾപ്പെടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാൽനട തീർഥാടനത്തിന് ഇന്ന് തുടക്കമായി. പ്രധാന പെരുന്നാൾ ദിവസമായ ഒക്ടോബർ 2-ന് ചെറിയപള്ളിയിൽ എത്തിച്ചേരും വിധമാണ് തീർഥയാത്രാ ക്രമീകരണം.
ഹൈറേഞ്ച് മേഖലാ തീർഥയാത്ര ഇന്ന് രാവിലെ 6.30-നു കോവിൽക്കടവ് സെന്റ് ജോർജ് പള്ളിയിൽ നിന്നും, 7 മണിക്ക് നെടുങ്കണ്ടം സെന്റ് മേരീസ് പള്ളിയിൽ നിന്നും ആരംഭിച്ചു. ഇടുക്കി മേഖലാ യാത്ര നാളെ രാവിലെ 6-നു കട്ടപ്പന പള്ളിയിൽ നിന്നും, തെക്കൻ മേഖലാ യാത്ര നാളെ രാവിലെ 4-നു മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ നിന്നും തുടങ്ങും. യാത്ര കടന്നു വരുന്ന വഴികളിലെ പള്ളികളിലെല്ലാം സ്വീകരണം നൽകും. ഒക്ടോബർ 2-നു വിവിധ പള്ളികളിൽ നിന്നുള്ള തീർഥയാത്രകൾ കുടി കോതമംഗലത്തു സംഗമിച്ചു വൈകിട്ട് അഞ്ചോടെ കബറിലെത്തും.


