കോട്ടയം ● മികച്ച സ്ട്രക്ചറൽ എൻജിനീയർക്കുള്ള ലെൻസ്ഫെഡ്–ഏഷ്യാനെറ്റ് ന്യൂസ് പുരസ്കാരം ഫാ. ഡോ. ബെന്നറ്റ് കുര്യാക്കോസ് കരസ്ഥമാക്കി. നിർമാണകലയിലെ വ്യത്യസ്ത ആശയങ്ങളെ നൂതന എൻജിനീയറിങ് സാങ്കേതികവിദ്യകളിലൂടെ യാഥാർഥ്യമാക്കിയതിനാണ് ഈ അംഗീകാരം. ഏറ്റുമാനൂർ മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ചാപ്പലിന്റെ സഹവികാരിയായ അദ്ദേഹം പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് വിഭാഗം പ്രൊഫസറും ഗവേഷണ വിഭാഗം ഡീനുമായി സേവനമനുഷ്ഠിക്കുന്നു.
വിവിധ ദൈവാലയങ്ങൾ, ബഹുനില കെട്ടിടങ്ങൾ, വീടുകൾ, പാലങ്ങൾ എന്നിവയുടെ ഘടനാരൂപകൽപ്പന നിർവഹിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ കമ്പനികളുടെ സിവിൽ എൻജിനീയറിങ് ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.
കോതമംഗലം മോർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജിൽനിന്ന് ബി.ടെക്. നേടിയ ബഹുമാനപ്പെട്ട അച്ചൻ, തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് സ്വർണമെഡലോടെ എം.ടെക്. പൂർത്തിയാക്കി. തുടർന്ന് ആണവനിലയങ്ങളുടെ അടിത്തറയെക്കുറിച്ചുള്ള ഗവേഷണത്തിന് ഐ.ഐ.ടി. മദ്രാസിൽനിന്ന് ഡോക്ടറേറ്റ് നേടി. ബസ്ക്യാമ ടിന്റുവും, മക്കളായ ആരാധനയും, എഫ്രേമും ബഹുമാനപ്പെട്ട അച്ചന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്.
