ബൺബറി ● ഓസ്ട്രേലിയയിലെ ബൺബറി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി അംഗങ്ങളായ മലയാളി സഹോദരങ്ങൾ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. അൽഫി ബേസിൽ എൽദോസും അശ്വിൻ ബേസിൽ എൽദോസുമാണ് അപൂർവ നേട്ടത്തിലൂടെ മലയാളികൾക്ക് അഭിമാനമായത്. ബൺബറി കാത്തലിക് കോളേജിലെ വിദ്യാർത്ഥിയായ ഏഴുവയസ്സുകാരൻ അൽഫി ബേസിൽ എൽദോസ് ഒരു മിനിറ്റിനുള്ളിൽ 73 നക്ഷത്രരാശികൾ (Constellations) തിരിച്ചറിഞ്ഞാണ് ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ ഒരു മിനിറ്റിൽ 43 നക്ഷത്രരാശികൾ തിരിച്ചറിഞ്ഞിരുന്ന മുൻ റെക്കോർഡാണ് അൽഫി മറികടന്നത്. ബൺബറിയിലെ സെന്റ് ജോസഫ് പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ അഞ്ചുവയസ്സുകാരൻ അശ്വിൻ ബേസിൽ എൽദോസ് 30 സെക്കൻഡിനുള്ളിൽ 43 അമേരിക്കൻ പ്രസിഡന്റുമാരുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഗിന്നസ് ലോക റെക്കോർഡിൽ ഇടം നേടി. 40 ചിത്രങ്ങൾ തിരിച്ചറിഞ്ഞതായിരുന്നു ഇതിലെ മുൻ റെക്കോർഡ്.
ഏകദേശം രണ്ട് വർഷത്തെ കഠിന പരിശീലനവും അർപ്പണബോധവും നിരന്തര പരിശ്രമവുമാണ് ഇരുവരെയും ഈ അപൂർവ നേട്ടത്തിലേക്ക് നയിച്ചത്. മെമ്മറി ട്രെയിനിംഗ് രംഗത്ത് വർഷങ്ങളായുള്ള പരിചയസമ്പത്തുള്ള പരിശീലക ശാന്തി സത്യനും അനിത് സൂര്യയും നൽകിയ പരിശീലനം വിജയത്തിൽ നിർണായകമായി. മാതാപിതാക്കളായ എൽദോസ് വർഗീസിന്റെയും ബിൻസി എൽദോസിന്റെയും പിന്തുണയും പ്രോത്സാഹനവും നേട്ടത്തിന് കരുത്തേകി. പെരുമ്പാവൂർ മേഖലയിലെ നെല്ലിമോളം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ് അൽഫിയുടെയും അശ്വിന്റെയും മാതൃ ഇടവക.
അപൂർവ ഓർമ്മശക്തിയും പ്രതിഭയും കൊണ്ട് ലോക റെക്കോർഡിൽ ഇടം നേടിയ അൽഫിക്കും അശ്വിനും ഇനിയും നിരവധി ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

