കുന്നക്കുരുടി ● അങ്കമാലി ഭദ്രാസനം പെരുമ്പാവൂർ മേഖലയിലെ കുന്നക്കുരുടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ അഖില മലങ്കര തലത്തിൽ സംഘടിപ്പിച്ച ശുശ്രൂഷക സംഘങ്ങളുടെ ആരാധനാഗീത മത്സരം ‘സൊഗ്ദൂസോ’ (SOGDOOSO) ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വിവിധ പള്ളികളിൽ നിന്നും ചാപ്പലുകളിൽ നിന്നുമുള്ള ശുശ്രൂഷക സംഘങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
മത്സരത്തിൽ വേങ്ങൂർ മാർ കൗമാ ശുശ്രൂഷക സംഘം ഒന്നാം സ്ഥാനവും, മംഗലത്തുനട സെന്റ് ജോർജ്ജ് ചാപ്പൽ ശുശ്രൂഷക സംഘം രണ്ടാം സ്ഥാനവും, പാറേത്തുമുകൾ സെന്റ് തോമസ് പള്ളി ശുശ്രൂഷക സംഘം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെരുമ്പാവൂർ മേഖലാധിപൻ മോർ അഫ്രേം മാത്യൂസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. തുടർന്ന് വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വന്ദ്യ വർഗീസ് വാലയിൽ കോറെപ്പിസ്കോപ്പ, ഫാ. സജി ജോബ് മുണ്ടക്കൽ, ഫാ. ഷിബു പോൾ കുരുമോളത്ത് എന്നിവർ സംബന്ധിച്ചു.
പള്ളിയുടെ ജൂബിലിയോട് അനുബന്ധിച്ച്, മദ്ബഹ ശുശ്രൂഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആരാധനാഗീത മത്സരം സംഘടിപ്പിച്ചതാണ് ‘സൊഗ്ദൂസോ’ (ആരാധന) യുടെ പ്രധാന പ്രത്യേകത. വിശുദ്ധ കുർബാന ക്രമം, ആണ്ടുതക്സ, കന്തിലക്രമം, കഹ്നൈത്താ, ഹാശാ ആഴ്ച ക്രമം എന്നിവയിൽ നിന്നുള്ള ആരാധനാഗീതങ്ങളാണ് മത്സരത്തിനായി ഉൾപ്പെടുത്തിയത്. മലയാളത്തിലും സുറിയാനിയിലുമായി ഓരോ ഗാനം വീതം മത്സരാർത്ഥികൾ ആലപിച്ചു.
ആരാധനാ പാരമ്പര്യത്തിന്റെ ആഴവും സംഗീതത്തിന്റെ മാധുര്യവും ഒരുമിച്ചുചേർന്ന ‘സൊഗ്ദൂസോ’ മത്സരം വിശ്വാസികൾക്ക് ആത്മീയ ഉണർവേകുന്ന അനുഭവമായി മാറി. ആരാധനാഗീതങ്ങളിലൂടെ സഭയുടെ പാരമ്പര്യവും വിശ്വാസപൈതൃകവും പുതുതലമുറയിലേക്ക് പകരുന്നതിനുള്ള വേദിയായും മത്സരം ശ്രദ്ധേയമായി.
പള്ളി വികാരി ഫാ. പോൾ തോമസ് ആയത്തുകുടി, ട്രസ്റ്റിമാരായ സജി പി. ഏലിയാസ് പുത്തയത്ത്, ബേസിൽ കെ. ജേക്കബ് കീപ്പനശ്ശേരിൽ, സെക്രട്ടറി എ.വി. പൗലോസ് എടക്കുടി, ശുശ്രൂഷകരായ വി. വർക്കി, ബേബി വർഗീസ്, ജോബി വർഗീസ്, എൽദോ വിനോമ്പി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.



