മുളന്തുരുത്തി ● നീതി നിഷേധത്തിന്റെ ആറു വർഷങ്ങൾ പിന്നിട്ടിട്ടും അവകാശങ്ങൾക്കായുള്ള പോരാട്ടം തുടരുകയാണ് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകാംഗങ്ങൾ. ചിങ്ങപ്പുലരിയിലും ദൈവാലയ കൈയേറ്റത്തിന്റെ വേദനയും അനീതിയും പങ്കുവെച്ച് ഇടവകാംഗങ്ങൾ പ്രതിഷേധത്തിൽ അണിനിരന്നു.
2020 ആഗസ്റ്റ് 17-ന് ചിങ്ങപ്പുലരിയിൽ, മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്തീഡ്രലിൽ മൂന്ന് പള്ളികൾക്ക് മാത്രം ബാധകമായ വിധി മുൻനിർത്തി മഹാഭൂരിപക്ഷം വരുന്ന യാക്കോബായ സുറിയാനി സഭാ വിശ്വാസികളെ പുറത്താക്കി ഓർത്തഡോക്സ് വിഭാഗം ദൈവാലയം കൈയേറുകയായിരുന്നു. അന്ന് സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാർ ഉൾപ്പെടെയുള്ള വൈദികർക്കും വിശ്വാസികൾക്കും നേരെയുണ്ടായ മനുഷ്യത്വരഹിതമായ അതിക്രമങ്ങൾക്കൊടുവിലായിരുന്നു ദൈവാലയം കൈയേറിയത്. ആ സംഭവങ്ങളുടെ വേദന ഇന്നും വിശ്വാസികളുടെ മനസ്സിൽ മായാത്ത മുറിവായി തുടരുകയാണ്. ഈ സംഭവങ്ങളുടെ ഓർമ്മ പുതുക്കിയായിരുന്നു പ്രതിഷേധ സംഗമം.
വികാരി ഫാ. ഷമ്മി ജോൺ എരമംഗലത്ത്, ഫാ. മത്തായി കുളച്ചിറ, ഫാ. യൽദോസ് ആയപ്പിള്ളിൽ, ഫാ. ബേസിൽ പെറ്റയിൽ എന്നിവരും ട്രസ്റ്റിമാരായ റെജി കുര്യാക്കോസ്, അനിൽ പെനോടത്ത്, മത്തായി കുമുള്ളിൽ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
ആറ് വർഷം പിന്നിട്ടിട്ടും നീതി ലഭിച്ചിട്ടില്ലെന്ന വികാരമാണ് പ്രതിഷേധത്തിൽ ഉയർന്നത്. വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും പുറത്താക്കപ്പെട്ട വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ദൈവാലയത്തിൽ സമാധാനം നിലനിർത്തണമെന്നും ആവശ്യപ്പെട്ടാണ് ഇടവകാംഗങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചത്.
ഇടവകയുടെ വിശ്വാസപൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 2020 ആഗസ്റ്റ് 17-ന് ആരംഭിച്ച നിൽപ്പ് സഹനസമരവും ആറാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. 2026 ഫെബ്രുവരി 26-ന് സമരം 2000 ദിവസം പൂർത്തിയാക്കിയിരുന്നു. “യാക്കോബായ സുറിയാനി സഭയ്ക്ക് നീതി നൽകുക” എന്ന മുദ്രാവാക്യമുയർത്തിയാണ് സമരം തുടരുന്നത്.
ഇടവകയെ പ്രതിനിധീകരിച്ച് വിശ്വാസികൾ ദിവസേന വൈകിട്ട് 5.45 മുതൽ 6.30 വരെ ദൈവാലയത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തിവരുന്നു. പ്രതികൂല കാലാവസ്ഥയിലും 65 വയസ്സിന് മുകളിലുള്ള വിശ്വാസികൾ ഉൾപ്പെടെ നിരവധി പേർ സമരത്തിൽ സ്ഥിരമായി പങ്കെടുക്കുന്നത് ശ്രദ്ധേയമാണ്. “മരിക്കേണ്ടി വന്നാലും സത്യവിശ്വാസം കാത്തുസൂക്ഷിക്കും” എന്ന ഉറച്ച നിലപാടോടെയാണ് വിശ്വാസികൾ സമരരംഗത്ത് തുടരുന്നത്.
നീതി നിഷേധത്തിനെതിരെയും ആരാധനാ സ്വാതന്ത്ര്യത്തിനായും സത്യവിശ്വാസ സംരക്ഷണത്തിനായുമുള്ള പോരാട്ടം യാതൊരു തളർച്ചയുമില്ലാതെ തുടരുമെന്ന് ഇടവകാംഗങ്ങൾ വ്യക്തമാക്കി.
