കൊച്ചി ● സഭാ തർക്കത്തിന് ശാശ്വതവും സമാധാനപരവുമായ പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന നിർണായക ചർച്ചകളിൽ പങ്കെടുക്കാൻ അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി ശ്രേഷ്ഠ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവ കേരളത്തിൽ മടങ്ങിയെത്തി.
നെടുമ്പാശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ശ്രേഷ്ഠ കാതോലിക്ക ബാവായെ അഭിവന്ദ്യ മോർ അത്താനാസിയോസ് ഏലിയാസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ സഭാ പ്രതിനിധികൾ സ്വീകരിച്ചു.
ഒക്ടോബർ അവസാനം വരെ നിശ്ചയിച്ചിരുന്ന അമേരിക്കൻ ഔദ്യോഗിക സന്ദർശനമാണ് സഭാ തർക്കപരിഹാരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളുടെയും ഹൈക്കോടതി വിധിയുടെയും പശ്ചാത്തലത്തിൽ ശ്രേഷ്ഠ കാതോലിക്ക ബാവ വെട്ടിച്ചുരുക്കിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ചകൾക്ക് സാഹചര്യമൊരുങ്ങിയതോടെയാണ് അമേരിക്കയിലെ വിവിധ സഭാ പരിപാടികളും വിശ്വാസി സംഗമങ്ങളും ഉൾപ്പെട്ട സന്ദർശനം അവസാനിപ്പിച്ച് ബാവ കേരളത്തിലേക്ക് മടങ്ങിയത്.
സഭാ തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാരുമായി നടക്കുന്ന ചർച്ചകളിൽ സഭയുടെ ഭാഗത്തുനിന്നുള്ള പരമാവധി സഹകരണം ഉറപ്പാക്കുകയാണ് മടക്കത്തിന്റെ പ്രധാന ലക്ഷ്യം. തർക്കത്തിന് സമാധാനപരവും നീതിപൂർവവുമായ പരിഹാരം ഉണ്ടാകണമെന്ന നിലപാട് സഭാ നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അമേരിക്കൻ സന്ദർശനം വെട്ടിച്ചുരുക്കി കേരളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് ന്യൂജേഴ്സിയിലെ അമേരിക്കൻ മലങ്കര അതിഭദ്രാസന ആസ്ഥാനത്ത് നോർത്ത് അമേരിക്ക-കാനഡ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യൽദോ മെത്രാപ്പോലീത്തയുമായി ശ്രേഷ്ഠ കാതോലിക്ക ബാവ കൂടിക്കാഴ്ച നടത്തി.
ദീർഘകാലമായി തുടരുന്ന സഭാ തർക്കത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ള നിർണായക ഘട്ടത്തിൽ സഭാധ്യക്ഷൻ തന്നെ സർക്കാർ ചർച്ചകൾക്കായി കേരളത്തിൽ തിരിച്ചെത്തിയത് സമാധാനപരമായ പ്രശ്നപരിഹാര ശ്രമങ്ങൾക്ക് സഭ നൽകുന്ന പ്രാധാന്യത്തി്റെ വ്യക്തമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകൾ ഫലപ്രദമാകുകയും സഭാ തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് വിശ്വാസിസമൂഹം.
