മലങ്കര സഭയുടെ കലുഷിത ഘട്ടത്തിൽ ശീമയിൽ നിന്ന് പരിശുദ്ധനായ മോർ ബസേലിയോസ് യൽദോ ബാവായ്ക്കൊപ്പം വന്ന് ഈ മണ്ണിൽ സത്യ വിശ്വാസത്തെ സംരക്ഷിക്കുകയും പുനസ്ഥാപിക്കുകയും ചെയ്ത പിതാവ് ആയിരുന്നു മോർ ഈവാനിയോസ് ഹിദായത്തുള്ള. ഹ്രസ്വ കാലം ആണ് ബാവ മലങ്കരയിൽ സേവനം അനുഷ്ഠിച്ചത് എങ്കിലും അത് ദീർഘ വീഷണത്തോടുള്ള പ്രവർത്തനമായിരുന്നു അദ്ദേഹത്തിന്റെത്.
മോർ ഈവാനിയോസ് ബാവ 17-ാംനൂറ്റാണ്ടിന്റെ ആദ്യ പാദത്തിൽ മൂസലിനു സമീപമുള്ള കാരകോശ് ഗ്രാമത്തിൽ ശമ്മോയുടെയും മസിറായുടെയും മകനായി ജനിച്ചു. ഹിദായത്ത് എന്നായിരുന്നു മാമോദിസ നാമം. ബാല്യം മുതലേ ഭക്തനായി ജീവിച്ച ഈ പിതാവ് യൗവന ആരംഭത്തിൽ തന്നെ സന്യാസ ജീവിതം തിരഞ്ഞെടുത്തു. അദ്ദേഹം മോർ ബഹനാമിന്റെ ദയറായിൽ ഒരു സന്യാസിയായി ചേർന്നു. തുടർന്ന് വൈദിക സ്ഥാനങ്ങൾ സ്വീകരിച്ചു. ബഹനാമിന്റെ ദയറായിൽ അബ്ദുൽ മിശിഹാ ജുമുആ എന്ന മല്പാന്റെ കീഴിൽ അദ്ദേഹം വിദ്യ അഭ്യസിച്ചു. ചുരുങ്ങിയ കാലം കൊണ്ട് സുറിയാനി വേദ ശാസ്ത്രം തത്വശാസ്ത്രം തുടങ്ങിയവയിൽ ആഴത്തിൽ അറിവ് നേടിയ ഈ പിതാവ് അനേക നമസ്കാര ക്രമങ്ങൾ പകർത്തി എഴുതി. അതോടൊപ്പം അപ്രേമിയൻ വൃത്തത്തിൽ (7 സ്ലിബിളുകളുള്ള വൃത്തം ) കന്യക മറിയാമിനെ കുറിച്ചുള്ള ഒരു ഗീതം അദ്ദേഹം രചിച്ചു.
യൽദോ ബാവായോടൊപ്പം മലങ്കരയിലേക്ക്.
കൂനൻകുരിശിന് ശേഷം മലങ്കരയിലേക്ക് വന്ന യെരുശലേം മെത്രാപ്പോലീത്ത അബ്ദുൾ ജലീൽ മോർ ഗ്രീഗോറിയോസ് ബാവ മാർത്തോമാ ഒന്നാമനെ വാഴിച്ചതോട് കൂടി മുറിഞ്ഞു പോയ അന്തിയോക്യ മലങ്കര ബന്ധം പുനസ്ഥാപിക്കപ്പെടുകയും അതോടൊപ്പം മലങ്കരയിൽ സുറിയാനി സഭയുടെ സത്യ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടു. മാർത്തോമാ ഒന്നാമന് ശേഷം ബാവ മാർത്തോമാ 2നെ വാഴിച്ചു. അദ്ദേഹം അന്നത്തെ പാത്രിയാർക്കീസ് ആയിരുന്ന ഇഗ്നാത്തിയോസ് അബ്ദെദ് മിശിഹാ 1 പാത്രിയാർക്കീസ് ബാവായ്ക്ക് ഒരു കത്ത് എഴുതി. അതിൽ അബ്ദുൾ ജലീൽ ബാവായുടെ സേവനത്തെ കുറിച്ച് പറഞ്ഞു. തുടർന്ന് ആ കത്തിൽ ലത്തിൻ കാരുടെ തുടർ പീഡനത്തെ കുറിച്ച് പറയുന്നു. അതോടൊപ്പം മലങ്കരയിൽ പട്ടങ്ങൾ നൽകുവാനും വൈദികർക്ക് വിദ്യാഭ്യാസം നൽകുവാനും വേണ്ടി ഒരു മെത്രാപ്പോലീത്തയും ഏതാനും വൈദികരെ അയച്ചു നൽകണമെന്ന് മാർത്തോമാ രണ്ടാമന്റെ കത്തിലൂടെ ബാവായോട് അപേക്ഷിച്ചു.
1684 ൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവ വി.മുറോൻ കൂദാശ നടത്തിയ ശേഷം ആ ചടങ്ങിൽ മലങ്കരയിലെ സഭയും മക്കളും അനുഭവിക്കുന്ന പീഡകളെ കുറിച്ച് ബാവ പറഞ്ഞു. ഈ അവസ്ഥയിൽ ആ മക്കളെ കരുതുവാൻ ശീമയിൽ നിന്ന് ആരെങ്കിലും മലങ്കരയിലേക്ക് പോവണം എന്ന് ബാവ പറഞ്ഞപ്പോൾ 92-ാം വയസുള്ള കിഴക്കിന്റെ മപ്രിയാനോ മോർ ബസേലിയോസ് യൽദോ ബാവ താൻ പോകുവാൻ തയ്യാർ ആണെന്ന് പറഞ്ഞു. അത് പ്രകാരം ബാവായുടെ യാത്ര സംഘത്തിൽ ഹിദായത്തുള്ള റമ്പാച്ചനെയും ഉൾപ്പെട്ടു.
പരിശുദ്ധ യൽദോ ബാവ യാത്ര തിരിക്കും മുൻപ് ഹിദായത്തുള്ള റമ്പാനെ മോർ ഇവാനിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയായി വാഴിച്ചു. (പല പുസ്തകങ്ങളിലും ഹിദായത്തുള്ള റമ്പാനെ കോതമംഗലം ചെറിയ പള്ളിയിൽ വെച്ച് വാഴിച്ചു എന്ന് ആണ് അത് പൂർവികർക്ക് സംഭവിച്ച ഒരു തെറ്റ് എന്ന് പറയാം കാരണം ഹൂദായ കാനോൻ പ്രകാരം ഒരു മെത്രാപ്പോലീത്തയെ വാഴിക്കുവാൻ 3 മെത്രാപ്പോലീത്തമാർ വേണം ഒരാൾക്ക് തനിച്ചു കഴിയില്ല. അത് പ്രകാരം യൽദോ ബാവ ശീമയിൽ വെച്ച് ഇവാനിയോസ് എന്ന പേരിൽ എപ്പിസ്കോപ്പയാക്കുകയും കോതമംഗലം ചെറിയ പള്ളിയിൽ വെച്ച് മെത്രാപ്പോലീത്തയായി ഉയർത്തി കൊണ്ട് സുന്ത്രോണിസോ ആണ് നടത്തിയെന്ന് ഉറപ്പിക്കാം കാരണം സുന്ത്രോണിസോയ്ക്ക് പാത്രിയാർക്കീസ് അല്ലെങ്കിൽ കാതോലിക്ക ബാവയോ മതി ).
തുടർന്ന് യൽദോ ബാവായും സംഘവും പല നാടുകൾ സഞ്ചരിച്ച് ഒടുവിൽ കോതമംഗലം ദേശത്ത് എത്തി. ബാവായും ഹിദായത്തുള്ള ബാവായും ഒഴികെ ബാക്കിയുള്ളവർ യാത്രക്കിടയിൽ മരിച്ചു. ഒരു നായർ യുവാവിന്റെ സഹായത്തോടെ യൽദോ ബാവ ആദ്യം കോതമംഗലം ചെറിയ പള്ളിയിൽ എത്തി. പിന്നീട് വൈദികർ മുഖേന ഹിദായത്തുള്ള ബാവായെ കോതമംഗലം ചെറിയ പള്ളിയിൽ എത്തി. 1685 സെപ്റ്റംബർ 14 സ്ലീബ പെരുന്നാൾ ദിവസം യൽദോ ബാവ ഹിദായത്തുള്ള ബാവായെ എപ്പിസ്കോപ്പയിൽ നിന്ന് മെത്രാപ്പോലീത്തയായി ഉയർത്തി. ബാവ ഇവാനിയോസ് ബാവയ്ക്ക് ഇങ്ങനെ ഒരു ഉപദേശം നൽകി. “മകനെ ഈ മക്കളെ പറങ്കി വിശ്വാസത്തിൽ നിന്ന് മുക്തമാക്കണം.” തുടർന്ന് ഹിദായത്തുള്ള ബാവ യെൽദോ ബാവയ്ക്ക് കന്തീല ശ്രശ്രുഷ നടത്തി.
പുണ്യവാനായ യൽദോ ബാവ 1685 കന്നി 19 ന് (ഒക്ടോബർ 2) ന് കാലം ചെയ്തു. കന്നി 20 ന് (ഒക്ടോബർ 3) കോതമംഗലം ചെറിയ പള്ളിയിൽ കബറടക്കപ്പെട്ടു. ബാവായുടെ കബറിൽ ഹിദായത്തുള്ള ബാവ ഒരു ശോശാപ്പയും ഒരു തബ്ലെത്തയും സമർപ്പിച്ചു.
ഹിദായത്തുള്ള ബാവായുടെ സത്യ വിശ്വാസ പോരാട്ടം.
പരിശുദ്ധ യെൽദോ ബാവ കാലം ചെയ്ത ശേഷം ബാവ പറഞ്ഞ വാക്കുകൾ അക്ഷരം പ്രതി ഹിദായത്തുള്ള ബാവ പാലിച്ചു. മാർത്തോമാ രണ്ടാമനോടൊപ്പം അദ്ദേഹം സത്യ വിശ്വാസ പോരാട്ടം ആരംഭിച്ചു. പരിശുദ്ധ ബാവ ആദ്യം മലങ്കരയിലുള്ള ദേവാലയങ്ങൾ സന്ദർശിക്കുകയും അവിടെയുള്ള വിശ്വാസികളെ സത്യ വിശ്വാസികളെ അരക്കെട്ട് ഉറപ്പിക്കുന്ന വിധത്തിൽ വേണ്ട ഉപദേശങ്ങൾ നൽകി. പള്ളികളിലെ ലത്തിൻ ആചാരങ്ങൾ നീക്കി വൈദികർക്ക് വിദ്യാഭ്യാസം നൽകുകയും അവർക്ക് പട്ടം നൽകുകയും ചെയ്തു. ദേവാലയങ്ങളിൽ സുറിയാനി ക്രമങ്ങൾ കൂടുതൽ നടപ്പിലാക്കി. 3 സുന്നഹദോസുകളുടെ സത്യ വിശ്വാസം ത്രിത്വ വിശ്വാസം എന്നിവ അദ്ദേഹം ദേവാലയങ്ങളിൽ പ്രഘോഷിച്ചു. കൂടാതെ 1686 ചെങ്ങന്നൂർ പഴയ സുറിയാനി പള്ളിയിൽ വെച്ച് ഒരു പ്രാദേശിക സുന്നഹദോസ് വിളിച്ചു കൂട്ടി. അവിടെ സഭയുടെ കാനോനുകൾ നോമ്പുകൾ അടക്കം എല്ലാ വിശ്വാസ ക്രമങ്ങളും ഈ സുന്നഹദോസിലൂടെ നടപ്പിൽ വരുത്തി. ശത്രുക്കളുടെ ഭീഷണി ഉള്ളതിനാൽ ഇദ്ദേഹം പലപ്പോഴും രാത്രി കാലങ്ങളിൽ മരത്തിന്മേൽ കഴിയേണ്ടി വന്നു.
1686ൽ മാർത്തോമാ 2 മന്റെ കാല ശേഷം അദേഹത്തിന്റെ കുടുംബ അംഗവും തന്റെ ശിക്ഷ്യനുമായ വൈദികനെ മാർത്തോമാ 3 എന്ന പേരിൽ വാഴിച്ചു. പരിശുദ്ധ ബാവ കോതമംഗലം മാർത്തോമൻ ചെറിയ പള്ളി കണ്ടനാട് സെൻ്റെ.മേരീസ് യാക്കോബായ സുറിയാനി കത്രീഡൽ പള്ളി മണർകാട്, സെൻ്റെ. മേരീസ് യാക്കോബായ സുറിയാനി കത്രീഡൽ പള്ളി,കടമറ്റം സെൻ്റെ.ജോർജ് യാക്കോബായ സുറിയാനി പള്ളി,ചെങ്ങന്നൂർ പഴയ സുറിയാനി പള്ളി എന്നി പള്ളികളിൽ അദ്ദേഹം സന്ദർശിച്ചിട്ടുണ്ട്.
മലങ്കരയിൽ വെച്ച് ബാവ നമസ്കാര ക്രമങ്ങൾ അടക്കം കുറച്ചു ഗ്രന്ഥങ്ങൾ ബാവ പകർത്തി എഴുതിട്ടുണ്ട്.
അതിൽ ഒരു പട്ടം കൊട പുസ്തകം കടമറ്റം പള്ളിയിൽ വെച്ച് ആണ് ബാവ പൂർത്തികരിച്ചത്. അതിൽ ഇങ്ങനെ രേഖപെടുത്തുന്നു.
“പാത്രിയാർക്കീസായ മോർ ഇഗ്നാത്തിയോസ് മിശിഹാ ദൈവം അദേഹത്തിന്റെ പാത്രിയർക്കാ സിംഹാസനത്തെ ആദരിക്കുകയും അദേഹത്തിന്റെ പ്രാർഥനകളാൽ ഞങ്ങൾക്ക് മോചനം നൽകട്ടെ. ഈ പകർത്തെഴുത്തുകാരാനായ ഞാനും കാതോലിക്ക (മാപ്രിയാനോ )യൽദോയും ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോൾ എഴുതപ്പെട്ടു. ബസ്രയിൽ വെച്ച് ഞാനിത് ആരംഭിച്ചു എന്നാൽ പൂർത്തിയാക്കുവാൻ സാധിച്ചില്ല. മോർ ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്ഥാപിതമായ കടമറ്റം പള്ളിയിൽ വെച്ച് യൗനായ വർഷം 2001(1690) പൂർത്തികരിച്ചു. ഇത് വായിക്കുന്ന എല്ലാവരോടും ബലഹീനനും പാപിയും നാമമാത്ര മെത്രാനുമായ ഹിദായത്ത് ഇവാനിയോസിനു വേണ്ടി പ്രാർഥിക്കുവാൻ അപേഷിക്കുന്നു. കൂടാതെ എന്റെ മാതാപിതാക്കളായ ശമ്മോയ്ക്ക് വേണ്ടിയും മശിറോയ്ക്ക് വേണ്ടിയും എന്റെ സഹോദരങ്ങളായ ദാവൂദ്, ഹ്ദ്ബ്, ശാബാ ശെമ്മാശ്ശൻ എന്നിവർക്കും വേണ്ടിയും സഹോദരങ്ങളായ സാറാ ഖാത്തുൺ, ചർക്കാസ് എന്നിവർക്കും വേണ്ടിയും പ്രാർത്ഥിക്കണമേ. ഒപ്പം യ്ഗ്മൂർ, ഇബ്രാഹിം,ഖുശാബാ, ശൂശന്ന, മിസ്റാ, ശെമ്മാശ്ശന്മാരായ യൽദോ, യുഹന്നാ എന്നിവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ.”
പരിശുദ്ധ ബാവ മലങ്കരയിൽ പല പള്ളികളും പുനർ നിർമിച്ചു കൂദാശ ചെയ്തിട്ടുണ്ട്.
റാക്കാട് നേർച്ച പള്ളിയും ഹിദായത്തുള്ള ബാവയും.
പരിശുദ്ധ യെൽദോ ബാവ താനും സംഘവും മലങ്കരയിൽ സുരക്ഷിതമായി എത്തിയാൽ സ്വന്തം ചിലവിൽ മാതാവിന്റെ നാമത്തിൽ ഒരു പള്ളി പണിയാമെന്ന് നേർന്നു. പെട്ടെന്നുള്ള ബാവായുടെ നിര്യാണം മൂലം അത് നടന്നില്ല. എന്നാൽ ഹിദായത്തുള്ള ബാവ ആ നേർച്ച നടത്തുവാൻ തീരുമാനിച്ചു.
ആ സമയത്തു കടമറ്റം ഇടവകയിൽ കൂടി വരുന്ന റാക്കാട് ദേശത്തെ വിശ്വാസികൾ ദീർഘ യാത്രയുടെ ബുദ്ധിമുട്ട് നിമിത്തം റാക്കാട് ദേശത്ത് ഒരു പള്ളി സ്ഥാപിക്കുവാൻ തീരുമാനിച്ചു. അങ്ങനെ അവർ കോതമംഗലം ചെറിയ പള്ളിയിൽ ചെന്ന് ബാവായോട് കാര്യങ്ങൾ പറഞ്ഞു. ബാവ പള്ളിക്കുള്ള അനുവാദം കൊടുത്തു. എന്നാൽ പള്ളി തന്റെ ചിലവിൽ ആയിരിക്കും നടത്തുക എന്ന് പറഞ്ഞു. അത് വിശ്വാസികൾ സമ്മതിച്ചു. അങ്ങനെ ബാവ റാക്കാട് പള്ളി സ്വന്തം ചിലവിൽ പണി കഴിപ്പിച്ചു. തുടർന്ന് 1687 ഡിസംബർ 3 ന് (വൃശ്ചികം 20) ബാവ പള്ളിയുടെ കൂദാശ നടത്തി. ആ ദിവസം യെൽദോ ശീമയിൽ നിന്ന് കൊണ്ട് വന്ന കാസ പീലാസ, ധൂപ കുറ്റി മറ്റു വസ്തുക്കൾ ദേവാലയത്തിനു നൽകി. ഇവ ഡിസംബർ 3 നും ഓഗസ്റ്റ് 16 പെരുന്നാളുകൾക്കുള്ള ആണ് വിശുദ്ധ കുർബാന ദിവസം ഉപയോഗിക്കുന്നത്. അങ്ങനെ ഈ പള്ളിക്ക് നേർച്ച പള്ളി എന്ന പേര് ലഭിച്ചു.
1688 ൽ 3 മാർത്തോമാ കാലം ചെയ്തു. തുടർന്ന് പിൻഗാമിയായി ഹിദായത്തുള്ള ബാവ 4 മാർത്തോമായെ വാഴിച്ചു. (ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ ഈ സ്ഥാനരോഹണം നടന്നത് മണർകാട് പള്ളിയിൽ വെച്ച് ആണ് ).
9 വർഷത്തെ സത്യ വിശ്വാസ പോരാട്ടം പൂർത്തികരിച്ചു കൊണ്ട് ഹിദായത്തുള്ള മോർ ഈവാനിയോസ് ബാവ 1694 ഓഗസ്റ്റ് 16 (ചിങ്ങം 3) ന് മുളന്തുരുത്തി മാർത്തോമൻ യാക്കോബായ സുറിയാനി കത്രീഡലിൽ വെച്ച് കാലം ചെയ്തു. മലങ്കരയുടെ 4 മാർത്തോമായുടെ മുഖ്യ കാർമികത്വത്തിൽ ബാവായെ മുളന്തുരുത്തി പള്ളിയുടെ വിശുദ്ധ മദ്ബഹയുടെ തെക്ക് വശത്ത് കബറടക്കി. (2006 ൽ കബർ പുതുക്കി പണിതു കബർ തുറന്നപ്പോൾ അസ്ഥികൾക്ക് അടക്കം ഒരു കെടുപ്പാട്മില്ലെന്ന് ഇടവകകാർ പറയുന്നു. ഈ അസ്ഥികളിൽ അൽപ്പം റാക്കാട് പള്ളിയിൽ സ്ഥാപിച്ചു). ഇദ്ദേഹത്തെ തെക്കേ കബറിങ്കൽ ബാവ എന്നറിയപ്പെടുന്നു. ഈ പുണ്യ പിതാവിന്റെ ഓർമ്മ ആഗസ്റ്റ് 16 ന് സഭ ആചരിക്കുന്നു.
